ഭോപ്പാൽ: കമൽനാഥ് സർക്കാറിെൻറ കാലുവാരി ബി.ജെ.പി പാളയത്തിലെത്തിയ ജ്യോതിരാദിത്യ സിന്ധ്യക്കും കുട്ടാളികൾക്കും അഭിമാനപോരാട്ടമാണ് വരാൻ പോകുന്ന മധ്യപ്രദേശ് നിയമസഭ ഉപതെരഞ്ഞെടുപ്പ്. സിന്ധ്യയുടെ വരവോടെ ബി.ജെ.പിയിൽ പാളയത്തിൽ പട തുടങ്ങിക്കഴിഞ്ഞതായി റിപോർട്ടുകൾ പുറത്തു വന്നിരുന്നു.
കഴിഞ്ഞ ആഴ്ചയാണ് മുഖ്യമന്ത്രി ശിവരാജ് സിങ് ചൗഹാൻ ഉപതെരഞ്ഞെടുപ്പിൽ ഒറ്റക്കെട്ടായി പ്രവർത്തിക്കാൻ ബി.ജെ.പി നേതാക്കളോട് ആവശ്യപ്പെട്ടത്. ഇതിന് പിന്നാലെ ഉപതെരഞ്ഞടുപ്പിൽ സിന്ധ്യയോടൊപ്പം വന്നവരടക്കമുള്ള മുഴുവൻ പാർട്ടി സ്ഥാനാർഥികളുടെയും വിജയം ഉറപ്പാക്കാൻ നേതാക്കൾക്ക് കർശന നിർദേശം നൽകിയിരിക്കുകയാണ് ബി.ജെ.പി ദേശീയ ജനറൽ സെക്രട്ടറി. ബി.എൽ. സന്തോഷ്.
സ്ഥാനാർഥി തോറ്റാൽ മണ്ഡലത്തിെൻറ ചുമതലയുള്ള നേതാക്കൾ നടപടി നേരിടേണ്ടി വരുമെന്ന മുന്നറിയിപ്പും സന്തോഷ് നൽകുന്നു. മണ്ഡലം ചുമതല വഹിക്കുന്നവരുടെയും ഉപതെരഞ്ഞെടുപ്പ് പ്രചാരണ കമ്മറ്റിയുമടങ്ങുന്ന അവലോകന യോഗത്തിലായിരുന്നു അദ്ദേഹത്തിെൻറ താക്കീത്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് വോട്ട് കുറഞ്ഞ ഒമ്പത് ദലിത് സീറ്റുകളിൽ കാര്യമായ ശ്രദ്ധ പതിപ്പിക്കാനും സന്തോഷ് നേതാക്കൾക്ക് നിർദേശം നൽകി.
'ഉപതെരഞ്ഞെടുപ്പിെൻറ ഒരുക്കങ്ങൾ വിലയിരുത്തുന്നതിനായിട്ടായിരുന്നു യോഗം. ഓരോ മന്ത്രിമാർക്കും മണ്ഡലങ്ങൾ വീതിച്ചു നൽകിയിട്ടുണ്ട്. അവർക്ക് അതിെൻറ ഉത്തരവാദിത്വമുണ്ടായിരിക്കും. കാര്യങ്ങൾ ബി.എൽ. ജോഷിജി കൃത്യമായി വിലയിരുത്തി'- ഉപതെരഞ്ഞെടുപ്പ് കമ്മറ്റിയുടെ ചുമതല വഹിക്കുന്ന മന്ത്രി ഭൂപേന്ദ്ര സിങ് പറഞ്ഞു.
27 സീറ്റുകളിലേക്കാണ് ഉപതെരഞ്ഞെടുപ്പ്. തിയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളിെല പ്രാദേശിക ബി.ജെ.പി നേതാക്കൾ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് ദേശീയ നേതൃത്വത്തിെൻറ ശാസന. പാർട്ടിക്കുള്ളിലെ അസ്വാരസ്യങ്ങൾ വെളിയിൽ വന്നതോടെ കൃഷി മന്ത്രി നരേന്ദ്ര സിങ് തോമറിനെ ഗ്വാളിയോറിലെ തെരഞ്ഞെടുപ്പ്് പ്രചാരണങ്ങൾക്ക് ചുക്കാൻ പിടിക്കാനായി ദേശീയ നേതൃത്വം ചുമതലപ്പെടുത്തിയിരുന്നു.
പ്രചാരണങ്ങളിൽ നിന്ന് വിട്ടുനിന്നിരുന്ന മുൻ എം.പി ജയ്ബൻ സിങ് പവയ്യ, മായ സിങ്, ലാൽ സിങ് ആര്യ എന്നിവരും യോഗത്തിനെത്തിയിരുന്നു. ഇവർക്ക് മണ്ഡലങ്ങൾ വീതിച്ചു നൽകുകയും ചെയ്തു. സിന്ധ്യയുമായി നീക്കുപോക്ക് സാധ്യമല്ലെന്ന് പരസ്യമായി പ്രഖ്യാപിച്ച നേതാവാണ് ജയ്ബൻ സിങ് പവയ്യ.
ദേവാസ് ജില്ലയിലെ അനൂപുർ മണ്ഡലത്തെ കുറിച്ച് പ്രത്യേക പരാമർശമുണ്ടായി. ഇവിടെ നിന്ന് കഴിഞ്ഞ മത്സരിച്ച് തോറ്റ രാംലാൽ റൗട്ടേല സിന്ധ്യ പക്ഷക്കാരനായ സ്ഥാനാർഥിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നില്ല.
ഉപതെരഞ്ഞെടുപ്പ് നടക്കുന്ന 27 സീറ്റുകളിൽ 16ഉം ഗ്വാളിയോർ -ചമ്പൽ മേഖലയിൽ നിന്നാണ്. സിന്ധ്യക്ക് സ്വാധീനമുള്ള മേഖലയിൽ ചൗഹാനൊപ്പമോ േതാമറിനൊപ്പമോ സന്ദർശനം നടത്തി തെരഞ്ഞെടുപ്പ് പ്രചാരണങ്ങൾക്ക് കൊഴുപ്പേകാൻ ദേശീയ നേതൃത്വം സംസ്ഥാന കമ്മറ്റിക്ക് നിർദേശം നൽകിയിരുന്നു.
വ്യാഴാഴ്ചയാണ് സിന്ധ്യയും ചൗഹാനും ചേർന്ന് അഞ്ച് ദിവസത്തെ സന്ദർശനത്തിന് തുടക്കം കുറിക്കുകയും ചെയ്തു. വിവിധ പദ്ധതികളുടെ തറക്കല്ലിട്ടും ഓരോ മണ്ഡലത്തിലും വികസന പദ്ധതികൾ തുടക്കം കുറിച്ചും ജനങ്ങളിലേക്ക് ഇറങ്ങിച്ചെല്ലാനാണ് നേതാക്കളുടെ സന്ദർശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.