ഡൽഹി: കർഷക നിയമങ്ങൾ പിൻവലിക്കാൻ മകനെ പറഞ്ഞ് സമ്മതിപ്പിക്കണമെന്ന് ആവശ്യെപ്പട്ട് പ്രധാനമന്ത്രി നേരന്ദ്രമോദിയുടെ മാതാവ് ഹീരാ ബെന്നിന് കത്തയച്ച് കർഷകൻ. പഞ്ചാബിൽ നിന്നുള്ള കർഷകനാണ് കത്തയച്ചത്. രാജ്യത്ത് വലിയ പ്രക്ഷോഭത്തിന് കാരണമായ മൂന്ന് കാർഷിക നിയമങ്ങൾ റദ്ദാക്കാൻ മകനെ പ്രേരിപ്പിക്കണെമന്ന് കത്തിൽ ആവശ്യപ്പെട്ടു. മോദിയുടെ മനസ്സ് മാറ്റാൻ അമ്മയെന്ന നിലയിൽ തന്‍റെ സ്വാധീനം ഉപയോഗിക്കണമെന്നും അദ്ദേഹം കുറിച്ചു.
പഞ്ചാബിലെ ഫിറോസ്പൂർ ജില്ലയിലെ വില്ലേജ് ഗോലു കാ മോദ് ഗ്രാമത്തിലെ കർഷകനായ ഹർപ്രീത് സിങ് ഹിന്ദിയിൽ എഴുതിയ കത്ത് ഏറെ വൈകാരികപരമാണ്. രാജ്യത്തിന് അന്നം നൽകുന്ന കർഷകർ പ്രതികൂലമായ കാലാവസ്ഥയിൽ ബുദ്ധിമുട്ടുകയാണെന്ന് കത്ത് പറയുന്നു. നിയമങ്ങൾ റദ്ദാക്കണമെന്ന ആവശ്യത്തിന്‍റെ ജനകീയ സ്വഭാവം, രാജ്യത്തെ പട്ടിണി തുടച്ചുനീക്കുന്നതിലും അതിർത്തികൾ സുരക്ഷിതമാക്കുന്നതിലും കർഷകരുടെ സംഭാവന എന്നിവയും കത്തിൽ വിവരിച്ചിട്ടുണ്ട്.
'ഞാൻ ഈ കത്ത് പ്രക്ഷുബ്ദമായ മനസോടെയാണ് എഴുതുന്നത്. മൂന്ന് കറുത്ത നിയമങ്ങൾ കാരണം ഈ ശൈത്യകാലത്ത് രാജ്യത്തെ അന്നദാതാക്കൾ ദില്ലിയിലെ റോഡുകളിൽ ഉറങ്ങാൻ നിർബന്ധിതരാകുന്നുവെന്ന് നിങ്ങൾക്കറിയാം. കടുത്ത ശൈത്യം ആളുകളെ രോഗികളാക്കുകയാണ്. അവർ രക്തസാക്ഷിത്വം വരിക്കുകയാണ്. ഇത് നമുക്കെല്ലാവർക്കും ആശങ്കയുണ്ടാക്കുന്നു' -സിങ് എഴുതി.
അദാനി, അമ്പാനി, മറ്റ് കോർപ്പറേറ്റുകൾ എന്നിവരുടെ നിർദേശപ്രകാരം പാസാക്കിയ മൂന്ന് കറുത്ത നിയമങ്ങളാണ് ദില്ലി അതിർത്തിയിലെ സമാധാനപരമായ പ്രക്ഷോഭത്തിന് കാരണമായതെന്നും അദ്ദേഹം കുറിച്ചു. കഴിഞ്ഞ സെപ്റ്റംബറിൽ പാർലമെന്‍റ് പാസാക്കിയ നിയമങ്ങളിൽ പ്രതിഷേധിച്ച് ഒന്നര മാസത്തിലേറെയായി ദില്ലിയിലും പരിസരത്തും തമ്പടിച്ചിരിക്കുന്ന ആയിരക്കണക്കിന് കർഷകരിൽ താനും ഉൾപ്പെടുന്നതായും ഹർപ്രീത് സിങ് എഴുതി. സർക്കാരുമായി നിരവധി തവണ ചർച്ചകൾ നടന്നിട്ടുണ്ടെങ്കിലും അവയൊന്നും പ്രശ്നം പരിഹരിച്ചില്ല.
'ഞാൻ ഈ കത്ത് വളരെയധികം പ്രതീക്ഷയോടെയാണ് എഴുതുന്നത്. നിങ്ങളുടെ മകൻ നരേന്ദ്ര മോദിയാണ് രാജ്യത്തിന്‍റെ പ്രധാനമന്ത്രി. അദ്ദേഹം പാസാക്കിയ കാർഷിക നിയമങ്ങൾ റദ്ദാക്കാൻ അദ്ദേഹത്തിന് കഴിയും. ഒരാൾക്ക് തന്‍റെ പറഞ്ഞാൽ അനുസരിക്കാതിരിക്കാനാവില്ലെന്ന് എനിക്ക് തോന്നുന്നു'- സിങ് എഴുതി.
'ഒരു അമ്മയ്ക്ക് മാത്രമേ മകനോട് ഉത്തരവിടാനാകൂ. അതിന് കഴിഞ്ഞാൽ രാജ്യം മുഴുവൻ നിങ്ങൾക്ക് നന്ദി പറയും'-കത്ത് അവസാനിപ്പിച്ചുകൊണ്ട് ഹർപ്രീത് സിങ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.