വയനാട് ഉരുൾപ്പൊട്ടൽ: കേരളത്തെ വിമർശിച്ച് ലേഖനങ്ങളെഴുതാൻ ശാസ്ത്രജ്ഞരോട് കേന്ദ്രം ആവശ്യപ്പെട്ടെന്ന്

ന്യൂഡൽഹി: വയനാട് ഉരുൾപ്പൊട്ടൽ ദുരന്തത്തെ തുടർന്ന് കേരളം കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുന്നതിനിടെ സംസ്ഥാനത്തെ വിമർശിച്ച് ലേഖനങ്ങളെഴുതാൻ ശാസ്ത്രജ്ഞരോട് കേന്ദ്രസർക്കാർ ആവശ്യപ്പെട്ടെന്ന് ആരോപണം. ന്യൂസ് മിനുറ്റ് പുറത്ത് വിട്ട റിപ്പോർട്ടിലാണ് ശാസ്ത്രജ്ഞരോട് കേരളത്തെ വിമർശിച്ച് ലേഖനമെഴുതാൻ പ്രസ് ഇൻഫർമേഷൻ ബ്യൂറോ ആവശ്യപ്പെട്ടുവെന്ന് പറയുന്നത്.

കേരള സർക്കാറിന്റെ തെറ്റായ നയങ്ങളാണ് വയനാട്ടിൽ ഉരുൾപ്പൊട്ടലിന് കാരണമായതെന്ന തരത്തിൽ ലേഖനങ്ങൾ ഏഴുതാൻ പ്രസ് ഇൻ​ഫർമേഷൻ ബ്യൂറോ മൂന്ന് പേരെ ബന്ധപ്പെട്ടുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്. കേരളത്തിൽ ക്വാറിയുടെ പ്രശ്നത്തെ കുറിച്ചുള്ള ​മുൻകാല വാർത്തകളുടെ ലിങ്കുകൾ ഉൾപ്പെടുത്തിയുള്ള ഒരു വേഡ് ഡോക്യുമെന്റ് അയച്ച് നൽകിയാണ് ഇത്തരത്തിൽ ലേഖനമെഴുതാൻ നിർദേശിച്ചിരിക്കുന്നത്.

ക്വാറികളുടെ പ്രവർത്തനവും ഖനനവും തടയുന്നതിൽ സംസ്ഥാന സർക്കാറിന് വീഴ്ച പറ്റിയെന്നും ഇത് വയനാട് ദുരന്തത്തിലേക്ക് നയിച്ചുവെന്നും ലേഖനത്തിൽ ഉൾപ്പെടുത്താൻ നിർദേശിച്ചിട്ടുണ്ട്. പാരിസ്ഥിതി ആഘാത വിലയിരുത്തലുകളില്ലാതെ ക്വാറികൾ അനുമതി നൽകിയത്, അനുവദനീയമല്ലാത്ത ക്വാറികളുടെ എണ്ണം, മണ്ണിടിച്ചിലുകളും ക്വാറികളും തമ്മിലുള്ള ബന്ധം എന്നിങ്ങനെ എഴുത്തുകാർ ലേഖനത്തിൽ ഊന്നിപ്പറയേണ്ട നിരവധി പോയിന്റുകളും ഇതിൽ പരാമർശിക്കുന്നുണ്ട്.

അതേസമയം, വയനാട് ദുരന്തം പാർലമെന്റിൽ ചർച്ചക്കെത്തിയപ്പോൾ തന്നെ കേരളത്തെ എതിർക്കുന്ന നിലപാടാണ് ആഭ്യന്തര മന്ത്രി അമിത് ഷാ സ്വീകരിച്ചത്. ഉരുൾപ്പൊട്ടലിനെ കുറിച്ച് കേരളത്തിന് മുന്നറിയിപ്പ് നൽകിയിരുന്നുവെന്ന് ലോക്സഭയിൽ അമിത് ഷാ പറഞ്ഞിരുന്നു. കേന്ദ്ര വനം-പരിസ്ഥിതി മന്ത്രിയും ഉരുൾപ്പൊട്ടൽ ദുരന്തത്തിൽ കേരളത്തെ കുറ്റപ്പെടുത്തിയിരുന്നു. 

Tags:    
News Summary - Environment Ministry seeks scientists to criticise Kerala government: Powertrip

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.