ബംഗളൂരു: ബി.ജെ.പി നേതൃത്വം തനിക്ക് ഗവർണർ പദവിയും മകൻ കെ.ഇ. കാന്തേശിന് എം.എൽ.സി സ്ഥാനവും വാഗ്ദാനം ചെയ്തതായി മുൻ ഉപമുഖ്യമന്ത്രിയും മുതിർന്ന നേതാവുമായ കെ.എസ്. ഈശ്വരപ്പ. ബുധനാഴ്ച ശിവമൊഗ്ഗയിൽ ബി.ജെ.പി പ്രവർത്തകരുടെ കൺവെൻഷനിൽ പങ്കെടുത്ത ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മകന് ലോക്സഭ ടിക്കറ്റ് നൽകാത്തതിൽ പ്രതിഷേധിച്ച് നേതൃത്വവുമായി അകന്ന് ശിവമൊഗ്ഗ ലോക്സഭ മണ്ഡലത്തിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കാൻ തീരുമാനിച്ചതിെൻറ ഭാഗമായാണ് ഈശ്വരപ്പ തന്നെ അനുകൂലിക്കുന്ന പ്രവർത്തകരുടെ കൺവെൻഷൻ സംഘടിപ്പിച്ചത്.ശിവമൊഗ്ഗ മണ്ഡലത്തിൽ താൻ വിജയിക്കുമെന്ന് ഈശ്വരപ്പ ആത്മവിശ്വാസം പ്രകടിപ്പിച്ചു. തെരഞ്ഞെടുപ്പ് ഫലങ്ങൾ വരുന്നതോടെ ബി.എസ്. യദിയൂരപ്പയുടെ മകൻ ബി.വൈ. വിജയേന്ദ്ര ബി.ജെ.പി സംസ്ഥാന പ്രസിഡൻറ സ്ഥാനത്തുനിന്ന് പുറത്താവും.
പാർട്ടിയിൽ യദിയൂരപ്പയുടെ കുത്തകവത്കരണമാണ് നടക്കുന്നതെന്ന് ഈശ്വരപ്പ ആവർത്തിച്ച് ആരോപിച്ചു. ഉഡുപ്പി -ചിക്കമഗളൂരു മണ്ഡലത്തിലെ അണികൾ വേണ്ടെന്ന് പറഞ്ഞ കേന്ദ്രമന്ത്രി ശോഭ കരന്ദ്ലാജെക്ക് യദിയൂരപ്പ ബംഗളൂരു നോർത്ത് മണ്ഡലം നൽകി. അദ്ദേഹത്തിെൻറ മകൻ ബി.വൈ. രാഘവേന്ദ്ര ശിവമൊഗ്ഗ സീറ്റിൽ മത്സരിക്കുന്നു.
മറ്റൊരു മകൻ വിജയേന്ദ്ര ബി.ജെ.പി സംസ്ഥാന അധ്യക്ഷനാണ് -അദ്ദേഹം പറഞ്ഞു.
"അച്ഛൻ ആരോടും വഞ്ചന കാണിച്ചിട്ടില്ല. അച്ഛനോടും ആരും ചതി കാണിച്ചിട്ടില്ലായിരുന്നു. എന്നാൽ ഇത്തവണ യദിയൂരപ്പ അച്ഛനെ പറഞ്ഞു പറ്റിച്ചു.
എനിക്ക് വേണ്ടി പ്രചാരണം നടക്കുന്നതിനിടെയാണ് സീറ്റ് ഇല്ലെന്ന് അറിയുന്നത്"- ഈശ്വരപ്പയുടെ മകൻ കാന്തേശ് പറഞ്ഞു.
കർണാടക ബി.ജെ.പി തെരഞ്ഞെടുപ്പ് ചുമതലയുള്ള ദേശീയ ജനറൽ സെക്രട്ടറി രാധാമോഹൻദാസ് അഗർവാൾ ഈശ്വരപ്പയെ തിങ്കളാഴ്ച നേരിൽ കണ്ട് സംസാരിച്ചിരുന്നു.
ശിവമൊഗ്ഗയിൽ സ്വതന്ത്രനായി മത്സരിക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് മോദിയുമായി വേദി പങ്കിടാൻ അഭ്യർഥിച്ചെങ്കിലും ഈശ്വരപ്പ വഴങ്ങിയിരുന്നില്ല. പകരം അദ്ദേഹം മഠങ്ങളും താൻ പ്രതിനിധാനം ചെയ്യുന്ന കുറുബ സമുദായ നേതാക്കളെയും സന്ദർശിക്കാനാണ് സമയം കണ്ടെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.