ന്യൂഡല്‍ഹി: ബി.ജെ.പി വളര്‍ന്നതിനേക്കാള്‍ വേഗത്തിലാണ് അസമില്‍ മൗലാന ബദ്റുദ്ദീന്‍ അജ്മൽ നയിക്കുന്ന ഓള് ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ട് വളരുന്നതെന്നും ഇത് അവിടുത്തെ ജനസംഖ്യ ഘടനക്ക് ഭീഷണിയാണെന്നുമുള്ള കരസേന മേധാവി ബിപിന്‍ റാവത്തിെൻറ പ്രസ്താവന സൈന്യത്തിലെ രാഷ്ട്രീയവത്കരണത്തിെൻറ പ്രത്യാഘാതങ്ങളെകുറിച്ചുള്ള അപകടകരമായ സൂചനയാണെന്ന് ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി.
അസമില്‍ ഏതാനും വര്‍ഷങ്ങള്‍ക്കു മുേമ്പ മുസ്ലിം ന്യൂനപക്ഷത്തിനെതിരെയുണ്ടായ കലാപം പോലുള്ളവ വീണ്ടും സൃഷ്ടിക്കാനാണ് കരസേന മേധാവിയുടെ ശ്രമമെന്നും അദ്ദേഹം ആരോപിച്ചു. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്കുള്ള ബംഗ്ലാദേശ് കുടിയേറ്റത്തെക്കുറിച്ച് സംസാരിക്കവെ രാജ്യത്തെ ന്യൂനപക്ഷങ്ങളെ കുടിയേറ്റക്കാരാക്കാന്‍ സര്‍ക്കാറിന് പിന്തുണ പാടാനാണ് കരസേന മേധാവിയെ രംഗത്തിറക്കിയിരിക്കുന്നത്. രാഷ്ട്രീയം സംസാരിക്കേണ്ട കാര്യം ഒരു കരസേന മേധാവിക്കില്ല. ഇത്തരത്തില്‍ തരംതാണ പ്രസ്താവനയിറക്കാന്‍ സൈന്യത്തിെൻറ തലപ്പത്തുള്ളവരെ അനുവദിക്കാന്‍ പാടില്ല.
2005ല്‍ രൂപവത്കൃതമായ ഓള് ഇന്ത്യ യുനൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടിന് അസം നിയമസഭയില്‍ 13 എം.എല്‍.എമാരും മൂന്ന് എം.പിമാരുമുണ്ട്. ഇക്കാര്യത്തില്‍ രാജ്യം ഭരിക്കുന്ന ഒരു പാര്‍ട്ടി അസ്വസ്ഥമാകേണ്ട കാര്യമില്ല. രാഷ്ട്രീയ പാര്‍ട്ടികളെക്കുറിച്ച് പ്രസ്താവന നടത്തേണ്ടത് സൈനിക മേധാവിയുടെ ഉത്തരവാദിത്തമല്ല. ജനപ്രതിനിധികള്‍ക്കാണ് അക്കാര്യത്തില്‍ ഉത്തരവാദിത്തമുള്ളത് -ഇ.ടി. മുഹമ്മദ് ബഷീർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.