മണിപ്പൂർ സർക്കാർ നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ​ഹൈകോടതി ചീഫ് ജസ്റ്റിസ്

ഇംഫാൽ: മണിപ്പൂർ സർക്കാർ ഹൈകോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിൽ വീഴ്ച വരുത്തിയെന്ന് ചീഫ് ജസ്റ്റിസ് സിദ്ധാർഥ് മൃദുൽ. സമാനതകളില്ലാത്ത സംഘർഷമാണ് മണിപ്പൂരിലുണ്ടായതെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. കോടതി നിർദേശങ്ങൾ നടപ്പാക്കുന്നതിലെ പക്ഷപാതിത്വത്തിൽ അതൃപ്തിയും ഹൈകോടതി ചീഫ് ജസ്റ്റിസ് പ്രകടമാക്കി. ജുഡീഷ്വറിക്ക് സുരക്ഷ നൽകുന്നതിലെ സർക്കാറിന്റെ വീഴ്ചയുൾപ്പടെയാണ് ഹൈകോടതിയുടെ അതൃപ്തിക്കുള്ള കാരണം.

ജുഡീഷ്യൽ ഓഫീസർമാരുടെ അഭിമുഖങ്ങൾ നടത്തിയെങ്കിലും നിയമനം ഇനിയും ആയിട്ടില്ല. നിരന്തരമായി ആവശ്യപ്പെട്ടിട്ടും അതിൽ തുടർ നടപടി സ്വീകരിക്കാൻ സർക്കാർ തയാറായിട്ടില്ല. സുരക്ഷാ പ്രശ്നമുള്ളതിനാൽ ജുഡീഷ്യറിയുടെ എല്ലാ ജീവനക്കാരേയും സംസ്ഥാനത്തിന്റെ ഏത് ഭാഗത്തും ജോലിക്ക് നിയോഗിക്കാൻ പറ്റിയ സാഹചര്യമല്ല ഇപ്പോഴുള്ളതെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാട്ടി.

ഇതുമൂലം ജുഡീഷ്യറിയുടെ ജീവനക്കാർക്ക് അധിക ജോലി ചെയ്യേണ്ടി വരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളുടെ നിർദേശങ്ങളിൽ ചിലത് മാത്രമാണ് സംസ്ഥാന സർക്കാർ നടപ്പാക്കുന്നത്. ചിലതിൽ അവർ തീരുമാനമെടുക്കുന്നില്ല. ഇതിൽ സർക്കാറിന്റെ ഭാഗത്ത് നിന്ന് വിവേചനമുണ്ടെന്നും ഹൈകോടതി ചീഫ് ജസ്റ്റിസ് പറഞ്ഞു. ഇക്കാര്യത്തിൽ മുഖ്യമന്ത്രിയുമായി ഉൾപ്പടെ യോഗങ്ങൾ നടത്തി. അദ്ദേഹത്തിന്റെ യോഗങ്ങളിലെ പ്രതികരണങ്ങൾ പ്രതീക്ഷക്ക് വക നൽകുന്നുണ്ടെങ്കിലും തങ്ങൾക്ക് പൂർണ്ണ തൃപ്തിയില്ലെന്ന് ഹൈകോടതി ചീഫ് ജസ്റ്റിസ് കൂട്ടിച്ചേർത്തു.

ഇന്ത്യയിലെ മുതിർന്ന ഹൈകോടതി ജഡ്ജിമാരിൽ ഒരാളായ മൃദുൽ 2008 മാർച്ചിലാണ് ഡൽഹി ഹൈകോടതി ജഡ്ജിയാവുന്നത്. ഡൽഹി ഹൈകോടതി ജഡ്ജിയെന്ന നിലയിലുള്ള 16 വർഷത്തെ സേവനത്തിനിടയിൽ ക്രിമിനൽ, സിവിൽ നിയമങ്ങളുമായി ബന്ധപ്പെട്ടും മനുഷ്യാവകാശ ലംഘനങ്ങളിലും അദ്ദേഹം നിർണായകമായ പല വിധികളും പുറപ്പെടുവിച്ചിട്ടുണ്ട്. 2023 ഒക്ടോബറിലാണ് മണിപ്പൂർ ഹൈകോടതി ചീഫ് ജസ്റ്റിസായി അദ്ദേഹം നിയമിതനായത്.

Tags:    
News Summary - Ethnic rift affecting postings, government abiding by our directions selectively: Manipur Chief Justice

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.