ഗുരുദ്വാര ആക്രമണം: അഫ്ഗാനിൽ കുടുങ്ങിയ സിഖുകാരെ നാട്ടിലെത്തിക്കണം -പഞ്ചാബ് മുഖ്യമന്ത്രി

ചണ്ഡിഗഡ്: അഫ്ഗാനിസ്താനിൽ കുടുങ്ങി കിടക്കുന്ന സിഖ് കുടുംബങ്ങളെ നാട്ടിലെത്തിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റൻ അമരീന്ദർ സിങ്. കാബൂളിലെ ഗുരുദ്വാരക്ക് നേരെ നടന്ന തീവ്രവാദി ആക്രമണത്തിന്‍റെ പശ്ചാത്തലത്തിൽ കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയശങ്കറോടാണ് ഇക്കാര്യം ആവശ്യപ്പെട്ടത്.

"വളരെയധികം സിഖുകാർ അഫ്ഗാനിസ്താനിൽ കുടുങ്ങി കിടക്കുകയാണ്. ഇവരെ വ്യോമമാർഗം നാട്ടിലെത്തിക്കണം. നിലവിലെ സാഹചര്യത്തിൽ സിഖ് കുടുംബങ്ങളെ സഹായിക്കുക എന്നത് നമ്മുടെ ചുമതലയാണ്" -അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു.

ഗുരുദ്വാരക്ക് നേരെ നടന്ന ആക്രമണം ഞെട്ടിപ്പിക്കുന്നതാണ്. ഈ സംഭവം ദുഃഖകരവും ദൗര്‍ഭാഗ്യകരവുമാണ്. കുറ്റക്കാരെ കണ്ടെത്താൻ അഫ്ഗാൻ പ്രസിഡന്‍റ് അശ്റഫ് ഗനി നടപടി സ്വീകരിക്കണമെന്നും അമരീന്ദർ സിങ് ആവശ്യപ്പെട്ടു.

പഞ്ചാബ് മുഖ്യമന്ത്രി ഉന്നയിച്ച വിഷയം കാബൂളിലെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ശ്രദ്ധയിൽപ്പെടുത്തിയതായി വിദേശകാര്യ മന്ത്രി ജയശങ്കർ പ്രതികരിച്ചു. മടങ്ങി വരുന്ന സിഖ് കുടുംബങ്ങൾക്ക് എല്ലാവിധ സുരക്ഷയും ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മാർച്ച് 25ന് കബൂളിലെ സിഖ് ഗുരുദ്വാരയിലും പാർപ്പിട സമുച്ചയത്തിലും ഉണ്ടായ തീവ്രവാദി ആക്രമണത്തിൽ 27 പേർ കൊല്ലപ്പെട്ടിരുന്നു.

Tags:    
News Summary - Evacuate Sikh Families stranded in Afghanistan, says Amarinder -India News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.