'ബാഴ്​സ വിടാൻ മെസ്സിക്കും താൽപര്യമില്ലായിരുന്നു'-ബി.ജെ.പി വിടാനുണ്ടായ കാരണം വിശദീകരിച്ച്​ ബാബുൽ സുപ്രിയോ

കൊൽക്കത്ത: അടുത്തിടെയാണ്​ മുൻകേന്ദ്ര മന്ത്രിയും ബി.ജെ.പി നേതാവുമായ ബാബുൽ സുപ്രിയോ തൃണമൂൽ കോൺഗ്രസിൽ ചേർന്നത്​. തനിക്ക്​ പറയാനുള്ള കാര്യങ്ങൾ സ്​പോർട്​സുമായി ബന്ധപ്പെട്ട വാക്കുകളിലൂടെ പലപ്പോഴും ബാബുൽ സുപ്രിയോ വിവരിക്കാറുണ്ട്​. തന്നെ കൂടെ നിര്‍ത്തുകയും കളിക്കളത്തിലിറക്കുകയും ചെയ്യുന്ന ടീമിന്‍റെ ഭാഗമാകാനാണ് താല്‍പര്യമെന്ന് പാർട്ടി വിടാനുണ്ടായ സാഹചര്യം വിശദീകരിച്ച്​ അദ്ദേഹം പറഞ്ഞു.

'ബാഴ്സലോണ വിടാന്‍ മെസ്സിക്കും താല്‍പര്യമില്ലായിരുന്നു. വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം കരഞ്ഞു. പക്ഷേ താരം പി.എസ്​.ജിയിലേക്ക് പോയി. എന്നു കരുതി തന്‍റെ പഴയ ടീമിനെതിരെ താരം ഗോളടിക്കാതിരിക്കുമോ. അല്ലെങ്കിൽ തന്നെ ട്രാൻസ്​ഫർ ചെയ്​ത തന്‍റെ മുൻ ടീമിനോട് വിശ്വസ്തനായിരിക്കാനായി ഗോൾ പോസ്റ്റിന് മുന്നിൽ ഒന്നുംചെയ്യാതെ നിൽക്കുമോ'- സുപ്രിയോ ​എൻ.ഡി.ടി.വിക്ക്​ നൽകിയ അഭിമുഖത്തിനിടെ ചോദിച്ചു.

ബംഗാൾ ബി.ജെ.പിയിലെ തലമാറ്റത്തെ കുറിച്ച്​ പ്രതികരിക്കാൻ ഗായകൻ കൂടിയായ ബാബുൽ സുപ്രിയോ തയാറായില്ല. 'ഇപ്പോൾ ഞാൻ തൃണമൂലിനൊപ്പമാണ്​. അത്​ ബി.ജെ.പിയുടെ ആഭ്യന്തര കാര്യമാണ്​. ഒരു രാഷ്ട്രീയ നിരീക്ഷകന്‍ എന്ന നിലയില്‍ പറയുകയാണെങ്കില്‍ ദിലീപ് ഘോഷ് വളരെ മികച്ച പ്രവര്‍ത്തനങ്ങളാണ് കാഴ്ച വെച്ചത്. എന്നാൽ അ​േദഹത്തിന്‍റെ സംസാരം ബംഗാൾ ജനത അത്ര നല്ല രീതിയിലല്ല എടുത്തത്' -സുപ്രിയോ പറഞ്ഞു​.

ദിലീപ്​ ഘോഷിനെ മാറ്റി പശ്ചിമ ബംഗാൾ ഘടകം ​അധ്യക്ഷനായി സുകാന്ത മജൂംദാറിനെ കഴിഞ്ഞ ദിവസമാണ്​ ബി.ജെ.പി നിയമിച്ചത്​. ദിലീപ്​ ഘോഷിന്​ ദേശീയ ഉപാധ്യക്ഷ സ്​ഥാനം നൽകി.

ഉത്തര ബംഗാളിൽ പാർട്ടിക്ക്​ മികച്ച പ്രകടനം നടത്താൻ സാധിച്ചതിന്‍റെ അടിസ്​ഥാനത്തിലാണ്​ മജൂംദാറിന്​ നറുക്ക്​ വീഴാൻ കാരണം. ദക്ഷിണ ബംഗാളിൽ നിന്നുള്ള പ്രതിപക്ഷ നേതാവ്​ സുവേന്ദു അധികാരിക്കൊപ്പം വടക്കൻ ബംഗാളിൽ നിന്നുള്ള മജുംദാർ കൂടി ചേരുന്നതോടെ നിയമസഭാ തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന് ശേഷം സംസ്ഥാനത്ത് സംഘടനയെ പുനരുജ്ജീവിപ്പിക്കാൻ സാധിക്കുമെന്നാണ്​ നേതൃത്വത്തിന്‍റെ പ്രതീക്ഷ.

സംസ്ഥാനത്ത് താലിബാനിസമാണ് നടക്കുന്നതെന്ന മജൂംദാറിന്‍റെ പ്രസ്താവനയോടും സുപ്രിയോ പ്രതികരിച്ചു. 'താലിബാന്‍ എന്നത് വളരെ മോശമായ ഒരു മാനസികാവസ്ഥയുടെ പേരാണ്. ആകസ്മികമായി പോലും ആ വാക്ക് ഉച്ചരിക്കാന്‍ പാടില്ല' -ബാബുൽ സുപ്രിയോ പറഞ്ഞു.

ഏഴ്​ വർഷത്തെ ബി.ജെ.പി പ്രവർത്തന കാലയളവിൽ താൻ ഒരുപാട്​ കാര്യങ്ങൾ പഠിച്ചുവെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത്​ ഷാ, ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ എന്നിവർക്ക്​ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ബോളുവുഡ്​ ഗായകനെന്ന ഇമേജാണ്​ തന്നെ അസൻസോളിൽ നിന്ന് 2014ലെ​ ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചതെങ്കിൽ പൊതുപ്രവർത്തന മികവാണ്​ 2019ൽ വിജയം ആവർത്തിക്കാൻ കാരണമായതെന്ന്​ അദ്ദേഹം പറഞ്ഞു.

ജൂലൈയിലെ കേന്ദ്ര മന്ത്രിസഭ പുന:സംഘനയിൽ സ്​ഥാനം നഷ്​ടമായതോടെ ബാബുൽ സുപ്രിയോ നിരാശനായിരുന്നു. ആദ്യം രാഷ്​ട്രീയത്തിൽ നിന്ന്​ വിരമിക്കുകയാണെന്ന്​ പ്രഖ്യാപിച്ച അദ്ദേഹം വൈകാതെ ടി.എം.സി പാളയത്തിൽ എത്തപ്പെടുകയായിരുന്നു. 

Tags:    
News Summary - "Even Messi Didn't Want To Exit Barcelona"-Babul Supriyo explains about Quitting BJP

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.