ലഖ്നോ: ആളുകളെ പാമ്പ് കടിക്കുന്നതും ചിലപ്പോൾ മരണപ്പെടുന്നതുമായ നിരവധി വാർത്തകൾ നാം വായിച്ചിട്ടുണ്ട്. ഉത്തർപ്രദേശിൽ 24കാരന് 40ദിവസത്തിനിടെ ഏഴു തവണയാണ് പാമ്പ് കടിയേറ്റ് ചികിത്സ തേടേണ്ടി വന്നത്. ശനിയാഴ്ചകളിലാണ് തന്നെ പാമ്പു കടിക്കുന്നതെന്നും വികാസ് ദുബെ അവകാശപ്പെടുന്നു. അതിൽ അമ്പരന്നിരിക്കുകയാണ് ഡോക്ടർമാർ. ഓരോ തവണയും പാമ്പ് കടിയേൽക്കുമ്പോൾ വികാസ് ആശുപത്രിയിൽ ചികിത്സ തേടും. ചികിത്സയുമായി ബന്ധപ്പെട്ട് അധികൃതരിൽ നിന്ന് സാമ്പത്തിക സഹായം തേടിയിരിക്കുകയാണ് യുവാവ്. ഫത്തേപ്പൂർ സൗറ സ്വദേശിയാണ് വികാസ് ദുബെ.
എന്നാൽ ശനിയാഴ്ചകളിൽമാത്രം പാമ്പ് ഇദ്ദേഹത്തെ കടിക്കുന്നത് എന്നതാണ് ഉത്തരം കിട്ടാത്ത സമസ്യയായി അവശേഷിക്കുന്നതെന്ന് ചീഫ് മെഡിക്കൽ ഓഫിസർ രാജീവ് നായൻ ഗിരി പറയുന്നത്. പാമ്പ് കടിച്ചതിന് ചികിത്സിക്കാൻ സ്വകാര്യ ആശുപത്രിയിൽ ഒരുപാട് പണം ചെലവഴിച്ചുവെന്നും അതിനാൽ സാമ്പത്തിക സഹായം വേണമെന്നുമാണ് വികാസ് അധികൃതരോട് കണ്ണീരോടെ അഭ്യർഥിച്ചിരിക്കുന്നത്. തുടർന്ന് ചീഫ് മെഡിക്കൽ ഓഫിസർ സൗജന്യമായി ആന്റി വെനം ലഭിക്കുന്ന സർക്കാർ ആശുപത്രിയിൽ ചികിത്സ തേടാൻ യുവാവിനോട് ഉപദേശിച്ചു. ശനിയാഴ്ചകളിൽ മാത്രം പാമ്പ് കടിക്കുന്നുവെന്ന വികാസിന്റെ വാദം വിശ്വസിക്കാനും അധികൃതർ തയാറായിട്ടില്ല. യുവാവിനെ ശനിയാഴ്ചകളിൽ മാത്രം പാമ്പ് കടിക്കുന്നതിനെ കുറിച്ച് അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. യഥാർഥത്തിൽ അയാളെ കടിക്കുന്നത് പാമ്പ് തന്നെയാണോ എന്ന് കണ്ടെത്തേണ്ടതുണ്ട്. എല്ലാ ശനിയാഴ്ചകളിലും ഒരാൾക്ക് പാമ്പ് കടിയേൽക്കുകയും ഒരേ ആശുപത്രിയിൽ പോവുകയും ചെയ്യുന്നു. ഓരോ തവണയും ഒരു ദിവസം കൊണ്ട് സുഖം പ്രാപിക്കുകയും ചെയ്യുന്നത് വിചിത്രമായി തോന്നുന്നു'- അദ്ദേഹം പറഞ്ഞു.
സംഭവത്തെ കുറിച്ച് അന്വേഷിക്കാൻ മൂന്ന് ഡോക്ടർമാരടങ്ങുന്ന സംഘത്തെയും രൂപീകരിച്ചിട്ടുണ്ട്. ജൂൺ രണ്ടിനാണ് യുവാവിനെ ആദ്യമായി പാമ്പ് കടിച്ചത്. ഒമ്പതു തവണ കടിച്ച ശേഷം പാമ്പ് തന്റെ ജീവനെടുക്കുമെന്ന് സ്വപ്നം കാണുന്നതായും യുവാവ് അവകാശപ്പെട്ടു. പാമ്പുകടി പതിവായതോടെ വീട് വിട്ട് മറ്റെയെവിടെയെങ്കിലും പോയി താമസിക്കണമെന്നാണ് വികാസിനെ ചികിത്സിക്കുന്ന ഡോക്ടർ പറഞ്ഞത്. ഇതനുസരിച്ച് വീട് മാറിയെങ്കിലും പാമ്പ് വിടാതെ പിന്തുടർന്നുവെന്നാണ് വികാസ് പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.