അഹമ്മദാബാദ്: വഞ്ചനക്കേസിൽ ഗുജറാത്ത് മുൻ മന്ത്രിയും അമുൽ ബ്രാൻഡിന്റെ ഉടമസ്ഥരായ ഗുജറാത്ത് കോഓപറേറ്റിവ് മിൽക്ക് മാർക്കറ്റിങ് ഫെഡറേഷൻ (ജി.സി.എം.എം.എഫ്) മുൻ ചെയർമാനുമായ വിപുൽ ചൗധരിക്ക് ഏഴുവർഷം തടവുശിക്ഷ. ദൂദ്സാഗർ ഡെയറി എന്നറിയപ്പെടുന്ന മെഹ്സാന ഡിസ്ട്രിക്ട് കോഓപറേറ്റിവ് മിൽക്ക് പ്രൊഡ്യൂസേഴ്സ് യൂനിയൻ ലിമിറ്റഡിന്റെ മുൻ ചെയർമാനുമായിരുന്നു ഇദ്ദേഹം. 2014ൽ വരൾച്ചക്കെടുതി നേരിട്ട മഹാരാഷ്ട്രക്ക് കൃത്യമായ നടപടിക്രമങ്ങൾ പാലിക്കാതെ കാലിത്തീറ്റ വിതരണം ചെയ്തതുവഴി ക്ഷീരസംഘത്തിന് 22.5 കോടി രൂപയുടെ നഷ്ടം വരുത്തിയെന്നാണ് കേസ്.
മെഹ്സാനയിലെ അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് വൈ.ആർ. അഗർവാളാണ് ചൗധരിക്കും മറ്റ് 14 പേർക്കും ശിക്ഷ വിധിച്ചത്. ഇന്ത്യൻ ശിക്ഷാനിയമം (ഐ.പി.സി), 406 (വിശ്വാസ ലംഘനം), 465 (വ്യാജരേഖ ചമക്കൽ), 468 (വഞ്ചനക്കായി വ്യാജരേഖ ചമക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് ശിക്ഷ. ഗുജറാത്ത് സഹകരണ മേഖലയിലെ പ്രമുഖനായ ചൗധരി 1996ൽ ശങ്കർസിങ് വഗേല സർക്കാറിൽ മന്ത്രിയായിരുന്നു. 2014ൽ ദൂദ്സാഗർ ഡെയറിയുടെയും ജി.സി.എം.എം.എഫിന്റെയും ചെയർമാനായിരിക്കെ ചൗധരിക്കും മറ്റുള്ളവർക്കുമെതിരെ മെഹ്സാന ബി ഡിവിഷൻ പൊലീസ് സ്റ്റേഷനിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരുന്നു. കാലിത്തീറ്റ സംഭരണത്തിൽ അഴിമതി ആരോപിച്ച് ഇരു സംഘങ്ങളിൽനിന്നും ഇദ്ദേഹത്തെ പുറത്താക്കുകയും ചെയ്തു.
22.5 കോടി രൂപ വിലമതിക്കുന്ന കാലിത്തീറ്റ മഹാരാഷ്ട്രയിലേക്ക് അയക്കാൻ തീരുമാനിച്ചത് ഡെയറി ബോർഡ് യോഗത്തിൽ പ്രമേയം കൊണ്ടുവരാതെയോ ടെൻഡർ നൽകാതെയോ ആണെന്ന് സംസ്ഥാന സർക്കാർ ആരോപിച്ചു. ദൂദ്സാഗർ ഡെയറിയുടെ മുൻ ബോർഡ് അംഗങ്ങൾ, മുൻ വൈസ് ചെയർപേഴ്സൻ ജലബെൻ താക്കൂർ, മുൻ മാനേജിങ് ഡയറക്ടർ നിഷിത് ബക്സി എന്നിവരും ഏഴുവർഷം തടവിന് ശിക്ഷിക്കപ്പെട്ട മറ്റ് പ്രതികളിൽ ഉൾപ്പെടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.