ചണ്ഡിഗഢ്: ജഡ്ജിയുടെ വീട്ടുപടിക്കൽ പണം കണ്ടെത്തിയ സംഭവത്തിൽ പഞ്ചാബ് ഹരിയാന ഹൈകോടതി റിട്ട. ജസ്റ്റിസ് നിർമൽ യാദവിനെയും നാലുപേരെയും പ്രത്യേക സി.ബി.ഐ കോടതി കുറ്റമുക്തരാക്കി. കേസിൽ 17 വർഷത്തിനുശേഷമാണ് വിധി.
2008 ആഗസ്റ്റിലാണ് കേസിനാസ്പദമായ സംഭവം. ഹൈകോടതിയിലെ മറ്റൊരു ജഡ്ജിയായ നിർമൽജിത് കൗറിന്റെ വീട്ടിലാണ് 15 ലക്ഷം രൂപയടങ്ങുന്ന പൊതി എത്തിയത്. നിർമൽ യാദവിനുള്ള പണം തെറ്റായി നിർമൽജിത് കൗറിന്റെ വീട്ടിൽ എത്തിക്കുകയായിരുന്നെന്നാണ് ആരോപണം. സ്വത്ത് കേസിൽ അനുകൂല വിധി നേടാൻ നിർമൽ യാദവിനുള്ള കൈക്കൂലിയാണ് ഇതെന്നായിരുന്നു ആരോപണം.
ഹരിയാനയിലെ മുൻ അഡീഷനൽ അഡ്വക്കറ്റ് ജനറൽ സഞ്ജീവ് ബൻസാൽ, ഡൽഹി ആസ്ഥാനമായ ഹോട്ടൽ വ്യവസായി രവീന്ദർ സിങ്, രാജീവ് ഗുപ്ത, കൂടാതെ മറ്റൊരാളുമായിരുന്നു കേസിലെ പ്രതികൾ. സഞ്ജീവ് ബൻസാൽ 2017ൽ മരിച്ചു. ആദ്യം ചണ്ഡിഗഢ് പൊലീസ് അന്വേഷിച്ച കേസ് സി.ബി.ഐക്ക് കൈമാറുകയായിരുന്നു. കേസിനെ തുടർന്ന് ജസ്റ്റിസ് യാദവിനെ ഉത്തരാഖണ്ഡ് ഹൈകോടതിയിലേക്ക് സ്ഥലം മാറ്റിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.