ന്യൂഡൽഹി: കശ്മീരിൽ സമാധാനം കൊണ്ടുവന്നതിന്റെ എല്ലാ ബഹുമതിയും കേന്ദ്രസർക്കാറിനും പ്രധാനമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കുമാണെന്ന് ജെ.എൻ.യു മുൻ വിദ്യാർഥി നേതാവ് ഷഹ്‍ല റാഷിദ്. സുരക്ഷയില്ലാതെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നും പശ്ചിമേഷ്യയിൽ അതാണ് കാണുന്നതെന്നും ഇപ്പോൾ കടുത്ത മോദി ഭക്തയായ ഷഹ്‍ല എക്സിൽ (ട്വിറ്റർ) കുറിച്ചു.
ജെ.എൻ.യു വിദ്യാർഥി യൂനിയൻ വൈസ് പ്രസിഡന്‍റായിരിക്കെ ബി.ജെ.പി സർക്കാറിന്‍റെ കടുത്ത വിമർശകയായിരുന്നു ഷഹ്‍ല. അന്ന് കശ്മീരിലെ മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഘോരഘോരം പ്രസംഗിച്ചിരുന്ന ഷഹ്‍ല ഇപ്പോൾ മോദിസർക്കാറിനെ പുകഴ്ത്തുകയാണ് ചെയ്യാറ്.
''പശ്ചിമേഷ്യയിലെ സംഭവവികാസങ്ങൾ ശ്രദ്ധിക്കുമ്പോഴാണ് നമ്മൾ ഇന്ത്യക്കാർ എത്രത്തോളം ഭാഗ്യം ചെയ്തവരാണെന്ന് ഞാൻ മനസിലാക്കുന്നത്. നമ്മുടെ സുരക്ഷക്കായി ഇന്ത്യൻ സൈന്യവും സുരക്ഷ സേനയും അവരുടെ എല്ലാ ത്യജിച്ച് സേവനം ചെയ്യുകയാണ്. കശ്മീരിൽ സമാധാനം കൊണ്ടുവന്നതിന്റെ എല്ലാ ബഹുമതിയും കേന്ദ്രസർക്കാരിനും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കുമാണ്''-എന്നാണ് ഷഹ്‍ല എക്സിൽ കുറിച്ചത്.
സുരക്ഷയില്ലാതെ സമാധാനം പുനഃസ്ഥാപിക്കാൻ സാധിക്കില്ലെന്നും പശ്ചിമേഷ്യയിൽ അതാണ് കാണുന്നതെന്നും കശ്മീരിൽ സുസ്ഥിര സമാധാനം പുനഃസ്ഥാപിക്കാൻ കശ്മീർ പൊലീസും സുരക്ഷസേനയും ത്യാഗപൂർണമായ സേവനമാണ് തുടരുന്നത് എന്നും മറ്റൊരു പോസ്റ്റിൽ അവർ പറയുന്നു.
കശ്മീരിന് പ്രത്യേക പദവി നൽകിയിരുന്ന 370ാം വകുപ്പ് എടുത്തുകളഞ്ഞ കേന്ദ്ര സർക്കാരിനെതിരെ ഷഹ്‍ല സുപ്രീംകോടതിയെ സമീപിപ്പിച്ചിരുന്നു. തുടർന്ന് ഇവർക്കെതിരെ യു.എ.പി.എ ചുമത്തി കേസെടുത്തു. എന്നാൽ, ജൂലൈയിൽ ഷഹ്‍ല പരാതി പിൻവലിച്ചു. പിന്നാലെ കശ്മീരിലെ മനുഷ്യാവകാശം മോദിസർക്കാറിന്‍റെ കാലത്ത് മെച്ചപ്പെട്ടെന്ന് നിലപാടെടുത്ത് രംഗത്തെത്തുകയും ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.