സന്ദീപ് ഘോഷ്

കൊൽക്കത്ത ബലാത്സംഗക്കൊല: ആർ.ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിസിപ്പൽ അഴിമതിക്കേസിൽ അറസ്റ്റിൽ

കൊൽക്കത്ത: യുവ ഡോക്ടർ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട കൊൽക്കത്ത ആർ.ജി കർ മെഡിക്കൽ കോളജിലെ മുൻ പ്രിസിപ്പൽ സന്ദീപ് ഘോഷിനെ സി.ബി.ഐ അറസ്റ്റു ചെയ്തു. രണ്ടാഴ്ച നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ്. മെഡിക്കൽ കോളജുമായി ബന്ധപ്പെട്ട് വൻ തോതിലുള്ള സാമ്പത്തിക ക്രമക്കേടുകൾ നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

ബലാത്സംഗക്കേസില്‍ ആരോപണവിധേയനായ സന്ദീപിനെ പോളിഗ്രാഫ് ടെസ്റ്റിന് വിധേയനാക്കിയിരുന്നെങ്കിലും വ്യക്തമായ തെളിവുകള്‍ കണ്ടെത്താനായിട്ടില്ലെന്നാണ് സൂചന. അഴിമതി നിരോധന നിയമത്തിലെ ഏഴാം വകുപ്പ്, ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസവഞ്ചന എന്നീ കുറ്റങ്ങളാണ് സാമ്പത്തിക തിരിമറിയുമായി ബന്ധപ്പെട്ട് സന്ദീപിനെതിരെ ചുമത്തിയിരിക്കുന്നത്.

2021 ഫെബ്രുവരിയിലാണ് മെഡിക്കല്‍ കോളേജിന്റെ പ്രിൻസിപ്പല്‍ സ്ഥാനത്ത് സന്ദീപെത്തുന്നത്. 2023 സെപ്റ്റംബർ വരെ സ്ഥാനത്തുതുടർന്നു. 2023 ഒക്ടോബറില്‍ ട്രാൻസ്ഫർ ലഭിച്ചെങ്കിലും ഒരു മാസത്തിനുള്ളില്‍ പ്രിൻസിപ്പലായി വീണ്ടും ചുമതലയേല്‍ക്കുകയായിരുന്നു. ജൂനിയർ ഡോക്ടർ ബലാത്സംഗക്കൊലക്കിരയായതുവരെ പ്രിൻസിപ്പലായി തുടർന്നു. ആഗസ്റ്റ് ഒൻപതിനാണ് കോളേജിന്റെ സെമിനാർ ഹോളില്‍ ജൂനിയർ ഡോക്ടറെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

കൊലപാതകത്തിൽ നടപടി ആവശ്യപ്പെട്ടും ആരോഗ്യപ്രവർത്തകരുടേയും സ്ത്രീകളുടേയും സുരക്ഷ ഉറപ്പാക്കുന്നതിനുമായി രാജ്യവ്യാപക പ്രതിഷേധമുണ്ടായി. ബലാത്സംഗക്കൊലയില്‍ സിവിക് വൊളന്റീയറായ സഞ്ജയ് റോയിയെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് കൊല്‍ക്കത്ത ഹൈകോടതിയുടെ നിർദേശപ്രകാരം സി.ബി.ഐ കേസേറ്റെടുത്തു. 

Tags:    
News Summary - Ex Principal Of Kolkata Hospital Where Doctor Was Raped-Murdered Arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.