ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തിയിലെ ശംഭുവിൽ സമരത്തിലുള്ള കർഷകരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് സുപ്രീംകോടതി ഉന്നതാധികാര സമിതിക്ക് രൂപം നൽകി. സമിതിയുടെ ആദ്യ യോഗം ഒരാഴ്ചക്കകം ചേരാനും ജസ്റ്റിസുമാരായ സൂര്യകാന്ത്, ഉജ്ജൽ ഭുയാൻ എന്നിവരുടെ ബെഞ്ച് നിർദേശിച്ചു. സമരത്തിലുള്ള കർഷകർ ഉന്നയിക്കുന്ന വിഷയം രാഷ്ട്രീയവത്കരിക്കരുതെന്ന് സുപ്രീം കോടതി ആവശ്യപ്പെട്ടു.
കഴിഞ്ഞ ഫെബ്രുവരി 13 മുതൽ ശംഭു അതിർത്തിയിൽ സമരം നടത്തുന്ന കർഷകർ ഡൽഹിയിലേക്ക് നീങ്ങുന്നത് തടയാൻ സ്ഥാപിച്ച ബാരിക്കേഡുകൾ ഒരാഴ്ചക്കകം നീക്കം ചെയ്യണമെന്ന ഹൈകോടതി ഉത്തരവിനെതിരെ ഹരിയാന സർക്കാർ നൽകിയ ഹരജിയിലാണ് നടപടി. പഞ്ചാബ് ആൻഡ് ഹരിയാന ഹൈകോടതി മുൻ ജഡ്ജി നവാബ് സിങ്ങിന്റെ നേതൃത്വത്തിലുള്ള സമിതിയിൽ മുൻ ഐ.പി.എസ് ഓഫിസർ പി.എസ്. സന്ധു, ദേവേന്ദർ ശർമ, പ്രഫ. രഞ്ജിത് സിങ് ഗുമാൻ, പഞ്ചാബ് കാർഷിക സർവകലാശാലയിലെ ഡോ. സുഖ്പാൽ സിങ് എന്നിവർ അംഗങ്ങളാണ്.
യാത്രക്കാരുടെ ബുദ്ധിമുട്ട് ഒഴിവാക്കാൻ അതിർത്തിയിൽനിന്ന് ട്രാക്ടറുകളും ട്രോളികളും നീക്കം ചെയ്യുന്നതിന് കർഷകരുമായി ചർച്ച നടത്താനും കോടതി സമിതിയോട് നിർദേശിച്ചു. സമാധാനപരമായ സമരം മറ്റൊരു സ്ഥലത്തേക്ക് മാറ്റാൻ കർഷകർക്ക് സ്വാതന്ത്ര്യമുണ്ടായിരിക്കുമെന്നും കോടതി വ്യക്തമാക്കി. രാഷ്ട്രീയ പാർട്ടികളിൽനിന്ന് അകലം പാലിക്കാനും നടപ്പാക്കാനാവാത്ത ആവശ്യങ്ങളിൽ ശാഠ്യം പിടിക്കരുതെന്നും സമരത്തിലുള്ള കർഷകരോട് സുപ്രീംകോടതി ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.