ന്യൂഡൽഹി: ഡൽഹി മദ്യ നയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ജാമ്യം തേടി ബി.ആർ.എസ് നേതാവ് കെ. കവിത സമർപ്പിച്ച ഹരജികൾ സുപ്രീം കോടതി ചൊവ്വാഴ്ച പരിഗണിക്കും. ജസ്റ്റിസുമാരായ ബി. ആർ. ഗവായ്, കെ. വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ചാണ് ഹരജികൾ കേൾക്കുന്നത്.
ഈ കേസുകളിൽ ജാമ്യം നിഷേധിച്ച ഡൽഹി ഹൈകോടതിയുടെ ജൂലൈ ഒന്നിലെ വിധിയെ ചോദ്യം ചെയ്ത് കവിത സമർപ്പിച്ച ഹരജികളിൽ ഓഗസ്റ്റ് 12ന് സുപ്രീം കോടതി സി.ബി.ഐ, ഇ.ഡി എന്നിവരോട് പ്രതികരണം തേടിയിരുന്നു. വാദത്തിനിടെ, കവിത അഞ്ച് മാസത്തോളമായി കസ്റ്റഡിയിലാണെന്നും കുറ്റപത്രവും പ്രോസിക്യൂഷൻ പരാതിയും യഥാക്രമം സി.ബി.ഐയും ഇഡിയും സമർപ്പിച്ചിട്ടുണ്ടെന്നും വാദിച്ച് കവിതയുടെ അഭിഭാഷകൻ ജാമ്യം തേടിയിരുന്നു.
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാളും ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയയും സമർപ്പിച്ച ഹരജികളിലെ സുപ്രീം കോടതി വിധികൾ കവിതയുടെ അഭിഭാഷകൻ പരാമർശിച്ചിരുന്നു.
അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കെജ്‌രിവാളിന് സുപ്രീം കോടതി നേരത്തെ ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു. സിസോദിയക്കും ജാമ്യം ലഭിച്ചു. രണ്ട് കേസുകളിലും കവിതയുടെ ജാമ്യാപേക്ഷ ജൂലൈ ഒന്നിന് ഹൈകോടതി തള്ളിയിരുന്നു.
മാർച്ച് 15ന് ഹൈദരാബാദിലെ ബഞ്ചാര ഹിൽസിലെ വസതിയിൽ നിന്നാണ് കവിതയെ ഇ.ഡി അറസ്റ്റ് ചെയ്തത്. അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഏപ്രിൽ 11ന് സി.ബി.ഐയും കവിതയെ അറസ്റ്റ് ചെയ്തു. എന്നാൽ ആരോപണങ്ങൾ കവിത നിഷേധിച്ചു.
അന്വേഷണം നിർണായക ഘട്ടത്തിലായതിനാൽ തൽക്കാലം ജാമ്യം അനുവദിക്കുന്ന സാഹചര്യമില്ലെന്നാണ് ജാമ്യാപേക്ഷ തള്ളിക്കൊണ്ട് ഹൈകോടതി വ്യക്തമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.