ന്യൂഡൽഹി: ഗുജറാത്തിലായിരിക്കെ വ്യാജ ഏറ്റുമുട്ടൽ കേസിൽ അമിത് ഷായെ അറസ്റ്റ് ചെയ്യാൻ ഉത്തരവിട്ട നിലവിൽ ത്രിപുര ചീഫ് ജസ്റ്റിസായ ആകിൽ ഖുറൈശിയെ സുപ്രീംകോടതി ജഡ്ജിയാക്കാനുള്ള ശിപാർശയിൽനിന്ന് കൊളീജിയം ഒഴിവാക്കിയത് വിവാദമായി. യോഗ്യതയിൽ മുന്നിലുള്ള ഏറ്റവും മുതിർന്ന ജസ്റ്റിസ് ആകിൽ അബ്ദുൽ ഹമീദ് ഖുറൈശിക്ക് വേണ്ടി ശക്തമായി വാദിച്ചിരുന്ന ജസ്റ്റിസ് രോഹിങ്ടൺ ഫാലി നരിമാൻ വിരമിച്ചതിന് ശേഷം ചേർന്ന പ്രഥമ കൊളീജിയം ആണ് ഖുറൈശിയുടെ പേര് ഒഴിവാക്കിയത്. ജസ്റ്റിസ് നരിമാൻ വിരമിച്ച് ഒരാഴ്ച കഴിഞ്ഞാണ് കൊളീജിയം നടപടി.
അടുത്ത വർഷം മാർച്ചിൽ വിരമിക്കാനിരിക്കുന്ന ജസ്റ്റിസ് ഖുറൈശിയെ സുപ്രീംകോടതി ജഡ്ജിയാക്കണം എന്ന നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു ജസ്റ്റിസ് ഫാലി നരിമാൻ. അദ്ദേഹം ഇൗമാസം 12ന് വിരമിച്ചു. അത് കഴിഞ്ഞ് അഞ്ച് ദിവസത്തിന് ശേഷമാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണയുടെ നേതൃത്വത്തിൽ കൊളീജിയം ചേർന്നത്.
ചീഫ് ജസ്റ്റിസ് എൻ.വി. രമണ, ജസ്റ്റിസുമാരായ യു.യു. ലളിത്, എ.എം. ഖൻവിൽകർ, ഡി.വൈ. ചന്ദ്രചൂഡ്, നാഗേശ്വര റാവു എന്നിവരടങ്ങുന്ന കൊളീജിയമാണ് ഖുറൈശിയില്ലാത്ത ഒമ്പത് ജഡ്ജിമാരുടെ ശിപാർശ നൽകിയത്. ഗുജറാത്ത് ലോകായുക്ത നിയമനത്തിലും മോദിയുെടയും അമിത് ഷായുടെയും അപ്രീതിക്ക് ഇടയാക്കുന്ന ഉത്തരവാണ് ജസ്റ്റിസ് ആകിൽ ഖുറൈശി പുറപ്പെടുവിച്ചത്.
ഇതാദ്യമായല്ല ആകിൽ ഖുറൈശിക്കെതിരായ നീക്കം നടക്കുന്നത്. 2019ൽ മധ്യപ്രദേശ് ഹൈകോടതി ചീഫ് ജസ്റ്റിസായി നിയമിക്കാൻ കൊളീജിയം ശിപാർശ ചെയ്തെങ്കിലും ആ പദവി നൽകാൻ കേന്ദ്രം തയാറായില്ല. തുടർന്ന് മധ്യപ്രദേശിന് പകരം ഏറ്റവും െചറിയ ഹൈകോടതിയായ ത്രിപുരയുടെ ചീഫ് ജസ്റ്റിസ് ആക്കി കൊളീജിയം ശിപാർശ ഭേദഗതി ചെയ്തു. നിയമനം നടത്താതിരുന്നതിനെ തുടർന്ന് ഗുജറാത്ത് ഹൈകോടതി ബാർ അസോസിയേഷൻ കോടതിയെ സമീപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.