ന്യൂഡൽഹി: നടപ്പ് സാമ്പത്തിക വർഷത്തിൽ ചെലവുകൾ വർധിക്കുമെന്ന് കേന്ദ്രസർക്കാർ. ബജറ്റിൽ വകയിരുത്തിയതിനേക്കാൾ 50,000 കോടിയെങ്കിലും അധികമായി കണ്ടത്തേണ്ടി വരുമെന്നാണ് സർക്കാർ വിലയിരുത്തൽ. ഇതിനായി അധിക തുക കടംവാങ്ങേണ്ടി വരില്ലെന്നാണ് ധനകാര്യമന്ത്രാലയത്തിന്റെ പ്രതീക്ഷ. രാസവളം, ഗ്യാസ് സബ്സിഡികളിലുണ്ടായ വർധനയാണ് ചെലവ് കൂട്ടുന്നത്. ഇതിനൊപ്പം തൊഴിലുറപ്പ് പദ്ധതിക്കായി കൂടുതൽ തുക വേണ്ടി വരുന്നതും ചെലവ് വർധിപ്പിക്കുമെന്നാണ് കേന്ദ്രസർക്കാർ അവകാശവാദം.
39.44 ലക്ഷം കോടിയാണ് കേന്ദ്രസർക്കാർ നടപ്പ് സാമ്പത്തിക വർഷത്തിൽ പ്രതീക്ഷിക്കുന്ന ചെലവ്. ഇതിൽ 14.13 ലക്ഷം കോടിയും വായ്പയാണ്. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെയുള്ള കാലയളവിൽ 8.45 ലക്ഷം കോടിയാണ് സർക്കാർ കടമെടുക്കുക. രാസവള സബ്സിഡിയിൽ 15,000 കോടിയുടെ വർധനയുണ്ടാവുമെന്നാണ് കേന്ദ്രസർക്കാർ പ്രതീക്ഷിക്കുന്നത്. ഇതോടെ സബ്സിഡി 1.1 ലക്ഷം കോടിയായി ഉയരും.
യുറോപ്പിലെ പ്രകൃതിവാതക ക്ഷാമം മൂലം രാസവളത്തിന്റെ വില ഉയരുകയാണ്. ഇതിന് ആനുപാതികമായി സബ്സിഡി തുകയും ഉയരുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രാലയം വിശദീകരിക്കുന്നു. അന്താരാഷ്ട്രതലത്തിൽ രാസവളത്തിന്റെ വിലയിൽ 20 മുതൽ 30 ശതമാനത്തിന്റെ വരെ വർധനയുണ്ട്.
പാചകവാതക സബ്സിഡി 20,000 കോടിയായി വർധിക്കുമെന്നാണ് സർക്കാറിന്റെ കണക്കുകൂട്ടൽ. 5800 കോടി പാചകവാതക സബ്സിഡിയായി നൽകേണ്ടി വരുമെന്നാണ് കണക്ക് കൂട്ടിയിരുന്നത്. എന്നാൽ, ഉജ്വല യോജ പ്രകാരം തന്നെ 6100 കോടി സബ്സിഡി നൽകേണ്ടി വരും. കുറഞ്ഞ വിലക്ക് പാചകവാതകം വിൽക്കുമ്പോൾ എണ്ണ കമ്പനികൾക്കുണ്ടാവുന്ന നഷ്ടം നികത്താൻ 14,000 കോടിയും കൊടുക്കേണ്ടി വരും. ഇതിന് പുറമേ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കായി 15,000 കോടിയും അധികമായി കണ്ടെത്തേണ്ടി വരും. ബജറ്റിൽ 73,000 കോടിയാണ് സർക്കാർ തൊഴിലുറപ്പ് പദ്ധതിക്കായി വകയിരുത്തിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.