ന്യൂഡൽഹി: സർക്കാർ നയങ്ങളോട് എതിർ അഭിപ്രായം പ്രകടിപ്പിക്കാൻ പൗരന്മാർക്ക് അവകാശമുണ്ടെന്നും വിയോജിപ്പ് രേഖപ്പെടുത്തുന്നത് രാജ്യദ്രോഹക്കുറ്റമായി കണക്കാക്കാൻ കഴിയില്ലെന്നും സുപ്രീംകോടതി. ജമ്മു കശ്മീരിന് പ്രത്യേക പരിരക്ഷ നൽകുന്ന ഭരണഘടനയുടെ 370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് മുൻ മുഖ്യമന്ത്രിയും നാഷനൽ കോൺഫറൻസ് നേതാവുമായ ഫാറൂഖ് അബ്ദുല്ല നടത്തിയ പരാമർശത്തിൽ നടപടി ആവശ്യപ്പെട്ട് നൽകിയ ഹരജി തള്ളിയാണ് സുപ്രീം കോടതിയുടെ വിധി.
ജസ്റ്റിസ് സഞ്ജയ് കിഷൻ കൗൾ, ജസ്റ്റിസ് ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാറിെനതിരെയുള്ള വിയോജിപ്പ് രാജ്യദ്രോഹമല്ലെന്ന നിരീക്ഷണം നടത്തിയത്. ജമ്മു കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ ഫാറൂഖ് അബ്ദുല്ല ഇന്ത്യക്കെതിരെ ചൈനയുടെയും പാകിസ്താേൻറയും സഹായം തേടിയെന്നായിരുന്നു ആരോപണം. ആരോപണങ്ങൾ ശരിവെക്കുന്ന തെളിവുകൾ ഹാജരാക്കുന്നതിൽ പരാജയപ്പെട്ടതായി ചൂണ്ടിക്കാട്ടിയ കോടതി ഹരജിക്കാരായ രജത് ശർമ, ഡോ. നേഹ് ശ്രീവാസ്തവ എന്നിവർക്ക് 50,000 രൂപ പിഴയിട്ടു. ഇരുവരും വിശ്വ ഗുരു ഇന്ത്യ വിഷൻ എന്ന സംഘടനയുടെ ഭാരവാഹികളാണ്.
370ാം വകുപ്പ് റദ്ദാക്കിയതുമായി ബന്ധപ്പെട്ട് ഫാറൂഖ് അബ്ദുല്ല പറഞ്ഞ പ്രസ്താവന ചൈനയെയും പാകിസ്താനെയും സഹായിക്കുന്നതാണെന്നാണ് ഹരജിക്കാർ ചൂണ്ടിക്കാട്ടിയത്. ചൈനക്കൊപ്പം ചേരാൻ കശ്മീരികളോടുള്ള ആഹ്വാനമാണ് ഫാറൂഖ് അബ്ദുല്ല നടത്തിത് എന്ന ബി.ജെ.പി വക്താവ് സംപിത് പാത്രയുടെ പ്രസ്താവനയും ഹരജിക്കാർ ഉന്നയിച്ചു.
ഫാറൂഖ് അബ്ദുല്ല കുറ്റക്കാരനാണെന്നതിന് ഹരജിക്കാർ സമർപ്പിച്ച രേഖകൾ നിലനിൽക്കുന്നതല്ല. മാധ്യമങ്ങളിൽ പേരുവരാനാണ് ഇത്തരം കേസ് നൽകുന്നതിലൂടെ ഹരജിക്കാർ ആഗ്രഹിക്കുന്നത്. ഇതു പ്രോത്സാഹിപ്പിക്കാൻ പറ്റില്ല- കോടതി പറഞ്ഞു.
2019 ആഗസ്റ്റ് അഞ്ചിന് കശ്മീരിെൻറ പ്രത്യേക പദവി റദ്ദാക്കിയതിന് പിന്നാലെ തടവിലായ ഫാറൂഖ് അബ്ദുല്ല മാർച്ച് 13നാണ് മോചിതനായത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.