ന്യൂഡൽഹി: വിദ്വേഷ പ്രസംഗങ്ങളും വ്യാജ വാർത്തകളും നിയന്ത്രിക്കുന്നതിനായി അടിയന്തര നടപടിയെടുക്കാൻ ഗൂഗ്ളിനും സമൂഹ മാധ്യമ ഭീമൻമാരായ ഫേസ്ബുക്കിനും ട്വിറ്ററിനും നിർദേശം നൽകിയിരിക്കുകയാണ് ഡൽഹി ഹൈകോടതി. വിദ്വേഷ ഉള്ളടക്കം നീക്കം ചെയ്യാനായി പ്രത്യേക ഉദ്യോഗസ്ഥൻമാരെ നിയമിക്കണമെന്നാണ് ഹൈകോടതി ഉത്തരവിട്ടിരിക്കുന്നത്. തീരുമാനമെടുക്കാനായി ഒരു മാസത്തെ സമയവും നൽകിയിട്ടുണ്ട്.
വിദ്വേഷ ഉള്ളടക്കത്തിൻെറ പ്രചരണം തടയാൻ ജസ്റ്റിസ് ഡി.എൻ പട്ടേൽ, സി. ഹരിശങ്കർ എന്നിവരടങ്ങിയ പാനലിനെ ഡൽഹി ഹൈകോടതി നിയമിച്ചു. എല്ലാ സമൂഹ മാധ്യമ കമ്പനികളും വ്യാജ വാർത്തകളും വിദ്വേഷ പോസ്റ്റുകളും നിയന്ത്രിക്കാൻ ഒരാളെയെങ്കിലും ചുമതലപ്പെടുത്തണമെന്ന് ഇരുവരും ഉത്തരവിട്ടു. ഇതുമായി ബന്ധപ്പെട്ട അടുത്ത വാദം കേൾക്കൽ ഏപ്രിൽ 24ന് നടക്കും.
ഇന്ത്യയിൽ ഏറ്റവും കൂടുതൽ വ്യാജ വാർത്തകൾ പ്രചരിക്കുന്ന വാട്സ്ആപ്പിന് 40 കോടി ഉപയോക്താക്കളുണ്ടെന്നാണ് കണക്ക്. ഉത്തരവ് നടപ്പാക്കുന്നതോടെ വാട്സ്ആപ്പിൻെറ ഉള്ളടക്കം നിയന്ത്രിക്കുന്നതിലാവും ഫേസ്ബുക്ക് ഏറ്റവും അധ്വാനിക്കേണ്ടി വരുക.
അതേസമയം മുൻ ആർ.എസ്.എസ് നേതാവായ കെ.എൻ ഗോവിന്ദാചാര്യ ഇതുമായി ബന്ധപ്പെട്ട് നേരത്തെ നൽകിയ ഹരജിയിലാണ് ഡൽഹി ഹൈകോടതിയുടെ നടപടി. ആവിഷ്കാര സ്വാതന്ത്ര്യത്തിൻെറ പേരിൽ രാജ്യത്ത് ചിലർ വിഭാഗീയതയുണ്ടാക്കുന്നുവെന്നും അത് കലാപത്തിലേക്ക് നീങ്ങുന്നുവെന്നുമാണ് ഗോവിന്ദാചാര്യ കോടതിയിൽ പറഞ്ഞത്. ഇന്ത്യയുടെ നിയമമനുസരിച്ചല്ല സമൂഹ മാധ്യമങ്ങൾ പ്രവർത്തിക്കുന്നതെന്നും അത് നിയന്ത്രണ വിധേയമാക്കണമെന്നും ആർ.എസ്.എസ് നേതാവ് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.