അമേരിക്കയിൽ ട്രംപിന്‍റെ അനുയായികൾ കലാപം അഴിച്ചുവിട്ടതിനെ തുടർന്ന് ഫേസ്ബുക്ക് നടപടി എടുത്തതിനെ അഭിനന്ദിക്കുേമ്പാൾ തന്നെ ഇന്ത്യയിൽ കലാപകാരണമായ പോസ്റ്റുകൾ നീക്കാൻ പോലും അവർ മടിക്കുന്നതിനെതിരായ വിമർശനങ്ങളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ. അമേരിക്കയിൽ മാത്രം ജനാധിപത്യം പുലർന്നാൽ മതിയോ, ഇന്ത്യക്കാർക്ക് എന്തുമായിക്കോട്ടെയെന്നാണോ തുടങ്ങിയ ചർച്ചകളാണ് ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ ചൂടുപിടിക്കുന്നത്.
പാർലമെന്‍റിലേക്ക് ട്രംപ് അനുകൂലികൾ അതിക്രമിച്ചു കയറിയതിനെ തുടർന്ന്, ട്രംപിന്‍റെ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം അക്കൗണ്ടുകൾ മരവിപ്പിച്ചിരുന്നു. അധികാരകൈമാറ്റം സാധ്യമാകും വരെയെങ്കിലും അക്കൗണ്ടുകൾ മരിവിപ്പിച്ചു നിർത്തുമെന്ന് ഫേസ്ബുക്ക് സി.ഇ.ഒ മാർക്ക് സുക്കർബർഗ് അറിയിക്കുകയും ചെയ്തു. അമേരിക്കൻ ജനാധിപത്യത്തിന് ഭീഷണിയുണ്ടായപ്പോൾ അതിവേഗം നടപടി എടുത്ത ഫേസ്ബുക്ക്, സമാന പരാതികൾ ഇന്ത്യയിയുലയർന്നപ്പോൾ നടപടിയൊന്നും എടുത്തിരുന്നില്ല. കലാപാഹ്വാനങ്ങൾ മുഴക്കിയ സംഘപരിവാർ നേതാക്കൾക്കെതിരെ നടപടി എടുക്കണമെന്ന് നിരന്തരം ആവശ്യമുയർന്നിട്ടും ഫേസ്ബുക്ക് പ്രതികരിച്ചിരുന്നില്ല. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പ് കാലത്ത് വർഗീയ വിദ്വേഷം കലർന്ന നിരവധി പോസ്റ്റുകളും വിഡിയോകളും ഫേസ്ബുക്കിലൂടെ പ്രചരിച്ചിരുന്നു. നിരവധി ബി.ജെ.പി എം.എല്‍.എമാരുടെയും നേതാക്കളുടെയും വിദ്വേഷ പ്രസംഗങ്ങളും കലാപാഹ്വാനങ്ങളും ഫേസ്ബുക്കില്‍ നിന്നും ട്വിറ്ററില്‍ നിന്നും നീക്കം ചെയ്യാത്തതിനെതിരെ വ്യാപകമായി വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
പരിഹാസച്ചുവയുള്ള ട്വീറ്റുമായാണ് തൃണമൂൽ എം.പി മഹുവ മൊയ്ത്ര ഫേസ്ബുക്കിന്‍റെ ഇരട്ടത്താപ്പിനെ വിമർശിച്ചത്. ഇന്ത്യയില്‍ വിദ്വേഷ പ്രചരണങ്ങളും വ്യാജവാര്‍ത്തകളും പടച്ചുവിടുന്നവര്‍ക്കെതിരെ എന്നാണ് ഫേസ്ബുക്ക് നടപടിയെടുക്കുകയെന്ന് അവർ ചോദിച്ചു.
'സംഘർഷമുണ്ടാക്കുന്നത് തടയാൻ ഫേസ്ബുക്കും ഇൻസ്റ്റഗ്രാമും ട്രംപിന്‍റെ അക്കൗണ്ടുകൾ മരവിപ്പിച്ചിരിക്കുന്നു. ഇന്ത്യയിലും വിദ്വേഷ പ്രചരണങ്ങൾക്കും വ്യാജവാര്‍ത്തകൾക്കും എതിരെ അതേ മാനദണ്ഡങ്ങളും നടപടിയും എന്നാണുണ്ടാകുക. അതോ നിങ്ങളുടെ വാണിജ്യ സാധ്യതകളാണോ അതിനേക്കാൾ പ്രധാനം?'- മഹുവ ട്വീറ്റ് ചെയ്തു.
ബി.ജെ.പി നേതാവിനെതിരെ നടപടിയെടുക്കുന്നത് ഒഴിവാക്കണമെന്ന് ഫേസ്ബുക്കിന്‍റെ പോളിസി ഹെഡ് ആയിരുന്ന അങ്കി ദാസ് ഉപദേശിച്ചതായി വാള്‍സ്ട്രീറ്റ് ജേണലില്‍ റിപോര്‍ട്ട് വന്നിരുന്നു. മോദിയുടെ തെരഞ്ഞെടുപ്പ് വിജയത്തിന് സഹായിച്ചിരുന്നു എന്ന അർഥത്തിൽ അങ്കി ദാസ് പറഞ്ഞതായും റിപോർട്ടുണ്ടായിരുന്നു. ബി.ജെ.പി നേതാവിന്‍റെ വിദ്വേഷ പോസ്റ്റിനെതിരായ നടപടി ഒഴിവാക്കിയതു സംബന്ധിച്ച് നടത്തിയ അന്വേഷണത്തില്‍ കേന്ദ്ര സര്‍ക്കാരിനു വേണ്ടി ഫേസ്ബുക്ക് തങ്ങളുടെ മാനദണ്ഡങ്ങള്‍ തിരുത്തിയതായും കണ്ടെത്തിയിരുന്നു. ടൈംസ് മാഗസിനും ഫേസ്ബുക്കിന്‍റെ ഇന്ത്യയിലെ പക്ഷപാത നിലപാടിനെതിരെ റിപോര്‍ട്ട് ചെയ്തിരുന്നു. വിദ്വേഷ പ്രചരണങ്ങൾക്കെതിരെയുള്ള നയങ്ങൾ ഇന്ത്യയിൽ നടപ്പാക്കുന്നത് വാണിജ്യ താൽപര്യങ്ങൾക്ക് എതിരാകുമെന്ന് ഫേസ്ബുക്ക് ആശങ്കപ്പെടുന്നതായായിരുന്നു റിപോർട്ടുകൾ.
ട്രംപിന്‍റെ ട്വിറ്റര്‍ അക്കൗണ്ടും മരവിപ്പിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.