പി.ഐ.ബി ഉള്ളപ്പോൾ വസ്തുത പരിശോധന സംവിധാനം എന്തിന് -ബോംബെ ഹൈകോടതി


മുംബൈ: വാർത്തകളിലെ നെല്ലും പതിരും പരിശോധിക്കാൻ കേന്ദ്ര സർക്കാറിനു കീഴിൽ പ്രസ് ഇൻഫർമേഷൻ ബ്യൂറോ (പി.ഐ.ബി) പ്രവർത്തിക്കുമ്പോൾ മറ്റൊരു വസ്തുത പരിശോധന സംവിധാനം (ഫാക്ട് ചെക്കിങ് യൂനിറ്റ്) രൂപവത്കരിക്കുന്ന വിധത്തിൽ ഐ.ടി നിയമം ഭേദഗതി ചെയ്യുന്നതിന്റെ ആവശ്യകത ചോദ്യം ചെയ്ത് ബോംബെ ഹൈകോടതി.

നിലവിലെ പി.ഐ.ബി സംവിധാനത്തിന്റെ അപര്യാപ്തത എന്തെന്നും ഭേദഗതി എന്തുകൊണ്ട് അനിവാര്യമാണെന്നും വ്യക്തമാക്കാൻ ജസ്റ്റിസുമാരായ ജി.എസ്. പട്ടേൽ, നീല ഗോഖലെ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടു.

ഐ.ടി നിയമഭേദഗതിക്കെതിരെ സ്റ്റാൻഡപ് കൊമേഡിയൻ കുനാൽ കംറ, എഡിറ്റേഴ്സ് ഗിൽഡ് ഓഫ് ഇന്ത്യ, അസോസിയേഷൻ ഓഫ് ഇന്ത്യൻ മാഗസിൻസ് എന്നിവരാണ് ഹൈകോടതിയെ സമീപിച്ചത്.

സർക്കാറിനെക്കുറിച്ച് സമൂഹമാധ്യമങ്ങളിൽ വരുന്ന വാർത്തകൾ പരിശോധിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇലക്ട്രോണിക്സ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി മന്ത്രാലയത്തിനു കീഴിൽ പുതിയ വസ്തുത പരിശോധന സംവിധാനം രൂപവത്കരിക്കാൻ ഉദ്ദേശിക്കുന്നത്.

സർക്കാറിന്റെ നീക്കം സെൻസർഷിപ്പിലേക്ക് നയിക്കുമെന്നും ഭരണഘടന ഉറപ്പുനൽകുന്ന അഭിപ്രായ സ്വാതന്ത്ര്യത്തിനെതിരാണെന്നുമാണ് എഡിറ്റേഴ്സ് ഗിൽഡിന്റെ വാദം.

പൗരന്മാരിൽ സർക്കാറിനുള്ള വിശ്വാസക്കുറവാണ് പുതിയ സംവിധാനത്തിന്റെ രൂപവത്കരണത്തിലേക്ക് നയിച്ചതെന്നും സർക്കാർ പൗരന്മാരുടെ രക്ഷിതാവ് ചമയുകയാണെന്നും കുനാൽ കംറയുടെ അഭിഭാഷകൻ വാദിച്ചു.

എന്നാൽ, തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് ജനാധിപത്യത്തെ ബാധിക്കുമെന്നും ജനാധിപത്യ സംവിധാനങ്ങളിൽ ജനങ്ങൾക്ക് വിശ്വാസക്കുറവിന് കാരണമാകുമെന്നുമായിരുന്നു മന്ത്രാലയത്തിന്റെ മറുവാദം. ഉദ്ദേശ്യം നല്ലതാണെങ്കിലും ജനാധിപത്യവിരുദ്ധമാണെങ്കിൽ പുതിയ സംവിധാനം ഉപേക്ഷിക്കേണ്ടിവരുമെന്ന് ഡിവിഷൻ ബെഞ്ച് അഭിപ്രായപ്പെട്ടു.

വ്യാജ വാർത്ത, തെറ്റായ വാർത്ത, തെറ്റിദ്ധരിപ്പിക്കുന്ന വാർത്ത എന്നിവ എങ്ങനെ ഫാക്ട് ചെക്കിങ് യൂനിറ്റ് തിരിച്ചറിയുമെന്നും പത്രത്തിലെ ലേഖനങ്ങൾക്കും എഡിറ്റോറിയൽ ഉള്ളടക്കങ്ങൾക്കും പുതിയ നിയമം ബാധകമാകുമോയെന്നും കോടതി ചോദിച്ചു. ജൂലൈ 10 വരെ സംവിധാനം നടപ്പാക്കില്ലെന്ന് കേന്ദ്രസർക്കാർ നേരത്തേ കോടതിക്ക് ഉറപ്പുനൽകിയിരുന്നു.

Tags:    
News Summary - Fact check in case of PIB Why System -Bombay High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.