റായ്പൂർ: 2011ൽ ആദിവാസി പെൺകുട്ടിയെ വ്യാജ ഏറ്റുമുട്ടലിലൂടെ കൊന്ന കേസിൽ പ്രതികളായ രണ്ടുപൊലീസുകാരെ ഛത്തീസ്ഗഡ് കോടതി കുറ്റ വിമുക്തരാക്കി. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഹാജരാക്കുന്നതിൽ പ്രൊസിക്യൂഷൻ പരാജയപ്പെട്ടുവെന്ന് നിരീക്ഷിച്ചാണ് കോടതി പ്രതികളെ കുറ്റവിമുക്തരാക്കിയത്.
പ്രതികൾ കുറ്റം ചെയ്തുവെന്ന് സംശയിക്കാവുന്നതാണ്. എന്നാൽ സത്യസന്ധമായ അന്വേഷണമോ ശക്തമായ തെളിവുകളോ ഇല്ലാതെ പ്രതികൾ പറയപ്പെടുന്ന കുറ്റം ചെയ്തുവെന്ന് കോടതിക്ക് തീരുമാനിക്കാനാകില്ല. ശിക്ഷിക്കപ്പെടണമെങ്കിൽ ശക്തമായ തെളിവുകൾ ആവശ്യമാണെന്നും റായ്പൂർ സെഷൻ ജഡ്ജ് ശോഭന ഖോഷ്ത പറഞ്ഞു. പൊലീസുകാരായ ധരംദത് ധാനിയ, ജീവൻ ലാൽ രത്നാകർ എന്നിവരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്.
ധരംദത് ധാനിയ നിലവിൽ ദേശീയ സുരക്ഷാ സേനയിലും ജീവൻ ലാൽ രത്നാകർ ഛത്തീസ്ഗഡ് ആംഡ് ഫോഴ്സിൽ കോൺസ്റ്റബിളുമായാണ് ജോലി ചെയ്യുന്നത്. സംഭവത്തിൽ ഞെട്ടൽ രേഖപ്പെടുത്തിയ പെൺകുട്ടിയുടെ കുടുംബം കേസുമായി മുന്നോട്ടുപോകില്ലെന്നും പറഞ്ഞു.
ബൽറാംപുർ ജില്ലാ പൊലീസും ഛത്തീസ്ഗഡ് ആംഡ് ഫോഴ്സും ചേർന്ന് 2011 ജൂലൈ അഞ്ചിന് ബൽറാംപുർ ജില്ലയിലെ ചാണ്ടോ ഗ്രാമത്തിനടുത്ത് വെച്ചാണ് 16 കാരിയായ മീന ഖാൽഖൊയെ കൊന്നത്. പെൺകുട്ടി മാവോയിസ്റ്റാണെന്നായിരുന്നു പൊലീസ് വാദം. അതേസമയം, പെൺകുട്ടിയെ പൊലീസ് കൂട്ടബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് നാട്ടുകാർ ആരോപിച്ചു. പോസ്റ്റ് മോർട്ടം റിപ്പോർട്ടിൽ പെൺകുട്ടിയുടെ സ്വകാര്യ ഭാഗങ്ങളിൽ മുറിവുകളും വസ്ത്രത്തിൽ നിന്ന് ബീജവും കണ്ടെത്തിയിരുന്നു. പെൺകുട്ടി നിരവധി തവണ ബലാത്സംഗത്തിനിരയായിട്ടുണ്ടാകാമെന്നായിരുന്നു പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
നാട്ടുകാരുടെ പ്രതിഷേധത്തെ തുടർന്ന് കേസ് അന്വേഷിക്കാനായി ജില്ലാ ജഡ്ജിയുടെ നേതൃത്വത്തിലുള്ള ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചിരുന്നു. പൊലീസ് വെടിയുണ്ടയാണ് പെൺകുട്ടിയെ കൊന്നതെന്ന് കമ്മീഷൻ റിപ്പോർട്ടിൽ പറയുന്നു. പ്രായപൂർത്തിയാകാത്ത പെൺകുട്ടി നക്സലാണെന്ന വാദവും പൊലീസിന്റെ ഏറ്റുമുട്ടൽ വാദവും റിപ്പോർട്ടിൽ ചോദ്യം ചെയ്തിരുന്നു.
2015ൽ നിയമസഭയിൽ സമർപ്പിച്ച 45 പേജുള്ള റിപ്പോർട്ടിൽ നക്സലൈറ്റാണെന്ന പൊലീസ് വാദം തള്ളുകയും ബലാത്സംഗത്തിന് വിധേയയാക്കിയ ശേഷം പൊലീസ് വെടിവെച്ച് കൊന്നതാണെന്ന് ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് കമ്മീഷൻ നിർദേശ പ്രകാരമാണ് പുതിയ അന്വേഷണ സംഘത്തെ നിയോഗിക്കുകയും കൊലപാതകത്തിനടക്കം കേസെടുക്കുകയും ചെയ്തത്. ധരംദത് ധാനിയ, ജീവൻ ലാൽ രത്നാകർ, ചാണ്ടോ സ്റ്റേഷൻ ഇൻ ചാർജ് നികോഡിൻ കെസ് എന്നിവർക്കെതിരായിരുന്നു കേസ്. നികോഡിൻ വിചാരണക്കിടെ മരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.