ന്യൂഡൽഹി: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജവാർത്ത പ്രചരിപ്പിച്ച സീ ന്യൂസ് ചാനൽ മാപ്പ് പറഞ്ഞു. രണ്ട് ജീവനക്കാരെ പുറത്താക്കുകയും ചെയ്തു. ഉദയ്പുരിൽ തയ്യൽക്കാരനെ കൊന്നവരെ 'കുട്ടികൾ' എന്ന് രാഹുൽ വിശേഷിപ്പിച്ചുവെന്നാണ് ചാനൽ വാർത്ത നൽകിയത്. വയനാട്ടിൽ തന്റെ ഓഫിസ് എസ്.എഫ്.ഐ പ്രവർത്തകർ തകർത്തതുമായി ബന്ധപ്പെട്ട പ്രസ്താവനയുടെ ഭാഗങ്ങൾ എടുത്ത് ഉദയ്പുർ കൊലപാതകത്തെക്കുറിച്ചുള്ള പ്രതികരണമായി സംപ്രേഷണം ചെയ്യുകയായിരുന്നു. ഉദയ്പുർ കൊലക്കേസ് പ്രതികളോട് തനിക്ക് ദേഷ്യമില്ലെന്ന് രാഹുൽ ഗാന്ധി പറഞ്ഞു എന്നതരത്തിലായിരുന്നു വാർത്ത. രോഹിത് രഞ്ജൻ അവതാരകനായ ചാനലിന്റെ പ്രൈംടൈം ഷോ ഡി.എൻ.എയിലായിരുന്നു ഇത്. "ഇത് ചെയ്ത കുട്ടികൾ… അവർ നിരുത്തരവാദപരമായ രീതിയിൽ പ്രവർത്തിച്ചു.
എനിക്ക് അവരോട് ദേഷ്യമോ ശത്രുതയോ ഇല്ല... അവർ കുട്ടികളാണ്, ഇത്തരം കാര്യങ്ങളുടെ അനന്തരഫലങ്ങൾ അവർ അറിഞ്ഞാകുമെന്ന് ഞാൻ കരുതുന്നില്ല'' എന്ന കൽപറ്റയിലെ പ്രതികരണമാണ് കൊലക്കേസ് വാർത്തക്കൊപ്പം ചേർത്തത്. ഉദയ്പുർ കൊലപാതകത്തിലെ ഘാതകരോട് രാഹുൽ 'അനുഭാവം' കാണിക്കുന്നുവെന്ന് ആരോപിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ വിഡിയോ ക്ലിപ് വ്യാപകമായി ഷെയർ ചെയ്യപ്പെട്ടു.
ഗാന്ധിയെയും കോൺഗ്രസിനെയും അപകീർത്തിപ്പെടുത്താൻ ചില നേതാക്കൾ സീ ന്യൂസ് വ്യാജ വിഡിയോ ഷെയർ ചെയ്യുന്നതിനെതിരെ കോൺഗ്രസ് നേതാവ് ജയ്റാം രമേശ് ബി.ജെ.പി അധ്യക്ഷൻ ജെ.പി. നഡ്ഡക്ക് കത്തയച്ചിരുന്നു.
ബി.ജെ.പി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ രാജ്യവർധൻ സിങ് റാത്തോഡ് കോൺഗ്രസിനെ കടന്നാക്രമിച്ച് ഈ വിഡിയോ പങ്കുവെച്ചതിന് പിന്നാലെയായിരുന്നു ഇത്. സംഭവം വിവാദമായതോടെയാണ് ഖേദപ്രകടനവുമായി ചാനൽ രംഗത്തെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.