വ്യാജ വാർത്തകൾക്ക് ജനാധിപത്യത്തെ തകർക്കാനുള്ള ശേഷിയുണ്ടെന്ന് ചീഫ് ജസ്റ്റിസ്

ന്യൂഡൽഹി: വ്യാജ വാർത്തകൾക്ക് ജനാധിപത്യത്തെ തകർക്കാനുള്ള ശേഷിയുണ്ടെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഢ്. രാംനാഥ് ഗോയങ്ക മാധ്യമ പുരസ്കാര വിതരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

1975ലെ അടിയന്തരാവസ്ഥയെ കുറിച്ച് ചീഫ് ജസ്റ്റിസ് പറഞ്ഞു. അടിയന്തരാവസ്ഥ ഭയാനകമായ ഒരു കാലമായിരുന്നെങ്കിലും നിർഭയമായ മാധ്യമപ്രവർത്തനത്തിന് അത് തുടക്കം നൽകി. നിരപരാധികളുടെ അവകാശങ്ങൾ കവരാതെ വിവരങ്ങൾ ജനങ്ങളിലെത്തിക്കുകയെന്ന ചുമതലയാണ് മാധ്യമങ്ങൾക്കുള്ളത്. ഉത്തരവാദിത്ത മാധ്യമപ്രവർത്തനമാണ് സത്യത്തിന് വെളിച്ചം കാട്ടുന്നത്. അതാണ് ജനാധിപത്യത്തെ മുന്നോട്ട് നയിക്കുന്നത്.

ഡിജിറ്റൽ യുഗത്തിലൂടെ കടന്നുപോകുമ്പോൾ മാധ്യമപ്രവർത്തകർ കൃത്യത, പക്ഷപാതമില്ലായ്മ, നിർഭയത്വം എന്നിവ വാർത്തകളിൽ സൂക്ഷിക്കേണ്ടതുണ്ട്. മാധ്യമസ്വാതന്ത്ര്യത്തിന്‍റെ പ്രാധാന്യത്തെ കുറിച്ചും ചീഫ് ജസ്റ്റിസ് പറഞ്ഞു. മാധ്യമസ്വാതന്ത്ര്യമുണ്ടെങ്കിൽ മാത്രമേ രാജ്യത്ത് ജനാധിപത്യത്തിന് നിലനിൽപ്പുണ്ടാകൂവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

കോടതി വ്യവഹാരങ്ങളുമായി ബന്ധപ്പെട്ടുള്ള ലീഗൽ ജേണലിസം അടുത്തകാലത്തായി വർധിച്ചുവരുന്നത് ചീഫ് ജസ്റ്റിസ് എടുത്തുപറഞ്ഞു. എന്നാൽ, ജഡ്ജിമാരുടെ പ്രസ്താവനകളിൽ നിന്ന് ചിലത് മാത്രം അടർത്തിയെടുത്ത് റിപ്പോർട്ട് ചെയ്യുന്നത് കോടതികളെ കുറിച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും ജഡ്ജിമാർക്ക് ആശങ്കയുണ്ടാക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.

വ്യാജവാർത്തകൾക്ക് സമൂഹത്തിൽ ഭിന്നതയുണ്ടാക്കാനാകും. സത്യത്തിനും നുണക്കും ഇടയിൽ പാലമുണ്ടാക്കാൻ സാധിക്കണം. വ്യാജവാർത്തകളെ തകർക്കാൻ സാധിച്ചില്ലെങ്കിൽ അതിന് ജനാധിപത്യത്തെ തന്നെ തകർക്കാനുള്ള ശേഷിയുണ്ട് -ചീഫ് ജസ്റ്റിസ് പറഞ്ഞു. 

Tags:    
News Summary - Fake news has capacity to destroy democracy, says CJI

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.