ന്യൂഡൽഹി: ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ വ്യാജവാർത്ത നൽകിയെന്ന ആരോപണത്തിന് വിധേയമായ 'ദ വയർ' വാർത്ത പോർട്ടൽ, തങ്ങളുടെ മുൻ കൺസൽട്ടന്റിനെതിരെ പൊലീസിൽ പരാതി നൽകി. പോർട്ടലിന്റെ മുൻ കൺസൽട്ടന്റ് ദേവേശ് കുമാറിനെതിരെ ശനിയാഴ്ച ഇ-മെയിൽ വഴി 'വയറി'ന്റെ പരാതി ലഭിച്ചതായി ഡൽഹി പൊലീസിലെ ഉദ്യോഗസ്ഥൻ വ്യക്തമാക്കി.
തന്റെ പദവിക്കും സൽപ്പേരിനും കളങ്കമുണ്ടാക്കുംവിധം വഞ്ചനയും കൃത്രിമവും കാണിച്ച് പോർട്ടൽ വ്യാജവാർത്തകൾ പ്രസിദ്ധീകരിച്ചുവെന്ന് ആരോപിച്ച് മാളവ്യയും ഡൽഹി പൊലീസ് കമീഷണർക്ക് പരാതി നൽകിയിരുന്നു. 'ദ വയർ' സ്ഥാപക എഡിറ്റർമാരായ സിദ്ധാർഥ വരദരാജൻ, എം.കെ. വേണു, ഡെപ്യൂട്ടി എഡിറ്റർ ഝാൻവി സെൻ, വയറിന്റെ പ്രസാധകരായ 'ഫൗണ്ടേഷൻ ഫോർ ഇൻഡിപെൻഡന്റ് ജേണലിസം' എൻ.ജി.ഒ എന്നിവർക്കെതിരെയാണ് മാളവ്യയുടെ പരാതി. ഇതിൽ അന്വേഷണം ആരംഭിച്ചുവെന്ന് പൊലീസ് പറഞ്ഞു.
സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളായ ഫേസ്ബുക്ക്, ഇൻസ്റ്റഗ്രാം എന്നിവയിൽ അമിത് മാളവ്യക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുണ്ടെന്നും ഇവയിലെ ഏതെങ്കിലും ഉള്ളടക്കം ബി.ജെ.പിയുടെ താൽപര്യങ്ങൾക്കെതിരായതാണെന്ന് മാളവ്യ പറഞ്ഞാൽ അത് തമസ്കരിക്കപ്പെടുന്ന അവസ്ഥയുണ്ടെന്നും സൂചന നൽകുന്നതായിരുന്നു വയറിന്റെ വാർത്തകൾ. പിന്നീട്, ഈ വാർത്തകൾ പോർട്ടൽ പിൻവലിക്കുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്യുകയുണ്ടായി. തന്റെ ഔദ്യോഗിക പദവിയെ അപകീർത്തിപ്പെടുത്തിയിട്ടും വയർ തന്നോട് ക്ഷമാപണം അറിയിച്ചില്ലെന്നും ബി.ജെ.പി നേതാവ് പരാതിയിൽ ചൂണ്ടിക്കാട്ടി.
ഇതിനിടെ, തങ്ങൾക്ക് സംഭവിച്ച പിശക് സൂചിപ്പിച്ച് വയർ കഴിഞ്ഞദിവസം പ്രസ്താവന ഇറക്കിയിരുന്നു. മാധ്യമപ്രവർത്തകർ വാർത്തകൾക്കുവേണ്ടി വിവിധ ഉറവിടങ്ങളെ ആശ്രയിക്കാറുണ്ടെന്നും അങ്ങനെ ലഭിക്കുന്ന വാർത്തകളുടെ വിശ്വാസ്യത ഉറപ്പാക്കാൻ തങ്ങളാൽ കഴിയുംവിധം ശ്രമിക്കാറുണ്ടെന്നും പോർട്ടൽ പ്രസ്താവനയിൽ അവകാശപ്പെട്ടു.
''സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള തെളിവുകൾ ഏറെ സങ്കീർണമാണ്. അതുകൊണ്ടുതന്നെ ഒരു മാധ്യമസ്ഥാപനത്തെ അപകടത്തിൽപെടുത്താൻ നടത്തിയ വഞ്ചന കണ്ടെത്താൻ സാധാരണഗതിയിലുള്ള സൂക്ഷ്മതയും ജാഗ്രതയും കൊണ്ടുമാത്രം കഴിഞ്ഞു കൊള്ളണമെന്നില്ല. ഇതാണ് ഞങ്ങൾക്ക് സംഭവിച്ചത്''-വാർത്ത ഉറവിടം തങ്ങളെ തെറ്റിദ്ധരിപ്പിക്കുകയായിരുന്നുവെന്ന സൂചന നൽകിയുള്ള പ്രസ്താവനയിൽ 'ദ വയർ' വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.