ബംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ വ്യാജ വിഡിയോ ട്വീറ്റ് ചെയ്ത ബി.ജെ.പി ഐ.ടി സെൽ മേധാവി അമിത് മാളവ്യക്കെതിരെ ബംഗളൂരു പൊലീസ് കേസെടുത്തു.
മാളവ്യയുടെ ട്വീറ്റ് സാമുദായിക സൗഹാർദം തകർക്കുന്നതാണെന്നും ജനങ്ങൾക്കിടയിൽ ശത്രുത വളർത്തുന്നതാണെന്നും ചൂണ്ടിക്കാട്ടി കെ.പി.സി.സി കമ്യൂണിക്കേഷൻ-സമൂഹമാധ്യമ വിഭാഗം ചെയർമാനും ഐ.ടി-ബി.ടി മന്ത്രിയുമായ പ്രിയങ്ക് ഖാർഗെ, കോ -ചെയർമാൻ രമേശ് ബാബു എന്നിവർ നൽകിയ പരാതിയിലാണ് ബംഗളൂരു ഹൈഗ്രൗണ്ട് പൊലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തത്.
ബി.ജെ.പി ദേശീയ അധ്യക്ഷൻ ജെ.പി. നഡ്ഡ, ബി.ജെ.പി ചണ്ഡിഗഢ് അധ്യക്ഷൻ അരുൺ സൂദ് എന്നിവർക്കെതിരെയും കേസെടുക്കണമെന്ന് പരാതിയിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇസ്ലാം മത വിശ്വാസികളുമായുള്ള രാഹുൽ ഗാന്ധിയുടെ സംഭാഷണത്തിന്റെ വിഡിയോ തെറ്റായി അവതരിപ്പിച്ചത് ഞെട്ടിപ്പിക്കുന്നതാണ്. വിഡിയോയിൽ ഉപയോഗിച്ചിരുന്ന സിനിമാ ഗാനത്തിന്റെ വരികൾ മാറ്റി. ജനങ്ങൾക്കിടയിൽ ശത്രുത വളർത്താനുള്ള ഗൂഢാലോചനയാണ് അമിത് മാളവ്യയുടെ ഭാഗത്തുനിന്നുണ്ടായത്.
ട്വീറ്റ് രാഹുൽ ഗാന്ധിയെ അപമാനിക്കുന്നതാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടി. ജൂൺ 17ന് ആയിരുന്നു പരാതിക്കിടയാക്കിയ ട്വീറ്റ്. അമിത് മാളവ്യക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 153 എ (വിവിധ വിഭാഗങ്ങൾക്കിടയിൽ ശത്രുതയുണ്ടാക്കൽ), 120 ബി (ക്രിമിനൽ ഗൂഢാലോചന), 505 -രണ്ട് (ശത്രുതയുണ്ടാക്കുന്ന പ്രസ്താവന നടത്തൽ) വകുപ്പുകൾ പ്രകാരമാണ് കേസ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.