കോ​ലാ​ർ സീ​റ്റ് വി​ഷ​യ​ത്തി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി മ​ന്ത്രി ഡോ. ​എം.​സി. സു​ധാ​ക​ർ ബു​ധ​നാ​ഴ്ച ബം​ഗ​ളൂ​രു​വി​ൽ വി​ധാ​ൻ സൗ​ധ​യി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ കാ​ണു​ന്നു

കർണാടകയിൽ കോൺഗ്രസ് സീറ്റിൽ ‘കുടുംബ’ കലഹം’

ബംഗളൂരു: കർണാടകയിൽ മന്ത്രിമാരുടെയും എം.എൽ.എമാരുടെയും മക്കളും മരുമക്കളും ഭാര്യയുമടക്കം സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെട്ടതിന് പിന്നാലെ പാർട്ടിയിൽ കലഹം. കോലാറിൽ മന്ത്രി കെ.എച്ച്. മുനിയപ്പയുടെ മരുമകന് സീറ്റ് നൽകാനുള്ള ഹൈകമാൻഡ് തീരുമാനമാണ് നേതാക്കളെ ചൊടിപ്പിച്ചത്.

മുനിയപ്പയുടെ മകൾ രൂപകല ശശിധർ നിലവിൽ കെ.ജി.എഫ് എം.എൽ.എയാണ്. അച്ഛൻ മന്ത്രിയും മകൾ എം.എൽ.എയുമായിരിക്കെ മരുമകന് ലോക്സഭ സീറ്റുകൂടി നൽകിയതാണ് പ്രതിഷേധത്തിനിടയാക്കിയത്.

കോലാർ സീറ്റിലെ തീരുമാനം പിൻവലിച്ചില്ലെങ്കിൽ രാജിവെക്കുമെന്ന ഭീഷണിയുമായി മന്ത്രി ഡോ. എം.സി. സുധാകർ അടക്കം മൂന്നു എം.എൽ.എമാരും രണ്ടു എം.എൽ.സിമാരും രംഗത്തുവന്നു.

സുധാകറിന് പുറമെ കൊത്തൂർ മഞ്ജുനാഥ്, നഞ്ചെഗൗഡ എന്നീ എം.എൽ.എമാരും മുഖ്യമന്ത്രിയുടെ രാഷ്ട്രീയകാര്യ സെക്രട്ടറി നസീർ അഹമ്മദ്, അനിൽകുമാർ എന്നീ എം.എൽ.സിമാരുമാണ് രാജിഭീഷണി മുഴക്കിയത്.

പാർട്ടിയിൽ മറ്റുള്ളവർക്ക് അവസരം നൽകണമെന്നും കോലാർ സീറ്റ് എസ്.സി ഗണത്തിലെ വലതുവിഭാഗത്തിന് നൽകണമെന്നും അവർ ആവശ്യപ്പെട്ടു. ഹൈകമാൻഡ് നടപടിയെടുത്തില്ലെങ്കിൽ സ്പീക്കറെ കണ്ട് രാജിക്കത്ത് കൈമാറുമെന്ന് അവർ വ്യക്തമാക്കി. തർക്കം നിലനിൽക്കുന്ന കോലാർ അടക്കം നാലു സീറ്റുകളിൽക്കൂടി കോൺഗ്രസ് സ്ഥാനാർഥികളെ പ്രഖ്യാപിക്കാനുണ്ട്.

കർണാടകയിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ മരുമകനു പുറമെ അഞ്ചു മന്ത്രിമാരുടെ മക്കൾ, ഒരു മന്ത്രിയുടെ ഭാര്യ, ഒരു മന്ത്രിയുടെ മരുമകൻ എന്നിവരെ സ്ഥാനാർഥിപ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു.

ഖാർഗെയുടെ മരുമകൻ രാധാകൃഷ്ണ ദൊഡ്ഡമണി ഗുൽബർഗ (കലബുറഗി), മന്ത്രി സതീഷ് ജാർക്കിഹോളിയുടെ മകൾ പ്രിയങ്ക ജാർക്കിഹോളി (ചിക്കോടി), മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിന്റെ മകൻ മൃണാൾ രവീന്ദ്ര ഹെബ്ബാൾക്കർ (ബെളഗാവി), മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകൾ സൗമ്യ റെഡ്ഡി (ബംഗളൂരു സൗത്ത്), മന്ത്രി ശിവാനന്ദ് പാട്ടീലിന്റെ മകൾ സംയുക്ത എസ്. പാട്ടീൽ (ബാഗൽകോട്ട്), മന്ത്രി ഈശ്വർഖ​ണ്ഡ്രെയുടെ മകൻ സാഗർ ഖണ്ഡ്രെ (ബിദർ) എന്നിവരും മന്ത്രി എസ്.എസ്. മല്ലികാർജുനിന്റെ ഭാര്യ പ്രഭ മല്ലികാർജുൻ (ദാവൻഗരെ) എന്നിവർക്കാണ് സീറ്റ് നൽകിയത്.

അതേസമയം, സീറ്റിനെച്ചാല്ലി ബി.ജെ.പിയിലും കലഹം തുടരുകയാണ്. മാണ്ഡ്യ സീറ്റ് ജെ.ഡി-എസിന് വിട്ടുനൽകിയതിൽ പ്രതിഷേധിച്ച് ബി.ജെ.പി എം.എൽ.സി തേജസ്വിനി ഗൗഡ ബുധനാഴ്ച രാജിവെച്ചു. 

Tags:    
News Summary - Family conflict in Congress seat in Karnataka

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.