ബംഗളൂരു: പുത്രൻ ലൈംഗികാതിക്രമ, തട്ടിക്കൊണ്ടുപോകൽ കേസുകളിൽ പ്രതി. പൗത്രൻ ഇന്റർപോളും കർണാടക പൊലീസും തിരയുന്ന കുറ്റവാളി-എച്ച്.ഡി. ദേവഗൗഡ ഈ അവസ്ഥയിൽ എങ്ങനെ ജന്മദിനം ആഘോഷിക്കും? തനിക്ക് അതിനാവില്ലെന്നാണ് മുൻ പ്രധാനമന്ത്രി കൂടിയായ ഗൗഡ വ്യാഴാഴ്ച പ്രതികരിച്ചത്. ‘ശനിയാഴ്ച തനിക്ക് 91 വയസ്സ് പൂർത്തിയാകുന്ന ദിവസം. ആരോഗ്യമുണ്ട്, പക്ഷേ അകം പുകയുകയാണ്.
ആഘോഷമില്ല. നിങ്ങൾ എവിടെയാണോ അവിടെനിന്ന് ആശംസ നേരുക’ -ഫാൻസിനോടും പാർട്ടി പ്രവർത്തകരോടും ഗൗഡയുടെ അഭ്യർഥന. അധ്യാപക, ബിരുദ മണ്ഡലം എം.എൽ.സി തെരഞ്ഞെടുപ്പിൽ ജെ.ഡി.എസ്-ബി.ജെ.പി സഖ്യ സ്ഥാനാർഥികളുടെ വിജയത്തിനായി രംഗത്തിറങ്ങണമെന്ന് അദ്ദേഹം പ്രവർത്തകരോട് ആവശ്യപ്പെട്ടു.
ജന്മദിന ആഘോഷവേളകളിൽ ഗൗഡയുടെ ഭാര്യ ചെന്നമ്മയുടെ അരികുചേർന്നായിരുന്നു മൂത്ത മകൻ 67 കാരനായ മുൻ മന്ത്രി എച്ച്.ഡി. രേവണ്ണ എം.എൽ.എയുടെ ഇരിപ്പിടം. ഇദ്ദേഹം ഗൗഡയുടെ ബംഗളൂരുവിലെ വീട്ടിൽ തങ്ങുകയാണിപ്പോൾ. മൈസൂരു ജില്ലയിലെ സ്വന്തം വീട്ടിലോ നാട്ടിലോ ഇറങ്ങരുതെന്നാണ് ജനപ്രതിനിധികളുടെ പ്രത്യേക കോടതിയുടെ ജാമ്യ വ്യവസ്ഥ. ലൈംഗിക അതിക്രമക്കേസിലും പരാതിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലും പ്രതിയാണ് രേവണ്ണ.
പൗത്രൻ ഹാസൻ മണ്ഡലം ജെ.ഡി.എസ് എം.പി പ്രജ്വൽ രേവണ്ണ കൂട്ട ലൈംഗിക അതിക്രമ കേസിലാണ് പ്രതി. വീണ്ടും ജനവിധി തേടിയ പ്രജ്വൽ കഴിഞ്ഞ മാസം 27 ന് കർണാടക വിട്ടതാണ്. ജർമനിയിലേക്ക് പറക്കാൻ നയതന്ത്ര പാസ്പോർട്ട് തുണച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.