'അഞ്ജലി'ക്ക് ആദരാഞ്ജലി; പ്രിയപ്പെട്ട വളർത്തുനായയുടെ ശവസംസ്‍കാരം നടത്തി കുടുംബം

കട്ടക്ക്:  ജീവനോളം സ്നേഹിച്ച വളർത്തു നായക്ക് ശവസംസ്കാര ചടങ്ങ് നടത്തി കുടുംബം. ഒഡിഷയിലെ ഗജപതി ജില്ലയിലാണ് വളർത്തു മൃഗത്തിന് ആചാര പ്രകാരം ശവസംസ്കാര ഘോഷയാത്രയും സംസ്കാര ചടങ്ങും നടത്തിയത്. വ്യാപാരിയായ തുനു ഗൗഡയുടെ വളർത്തുനായ 'അഞ്ജലി'യുടെ ശവസംസ്കാര ചടങ്ങാണ് കൊട്ടും വാദ്യോപകരണങ്ങളും വെടിക്കെട്ടുമായി പരലഖേമുണ്ടി ടൗണാകെ നിറഞ്ഞത്.


ഗൗഡയുടെ നേതൃത്വത്തിലായിരുന്നു ചടങ്ങുകൾ. തിങ്കളാഴ്ച രാവിലെ ഏഴുമണിയോടെയാണ് നായ ചത്തത്. വെറ്ററിനറി ഡോക്ടർമാർ പരിശ്രമിച്ചെങ്കിലും 'അഞ്ജലി'യെ രക്ഷപ്പടുത്താൻ കഴിഞ്ഞില്ല. പിതാവിന്റെ മരണത്തെ തുടർന്ന് ഗൗഡയുടെ കുടുംബം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിട്ടിരുന്നു. പലകടകളിലും ജോലി ചെയ്താണ് ഗൗഡ ഉപജീവനം നടത്തിയിരുന്നത്.


ഒരുപാട് വളർത്തു മൃഗങ്ങളെ വളർത്തിയിരുന്ന തന്റെ കുടുംബത്തിൽ 16 വർഷം മുമ്പ് 'അഞ്ജലി' എത്തിയ ശേഷമാണ് ഭാഗ്യം കൂട്ടുവന്നതെന്നാണ് ഗൗഡയുടെ പക്ഷം. 'കഴിഞ്ഞ 16 വർഷം അവൾ എനിക്കൊപ്പമുണ്ടായിരുന്നു. അഞ്ജലി വരുന്നതിനുമുമ്പ് കടുത്ത പ്രതിസന്ധിയിലായിരുന്നു ഞങ്ങളെങ്കിൽ, അവളുടെ വരവോടെ അതെല്ലാം മാറി സാമ്പത്തികമായി മികച്ച നിലയിലെത്തി' -ഗൗഡ പറഞ്ഞു.


വർഷങ്ങളായി ഒപ്പമുണ്ടായിരുന്ന വളർത്തു നായയുടെ മരണത്തിൽ അങ്ങേയറ്റം ദു:ഖിതരായിരുന്ന കുടുംബത്തിലെ പല അംഗങ്ങളും നിയന്ത്രണം വിട്ടു കരയുന്നതും കാണാമായിരുന്നു. കുടുംബാംഗത്തെ പോലെ ആയതിനാലാണ് മനുഷ്യർക്ക് ചെയ്യുന്നതുപോലുള്ള സംസ്കാര ചടങ്ങുകൾ നടത്തിയതെന്ന് കുടുംബം പറയുന്നു.


മഞ്ഞൾ വെള്ളത്തിൽ കുളിപ്പിച്ചും പുതിയ ഉടുപ്പ് ധരിപ്പിച്ചുമാണ് അലങ്കരിച്ച വാഹനത്തിൽ നായയെ ശ്മശാനത്തിലേക്ക് കൊണ്ടുപോയത്. നിരവധി മൃഗ സ്നേഹികൾ അഞ്ജലിയുടെ ശവസംസ്കാരത്തിനായി ഗൗഡയ്ക്കും കുടുംബത്തിനുമൊപ്പമെത്തി. ഗൗഡയാണ് സംസ്കാര ചടങ്ങിൽ അന്ത്യകർമങ്ങൾ നിർവഹിച്ചത്.

Tags:    
News Summary - familybidsfarewelltotheirbelovedpetdog

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.