ആവശ്യമെങ്കിൽ കാർഷിക നിയമങ്ങൾ തിരികെ കൊണ്ടുവരുമെന്ന് രാജസ്ഥാൻ ഗവർണർ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പിൻവലിക്കുമെന്ന് പ്രഖ്യാപിച്ച വിവാദ കാർഷിക നിയമങ്ങൾ ആവശ്യമെങ്കിൽ തിരികെ കൊണ്ടുവരുമെന്ന് രാജസ്ഥാൻ ഗവർണർ കൽരാജ് മിശ്ര. കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങൾ മനസ്സിലാക്കാൻ കർഷകർക്ക് സാധിച്ചില്ലെന്നും കൽരാജ് മിശ്ര പറഞ്ഞു.

'കാർഷിക നിയമങ്ങളുടെ ഗുണഫലങ്ങൾ കർഷകരെ മനസിലാക്കാൻ സർക്കാർ ശ്രമിച്ചു. എന്നാൽ, നിയമങ്ങൾ പിൻവലിക്കണമെന്ന നിർബന്ധബുദ്ധിയായിരുന്നു കർഷകർക്ക്. കർഷകരുടെ ആവശ്യപ്രകാരം ഇപ്പോൾ പിൻവലിക്കാമെന്നാണ് സർക്കാർ ചിന്തിച്ചിരിക്കുന്നത്. എന്നാൽ, ആവശ്യമെങ്കിൽ തിരികെ കൊണ്ടുവരും' -കൽരാജ് മിശ്ര പറഞ്ഞു.

19നാണ് കാർഷിക ബില്ലുകൾ പിൻവലിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ചത്. ബില്ലുകൾ പിൻവലിക്കാനുള്ള തീരുമാനത്തിന് ഈമാസം 24ന് ചേരുന്ന കേന്ദ്ര മന്ത്രിസഭ യോഗം അംഗീകാരം നൽകിയേക്കും.

2020 സെപ്റ്റംബറിലാണ് ലോക്സഭയും രാജ്യസഭയും ബില്ല് പാസ്സാക്കിയത്. പിന്നാലെ രാഷ്ട്രപതിയും ഒപ്പുവെച്ചു. എന്നാൽ, കർഷകർ സമരവുമായി മുന്നോട്ടുപോയതോടെയാണ് ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാർ തയാറായാത്. യു.പി, പഞ്ചാബ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ തിരിച്ചടിയേൽക്കുമെന്ന സൂചനകളും ബില്ലുകൾ പിൻവലിക്കാൻ കേന്ദ്ര സർക്കാറിനെ നിർബന്ധിതരാക്കി.

Tags:    
News Summary - Farm laws will be formed again later if needed: Rajasthan Governor Kalraj Mishra

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.