ന്യൂഡൽഹി: കർഷകരുടെ സമരം നാലാം ദിവസത്തിലേക്ക് കടന്നിരിക്കെ പൊലീസ് അതിക്രമത്തിൽ പരിക്കേറ്റ കർഷൻ മരിച്ചു. 65കാരനായ ഗുരുദാസ്പൂർ സ്വദേശി ഗ്യാൻ സിങ് ആണ് മരിച്ചത്.
ഫെബ്രുവരി 13 ന് ഹരിയാന പൊലീസ് നടത്തിയ കണ്ണീർ വാതക പ്രയോഗത്തെ തുടർന്ന് ഗ്യാൻ സിങ് അസ്വസ്ഥത പ്രകടിപ്പിച്ചിരുന്നെന്ന് കൂടെയുണ്ടായിരുന്ന അനന്തരവൻ പറഞ്ഞു. കഴിഞ്ഞ ദിവസം ആരോഗ്യനില മോശമായതോടെ ആദ്യം രാജ്പുര സിവിൽ ആശുപത്രിയിലും പിന്നീട് പട്യാലയിലെ രജീന്ദ്ര മെഡിക്കൽ കോളജിലും പ്രവേശിപ്പിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് മെഡിക്കൽ റിപ്പോർട്ടുകൾ. കിസാൻ മസ്ദൂർ മോർച്ച അംഗമായിരുന്നു ഗ്യാൻ സിങ്.
വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം നടപ്പാക്കൽ ഉൾപ്പെടെ 12 ആവശ്യങ്ങളുന്നയിച്ച് നടത്തുന്ന കർഷക സമരം അവസാനിപ്പിക്കാനുള്ള സർക്കാറിന്റെ അനുനയ നീക്കം സജീവമാണ്. ഇന്നലെ നടന്ന ചർച്ച പരാജയപ്പെട്ടിരുന്നു. ഞായറാഴ്ച വീണ്ടും കർഷക സംഘടന നേതാക്കളുമായി മന്ത്രിതല സമിതി ചർച്ച നടത്തും. ചർച്ചകൾ വിജയിച്ചില്ലെങ്കിൽ എല്ലാ തടസ്സവും മറികടന്ന് ദില്ലി ചലോ മാർച്ച് തുടരുമെന്ന് നേതാക്കൾ വ്യക്തമാക്കിയിട്ടുണ്ട്.
കേന്ദ്ര സേനയോടൊപ്പം ഹരിയാന പൊലീസും വൻസന്നാഹങ്ങളോടെയാണ് കർഷകരെ തടഞ്ഞിരിക്കുന്നത്. സമരം കടുപ്പിക്കാൻ കൂടുതൽ ജനങ്ങേളാട് ഹരിയാന അതിർത്തിയിലേക്കെത്താൻ കർഷക നേതാക്കൾ ആവശ്യപ്പെട്ടിരുന്നു. അതിർത്തി കടക്കാൻ ഹരിയാന പൊലീസ് അനുവദിക്കാതിരുന്നതോടെയാണ് ഓരോ ഗ്രാമങ്ങളിൽനിന്നും 100 പേരെ കർഷകർ നിലവിൽ തമ്പടിച്ച ശംബു, കനൗരി പ്രദേശങ്ങളിലേക്കെത്താൻ നേതാക്കൾ അഭ്യർഥിച്ചത്. ഇതേതുടർന്ന് മറ്റു അതിർത്തികളിലേക്കും കൂടുതൽ കർഷകർ എത്തിക്കൊണ്ടിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.