ന്യൂഡൽഹി: കർഷക സംഘടനകൾ ആഹ്വാനം ചെയ്ത ദശദിന പ്രക്ഷോഭം മൂന്നാം ദിവസത്തിലേക്ക് കടന്നതിനെ തുടർന്ന് പഴം, പാൽ, പച്ചക്കറി വിതരണം പലടിയത്തും തടസ്സപ്പെട്ടു. ഇതേ തുടർന്ന് വിപണിയിൽ പച്ചക്കറി വില വർധിച്ചു തുടങ്ങി. കർഷക സംഘടനകളുടെ മഴവിൽ മുന്നണിയായ രാഷ്ട്രീയ കിസാൻ മഹാസംഘ് നേതൃത്വം നൽകുന്ന പ്രക്ഷോഭത്തിൽ 100ലധികം സംഘടനകൾ പങ്കെടുക്കുന്നുണ്ട്. കടങ്ങൾ എഴുതിത്തള്ളുക, വിളകൾക്ക് മികച്ച വില ലഭിക്കുക, സ്വാമിനാഥൻ കമീഷൻ റിപ്പോർട്ട് നടപ്പാക്കുക തുടങ്ങിയവയാണ് കർഷകരുടെ പ്രധാന ആവശ്യങ്ങൾ.
സമരത്തിെൻറ ഭാഗമായി മധ്യപ്രദേശ്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പഞ്ചാബ്, ഗുജറാത്ത്, രാജസ്ഥാൻ, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിൽ ആയിരക്കണക്കിന് കർഷകർ പ്രതിഷേധമായി നിരത്തിലിറങ്ങി. പച്ചക്കറി അടക്കമുള്ള വിളകൾ നിരത്തിലെറിഞ്ഞു. സമരത്തിൽ കർഷകരുടെ വ്യാപക പങ്കാളിത്തമുണ്ടെന്നും ഗ്രാമങ്ങളിൽനിന്ന് പച്ചക്കറികളും പഴങ്ങളും നഗരത്തിലെത്തുന്നില്ലെന്നും ആം കിസാൻ യൂനിയൻ നേതാവ് കേദാർ സിരോഹി പറഞ്ഞു. സമരം പൊളിക്കാനുള്ള കേന്ദ്രസർക്കാർ ശ്രമങ്ങൾ പരാജയപ്പെട്ടതായും അദ്ദേഹം പറഞ്ഞു. പൊലീസ് സംരക്ഷണത്തിലാണ് ഉത്തരേന്ത്യയിൽ പലയിടത്തും പച്ചക്കറി വിൽപന നടന്നത്.
പൊലീസ് വെടിവെപ്പിൽ ആറു കർഷകർ കൊല്ലപ്പെട്ട മധ്യപ്രദേശിലെ മന്ധസൂർ പ്രക്ഷോഭത്തിെൻറ വാർഷികം ആചരിക്കുന്നതിെൻറ ഭാഗമായിട്ടു കൂടിയാണ് ജൂൺ ഒന്നിന് രാജ്യവ്യാപക പ്രക്ഷോഭം ആരംഭിച്ചത്. സമരത്തിെൻറ അവസാന ദിനമായ ജൂൺ 10 ന് കർഷക സംഘടനകൾ ഭാരത ബന്ദ് നടത്താനും തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.