ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ചിനുനേരെ ഹരിയാന പൊലീസ് അതിക്രമത്തിൽ പ്രതിഷേധിച്ച് പഞ്ചാബിൽ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് മുന്നിലെ ഉപരോധസമരം ശനിയാഴ്ച രാവിലെ ആരംഭിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ, മുൻ മുഖ്യമന്ത്രി അമരീന്ദർ സിങ് അടക്കമുള്ള നേതാക്കളുടെ വീടുകളാണ് ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം രണ്ട് ദിവസം ഉപരോധിക്കുന്നത്.
സമരരംഗത്തുള്ള കർഷകരെ തടഞ്ഞിട്ടിരിക്കുന്ന ശംബു, കനൗരി പ്രദേശങ്ങളിൽ കുടുംബാംഗങ്ങൾ ശനിയാഴ്ച ഐക്യദാർഢ്യവുമായി എത്തി. തമിഴ്നാട്ടിലെ തഞ്ചാവൂരിൽ കർഷകർ ട്രെയിനുകൾ തടഞ്ഞിട്ടു. സംയുക്ത കിസാൻ മോർച്ചയും സമരരംഗത്തേക്ക് ഇറങ്ങുന്നുണ്ട്. പഞ്ചാബ് ഘടകം ഞായറാഴ്ച ജലന്ദറിൽ യോഗം ചേർന്ന് തീരുമാനം ഉടൻ പ്രഖ്യാപിക്കും.
സമരത്തെതുടർന്ന് വടക്കേന്ത്യൻ സംസ്ഥാനങ്ങളിൽ പ്രതിദിനം 500 കോടിയുടെ നഷ്ടം ഉണ്ടാകുന്നതായി ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രി അധ്യക്ഷൻ സഞ്ജീവ് അഗർവാൾ പറഞ്ഞു. പച്ചക്കറി വിപണന മേസ്ലയെയും സമരം സാരമായി ബാധിച്ചിട്ടുണ്ട്.
സമരം രൂക്ഷമാകുന്നതിനിടെ, മൂന്നംഗ കേന്ദ്രമന്ത്രിമാരുടെ സംഘം ഞായറാഴ്ച വീണ്ടും കർഷകരെ കാണും. ചണ്ഡിഗഢിൽവെച്ച് തന്നെയാണ് നാലാംവട്ട ചർച്ചയും വിളിച്ചിരിക്കുന്നത്. മൂന്നാംവട്ട ചർച്ചയിൽ പുരോഗതിയുണ്ടെന്ന് കേന്ദ്ര കൃഷി മന്ത്രി അർജുൻ മുണ്ടെ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരണമെന്ന ആവശ്യത്തിലാണ് തീരുമാനം വൈകുന്നതെന്ന് ബന്ധപ്പെട്ടവർ വ്യക്തമാക്കി.
മിനിമം താങ്ങുവില ഉറപ്പാക്കാൻ കേന്ദ്ര സർക്കാറിന് ഒരു രാത്രിവേണ്ടെന്നും ആവശ്യം അംഗീകരിക്കുംവരെ സമരം ശക്തമാക്കുമെന്നും കർഷക നേതാക്കൾ ആവർത്തിച്ചു. സർക്കാർ ഉപഭോക്താവിലും ഉൽപാദകരിലും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും കോർപറേറ്റുകളിലുള്ള ശ്രദ്ധ കുറക്കുകയും ചെയ്താൽ ഈ പ്രശ്നം മുഴുവൻ പരിഹരിക്കാനാകുമെന്ന് കർഷക നേതാവ് ജഗ്ജിത് സിങ് ദല്ലേവാൾ പറഞ്ഞു.
ഹരിയാന അതിർത്തിയിൽ ശനിയാഴ്ചയും കർഷകരും പൊലീസും ഏറ്റുമുട്ടി. ഞായറാഴ്ച ചർച്ചയിൽ തീരുമാനമായില്ലെങ്കിൽ കൂടുതൽ കർഷകർ അതിർത്തിയിലേക്ക് എത്തുന്നതോടെ സംഘർഷം രൂക്ഷമാകാനാണ് സാധ്യത.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.