ന്യൂഡൽഹി: ഡൽഹി പൊലീസിന്റെ നിരോധനാജഞ ലംഘിച്ചും ബാരിക്കേടുകൾ മറിച്ചിട്ടും 'രാഷ്ട്രീയമുക്ത സംയുക്ത കിസാൻ മോർച്ച'യുടെ ആഹ്വാനപ്രകാരമുള്ള കിസാൻ മഹാപഞ്ചായത്തിന് കർഷകർ ജന്തർ മന്തറിലെത്തി. ട്രെയിനുകളിലും ബസുകളിലും സ്വന്തം വാഹനങ്ങളിലും ട്രാക്ടറുകളിലുമായി എത്തിയ കർഷകരെ പലയിടങ്ങളിലും തടയാൻ നടത്തിയ ശ്രമം പരാജയപ്പെട്ടതോടെ ഒടുവിൽ ഡൽഹി പൊലീസ് തന്നെ ബാരിക്കേഡുകൾ നീക്കി കർഷകർക്ക് വഴിയൊരുക്കി.
ഒന്നര വർഷം നീണ്ട കർഷക സമരം നിർത്തുമ്പോൾ നൽകിയ ചുരുങ്ങിയ താങ്ങുവിലക്ക് നിയമപ്രാബല്യം എന്ന പ്രധാന വാഗ്ദാനം പാലിക്കണമെന്നാവശ്യപ്പെട്ടാണ് കർഷകർ വീണ്ടും സമരത്തിനിറങ്ങിയത്. നേരത്തെ സംയുക്ത സമര സമിതിതിയിലുണ്ടായിരുന്ന രാഷ്ട്രീയ ബന്ധമുള്ള അഖിലേന്ത്യാ കിസാൻ സഭ പോലുള്ള സംഘടനകളെ മാറ്റി നിർത്തി സംയുക്ത് കിസാൻ മോർച്ച-ഗൈർ രാജ്നീതി(രാഷ്ട്രീയ മുക്ത സംയുക്തി കിസാൻ മോർച്ച)യുടെ നേതൃത്വത്തിൽ കർഷകർ വീണ്ടും സമരത്തിനിറങ്ങിയത്. സംയുക്ത കിസാൻ മോർച്ചയുടെ ഏഴംഗ കോർ കമ്മിറ്റിയിലെ ഒരാളൊഴികെ എല്ലാവരും സമരത്തിന്റെ രണ്ടാം ഘട്ടത്തിലുണ്ട് എന്ന് കേരളത്തിൽ നിന്നുള്ള കർഷകർക്കൊപ്പം വന്ന ബിനോയ് പറഞ്ഞു.
(കേരളത്തിൽ നിന്നുള്ള പി.ടി. ജോൺ ജന്തർ മന്തറിലെ കർഷക സമരത്തെ കുറിച്ച് പ്രതികരിക്കുന്നു)
നേരത്തെയുള്ള സംയുക്ത സമര സമിതിയിലുണ്ടായിരുന്ന ജഗ്ജീത് സിംഗ് ദല്ലേവാളിന്റെ നേതൃത്വത്തിലുള്ള ഭാരതീയ കിസാൻ യൂനിയൻ ഏക്താ സിധുപൂറിന്റെ നേതൃത്വത്തിൽ പഞ്ചാബിൽ നിന്ന് എത്തിയ ആയിരത്തിലേറെ കർഷകർക്കൊപ്പം കേരളത്തിൽ നിന്നും കർണാടകത്തിൽ നിന്നുള്ളവരും ഞായറാഴ്ച തന്നെ ഡൽഹിയിലെ വിവിധ ഗുരുദ്വാരകളിൽ വന്ന് തമ്പടിച്ചിരുന്നു. കേരളത്തിൽ നിന്ന് വന്ന 40ലേറെ കർഷകർ അടക്കമുള്ള 300ാളം പേരെ മോതിബാഗ് മെട്രോ സ്റ്റേഷനകത്ത് തടഞ്ഞുവെച്ചിരുന്നുവെങ്കിലും പ്രതിഷേധത്തെ തുടർന്ന് വിട്ടയച്ചു. ഒരു മാസം മുമ്പ് പ്രഖ്യാപിച്ച തിങ്കളാഴ്ചത്തെ മഹാപഞ്ചായത്തിന് ശേഷമുള്ള ഭാവി സമര പരിപാടികൾ തീരുമാനിക്കാൻ മോർച്ച ചൊവ്വാഴ്ച യോഗം ചേരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.