ദല്ലേവാളിന്‍റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു; പഞ്ചാബിൽ ബന്ദുമായി കർഷക സംഘടനകൾ

ന്യൂഡൽഹി: പഞ്ചാബ് -ഹരിയാന അതിർത്തിയായ ഖനൗരിയിൽ 34 ദിവസമായി അനിശ്ചിതകാല നിരാഹാരസമരം തുടരുന്ന കർഷക നേതാവ് 70കാരൻ ജഗ്ജിത് സിങ് ദല്ലേവാളിന്റെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. സുപ്രീംകോടതി ഉത്തരവിനെ തുടർന്ന് ദല്ലേവാളിന്റെ ആരോഗ്യനില വിലയിരുത്താൻ പഞ്ചാബ് സർക്കാർ രൂപവത്കരിച്ച ആരോഗ്യവിദഗ്ധരുൾപ്പെടുന്ന സംഘം ശനിയാഴ്ച വൈകീട്ട് സമരവേദിയിലെത്തിയെങ്കിലും അദ്ദേഹം ചികിത്സ നിഷേധിച്ചതോടെ മടങ്ങി.

സമരപ്പന്തലിന് സമീപം സ്ഥാപിച്ച താൽക്കാലിക ആശുപത്രിയിലേക്ക് മാറണമെന്ന സംഘത്തിന്റെ ആവശ്യവും അദ്ദേഹം നിരസിച്ചു. അതിനിടെ, ദല്ലേവാളിന് പിന്തുണ പ്രഖ്യാപിച്ച് കിസാൻ മസ്ദൂർ മോർച്ച (കെ.എം.എം), സംയുക്ത കിസാൻ മോർച്ച (എസ്‌.കെ.എം) എന്നിവർ സംയുക്തമായി തിങ്കളാഴ്ച പഞ്ചാബ് ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ഏഴ് മുതൽ വൈകീട്ട് നാലുവരെ നടക്കുന്ന ബന്ദിൽ അവശ്യസേവനങ്ങളെ ഒഴിവാക്കിയിട്ടുണ്ടെന്ന് കർഷക നേതാക്കൾ അറിയിച്ചു.

എല്ലാ വിളകൾക്കും മിനിമം താങ്ങുവില (എം.എസ്.പി) നിയമമാക്കണമെന്നതടക്കം 13 കാർഷിക ആവശ്യങ്ങൾ ഉന്നയിച്ചാണ് കർഷകനേതാവിെൻറ നിരാഹാര സമരം. കോടതി ഉത്തരവിനെ തുടർന്ന് പട്യാല റേഞ്ച് ഡി.ഐ.ജി മന്ദീപ് സിങ് സിദ്ദു, ഡെപ്യൂട്ടി കമീഷണർ ഡോ. പ്രീതി യാദവ്, എസ്.എസ്.പി ഡോ. നാനക് സിങ്, അഡീഷനൽ ഡെപ്യൂട്ടി കമീഷണർ ജനറൽ ഇഷ സിംഗൽ എന്നിവരടങ്ങുന്ന സംഘം ശനിയാഴ്ച സമരവേദിയിലെത്തി ദല്ലേവാളുമായി കൂടിക്കാഴ്ച നടത്തി. അദ്ദേഹം ചികിത്സ നിഷേധിച്ച് നിരാഹാരസമരം തുടരുകയാണെന്ന് കൂടിക്കാഴ്ചക്ക് ശേഷം ഉന്നതതല സംഘം പറഞ്ഞു. ആശുപത്രിയിലേക്ക് മാറ്റുന്നതടക്കം അടിയന്തര നടപടികൾ സർക്കാറുമായി ആലോചിച്ച് സ്വീകരിക്കും.

Tags:    
News Summary - Dallewal's Hunger Strike Enters Day 28

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.