ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി കർഷക സംഘടനകൾ നടത്തുന്ന 'ദില്ലി ചലോ' മാർച്ച് അഞ്ചാം ദിവസത്തിലേക്ക് കടന്നു. സമരം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. അതേസമയം, ഇന്നലെ നടന്ന ചർച്ചയുടെ തുടർച്ചയായി കേന്ദ്ര സർക്കാറുമായി നാളെയും ചർച്ച നടക്കും.
പഞ്ചാബ്-ഹരിയാന അതിർത്തിയായ ശംഭുവിലാണ് നൂറുകണക്കിന് കർഷകർ നിലവിൽ തമ്പടിച്ചിരിക്കുന്നത്. അതിർത്തിയാകെ ബാരിക്കേഡുകളും മുള്ളുവേലിയും സ്ഥാപിച്ച് അടച്ചിരിക്കുകയാണ്. കർഷകരെ നേരിടാനായി വൻ സേനാവിന്യാസമാണ് നടത്തിയിട്ടുള്ളത്.
സമരരംഗത്തുള്ള കർഷകർക്ക് പിന്തുണയുമായി കൂടുതൽ കർഷക സംഘടനകൾ രംഗത്തെത്തുകയാണ്. ഭാരതീയ കിസാൻ യൂണിയൻ (ഏക്താ ഉഗ്രഹാൻ) വിഭാഗം പഞ്ചാബിലെ ബി.ജെ.പി നേതാക്കളുടെ വീടുകൾക്ക് മുന്നിൽ ഇന്ന് പ്രതിഷേധിക്കും. സംസ്ഥാനത്തെ ടോൾ പ്ലാസകളിലും പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കും.
പഞ്ചാബ്-ഹരിയാന അതിർത്തിയിൽ വെള്ളിയാഴ്ചയും കർഷകരും പൊലീസും ഏറ്റുമുട്ടിയിരുന്നു. കർഷക നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
സമരം ഒഴിവാക്കാനുള്ള കേന്ദ്രനീക്കം അടുത്ത ദിവസങ്ങളിലും തുടരും. ഞായറാഴ്ച വൈകീട്ട് ഛണ്ഡിഗഡിൽവെച്ച് നാലാംഘട്ട ചർച്ച നടത്തുമെന്ന് കേന്ദ്രവും കർഷക സംഘടനകളും അറിയിച്ചു. വ്യാഴാഴ്ച നടന്ന മൂന്നാംഘട്ട ചർച്ച തീരുമാനത്തിലെത്തിയില്ലെങ്കിലും ഫലപ്രദമായിരുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട പറഞ്ഞു. താങ്ങുവില വർധിപ്പിക്കൽ, സ്വാമിനാഥൻ റിപ്പോർട്ട്, കടം എഴുതിത്തള്ളൽ എന്നിവയിന്മേൽ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നു എന്നാണ് കർഷക സംഘടന നേതാക്കളുടെ പ്രതികരണം.
ഹരിയാനയിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമെന്നും താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സോഷ്യൽ മീഡിയ പേജുകൾ പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രിമാർ കർഷകർക്ക് ഉറപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.