ന്യൂഡൽഹി: പഞ്ചാബ്-ഹരിയാന അതിർത്തി പ്രദേശങ്ങളായ ശംഭു, ഖനൗരി എന്നിവിടങ്ങളിൽനിന്ന് ബുധനാഴ്ച വൈകുന്നേരം കർഷകരെ ഒഴിപ്പിച്ചതിനെത്തുടർന്ന് വ്യാഴാഴ്ച രാവിലെ സുരക്ഷ വർധിപ്പിച്ചു.
വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പ്രതിഷേധിക്കുന്ന കർഷകരുടെ മുന്നേറ്റം തടയുന്നതിനായി ഹരിയാന-പഞ്ചാബ് ശംഭു അതിർത്തിയിൽ സ്ഥാപിച്ച കോൺക്രീറ്റ് ബാരിക്കേഡുകൾ അധികൃതർ നീക്കം ചെയ്യാൻ തുടങ്ങിയതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. താൽക്കാലിക സ്റ്റേജുകളും മറ്റും പൊളിച്ചുമാറ്റിയ ശേഷം പ്രതിഷേധ സ്ഥലങ്ങൾ വൃത്തിയാക്കി. ഒരു വർഷത്തിലേറെയായി കർഷകർ നിർത്തിയിരുന്ന ട്രോളികളും മറ്റ് വാഹനങ്ങളും ബുധനാഴ്ച നീക്കം ചെയ്തു.
അതിനിടെ, കേന്ദ്ര പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ചയിൽ നിന്ന് മടങ്ങുന്നതിനിടെ സർവാൻ സിങ് പാന്തർ, ജഗ്ജിത് സിങ് ദല്ലേവാൾ എന്നിവരുൾപ്പെടെ നിരവധി കർഷക നേതാക്കളെ മൊഹാലിയിൽ പഞ്ചാബ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇതിന് പിന്നാലെയാണ് അതിർത്തിയിൽ പ്രതിഷേധിക്കുന്ന കർഷകരെ നീക്കം ചെയ്യാനുള്ള നടപടി ആരംഭിച്ചത്. കേന്ദ്ര കൃഷി മന്ത്രി ശിവരാജ് സിങ് ചൗഹാന്റെ നേതൃത്വത്തിലുള്ള പ്രതിനിധി സംഘവുമായുള്ള കൂടിക്കാഴ്ച നടത്തിയ ശേഷം ശംഭുവിലെ പ്രതിഷേധ സ്ഥലത്തേക്ക് പോകുന്നതിനിടെയായിരുന്നു കർഷക നേതാക്കളെ മൊഹാലിയിൽ വെച്ച് കസ്റ്റഡിയിലെടുത്തത്.
ഇതിനിടെ അതിർത്തികളിലെ പ്രതിഷേധ സ്ഥലങ്ങളിലേക്ക് പോകുന്നതിനിടെ മൊഹാലിയിൽ നിരവധി കർഷകർ പഞ്ചാബ് പോലീസുമായി ഏറ്റുമുട്ടി. പഞ്ചാബ് പൊലീസ് ബുൾഡോസറുകൾ ഉപയോഗിച്ചാണ് അതിർത്തികളിൽ കർഷകർ നിർമ്മിച്ചിരിക്കുന്ന കൂടാരങ്ങൾ പൊളിച്ചുമാറ്റുന്നത്.
രണ്ട് ഹൈവേകൾ ദീർഘകാലമായി അടച്ചിട്ടിരിക്കുന്നതിനാൽ വ്യവസായങ്ങൾക്കും ബിസിനസുകൾക്കും വലിയ തിരിച്ചടി നേരിട്ടതായി പഞ്ചാബ് ധനകാര്യമന്ത്രി ഹർപാൽ സിംഗ് ചീമ പറഞ്ഞിരുന്നു. രണ്ട് അതിർത്തികളിലെയും കർഷകരെ ഒഴിപ്പിക്കുന്നതിനെയും മന്ത്രി ന്യായീകരിച്ചിരുന്നു. ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറൽ ഓഫ് പോലീസ് (പട്യാല റേഞ്ച്) മൻദീപ് സിംഗ് സിദ്ധുവിന്റെ നേതൃത്വത്തിൽ ഏകദേശം 3,000 ഉദ്യോഗസ്ഥരാണ് ഖനൗരി അതിർത്തിയിലെ പ്രതിഷേധക്കാരെ ഒഴിപ്പിക്കാനായി എത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.