ന്യൂഡൽഹി: കടുത്ത തണുപ്പുപെയ്ത നവംബർ, ഡിസംബർ, ജനുവരി മാസങ്ങളെ ബ്ലാങ്കറ്റുകൊണ്ടും ടെൻറുകൾ സ്ഥാപിച്ചും ട്രാക്ടറുകൾ വീടാക്കിയും ഡൽഹി അതിർത്തിയിലെ സമരഭൂമിയിൽ അതിജീവിച്ച കർഷകർ വരാനിരിക്കുന്ന പൊരിവേനൽക്കാലത്തെ നേരിടാൻ മുന്നൊരുക്കം തുടങ്ങി.
മാർച്ച് അവസാനത്തോടെ ആരംഭിക്കുന്ന വേനൽച്ചൂട് മേയ്, ജൂൺ മാസങ്ങളിൽ 50 ഡിഗ്രി വരെ ഉയരാറുണ്ട്. വിവാദ നിയമങ്ങളിൽ വിട്ടുവീഴ്ച ചെയ്യാൻ സർക്കാറും ആവശ്യങ്ങൾ അംഗീകരിക്കപ്പെടാതെ പിന്മാറാൻ കർഷരോ ഒരുക്കമല്ലാത്ത സാഹചര്യത്തിലാണ് മാറുന്ന കാലാവസ്ഥക്കനുസൃതമായ സജ്ജീകരണങ്ങൾ ഏകോപിപ്പിക്കാൻ വിവിധ സംഘടനകൾ തീരുമാനിച്ചത്.
കൂളറുകൾ, ഫാനുകൾ, വൈദ്യുതി ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ ജനറേറ്ററുകൾ, ചൂടിനെ പ്രതിരോധിക്കാനാവുന്ന വസ്ത്രങ്ങൾ, കൊതുകു വലകൾ തുടങ്ങിയവ ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്. കൂടുതൽ കുടിെവള്ള ടാങ്കുകളും സ്ഥാപിച്ചു. മുൻവർഷങ്ങളെ അപേക്ഷിച്ച് ഇക്കുറി ഫെബ്രുവരിയിൽ പകൽ നേരം ഉയർന്ന താപനിലയാണ് അനുഭവപ്പെടുന്നത്. ടെൻറുകളിലും മറ്റു പകൽ സമയം കഴിച്ചുകൂട്ടാൻ പ്രയാസം അനുഭവിക്കുന്നുണ്ടെന്ന് കർഷകർ പറഞ്ഞു.
പകൽ വിശ്രമിക്കാൻ സമര കേന്ദ്രങ്ങളോട് ചേർന്നുള്ള മരങ്ങളുള്ള സ്ഥലങ്ങൾ വൃത്തിയാക്കൽ ആരംഭിച്ചിട്ടുണ്ട്. വേനൽക്കാല ഒരുക്കത്തിനായി ഫാനുകൾ, കൂളറുകൾ തുടങ്ങിയവ വാങ്ങുന്നതിനായി തങ്ങളുടെ ഗ്രാമങ്ങളിൽ ഫണ്ട് സ്വരൂപിക്കൽ ആരംഭിച്ചതായി പഞ്ചാബ് ഫത്തേഹ്ഗഢ് സാഹിബ് സ്വദേശിയായ രൺവീർ സിങ് പറഞ്ഞു.
ഡൽഹി സിഖ് ഗുരുദ്വാര മാനേജ്മെൻറ് കമ്മിറ്റിയുടെ നേതൃത്വത്തിലാണ് സിംഘുവിലെ പ്രധാന സമരവേദിക്കടുത്ത് ലങ്കാർ സ്ഥാപിച്ച് കർഷകർക്കുള്ള ഭക്ഷണം വിതരണം ചെയ്യുന്നത്. കാലാവസ്ഥ മാറ്റത്തിന് അനുസരിച്ച് ഭക്ഷണ മെനുവിൽ കാര്യമായ മാറ്റങ്ങൾ വരുത്തുമെന്ന് ഗുരുദ്വാര മാനേജ്െമൻറ് ഭാരവാഹികൾ വ്യക്തമാക്കി. ജനുവരി 26ലെ ട്രാക്ടർ റാലിക്ക് പിന്നാലെ സമരകേന്ദ്രങ്ങളിലേക്കുള്ള വൈദ്യതി സർക്കാർ വിച്ഛേദിച്ചിരുന്നു.
സോളാർ പാനലുകളും ജനറേറ്ററുകളും എത്തിച്ചാണ് സമര സംഘങ്ങൾ ഈ വെല്ലുവിളിയെ മറികടന്നത്. നവംബർ 26, 27 തീയതികളിൽ നടത്താനിരുന്ന ഡൽഹി ചലോ മാർച്ച് പൊലീസ് തടഞ്ഞതോടെയാണ് അതിർത്തി ഉപരോധ സമരമായി മാറിയത്. എത്ര കാലം നീണ്ടാലും കർഷക ദ്രോഹ നിയമങ്ങൾ പിൻവലിക്കുന്നതു വരെ സമരം തുടരുമെന്ന നിലപാടിലാണ് കർഷകരും നേതാക്കളും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.