ന്യൂഡല്‍ഹി: കേന്ദ്ര സർക്കാർ പാസാക്കിയ വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തിയിൽ നടക്കുന്ന സമരം ഒരു വർഷം പൂർത്തിയാകാനിരിക്കേ സമരം കടുപ്പിക്കുമെന്ന മുന്നറിയിപ്പുമായി ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടികായത്ത്. കാർഷിക കരിനിയമങ്ങൾ പിൻവലിക്കാൻ നവംബർ 26 വരെ കേന്ദ്രത്തിന് സമയമുണ്ട്. നവംബർ 27ന് കൂടുതൽ കർഷകർ ട്രാക്ടറുകളുമായും മറ്റും ഡൽഹി അതിർത്തികളിലെത്തും. സമരം കടുപ്പിക്കുമെന്നും ടികായത്ത് ട്വീറ്റു ചെയ്തു.
രണ്ടു ദിവസത്തിനിടെ രാകേഷ് ടികായത്ത് കേന്ദ്ര സർക്കാറിന് നൽകുന്ന രണ്ടാമത്തെ മുന്നറിയിപ്പാണിത്. ഡൽഹി അതിർത്തിയിലെ സമരം ഒഴിപ്പിക്കാൻ നീക്കം നടക്കുന്നുവെന്ന വാർത്തകൾ പുറത്തുവന്നതോടെ സർക്കാർ ഓഫിസുകൾ ചന്തകളാക്കി മാറ്റുമെന്ന് ടികായത്ത് അറിയിച്ചിരുന്നു. തങ്ങളുടെ ദീപാവലി ആഘോഷം പ്രധാനമന്ത്രിയുടെ വസതിക്ക് മുമ്പിലായിരിക്കുമെന്ന് സംയുക്ത കിസാൻ യൂനിയൻ നേതാക്കളും മുന്നറിയിപ്പ് നൽകുകയുണ്ടായി.
രാജ്യത്തെ കർഷക സംഘടനകളുടെ ഏകോപന സമിതി കിസാൻ സംഘർഷ് കോർഡിനേഷൻ കമ്മിറ്റി കഴിഞ്ഞ വർഷം നവംബർ 26ന് പ്രഖ്യാപിച്ച ഡൽഹി ചലോ മാർച്ച് ഡൽഹി അതിർത്തികളിൽ പൊലീസ് തടഞ്ഞതോടെയാണ് അനിശ്ചിതകാല റോഡ് ഉപരോധ സമരമായി മാറിയത്. സംയുക്ത കിസാൻ മോർച്ചയുടെ നേതൃത്വത്തിലാണ് ഇപ്പോൾ സമരം മുന്നോട്ടുപോകുന്നത്. സിംഘു, ടിക്രി, ഗാസിപ്പുർ എന്നിവിടങ്ങളിലാണ് ഡൽഹി അതിർത്തികളിൽ നടക്കുന്ന സമരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.