ന്യൂഡൽഹി: കർഷകരുടെ ദില്ലി ചലോ മാർച്ച് ഇന്ന് 12ാം ദിവസത്തിലേക്ക് കടന്നു. ഇതിനിടെ, യുവ കർഷകൻ വെടിയേറ്റ് മരിച്ച സംഭവത്തിൽ പ്രതിഷേധം ശക്തമാക്കാനാണ് കർഷകരുടെ തീരുമാനം. തുടർ സമരത്തെ കുറിച്ച് ഈ മാസം 29ന് ചേരുന്ന യോഗത്തിൽ തീരുമാനമെടുക്കും. അതുവരെ പഞ്ചാബ്-ഹരിയാന അതിർത്തിയിലെ രണ്ട് പ്രതിഷേധ കേന്ദ്രങ്ങളിൽ - ശംഭു, ഖനൗരി എന്നിവിടങ്ങളിൽ നിലയുറപ്പിക്കാൻ കർഷകർ തീരുമാനിച്ചു.
വെടിയേറ്റ് മരിച്ച യുവ കർഷകന് ആദരാഞ്ജലികൾ അർപ്പിച്ചു ഇന്ന് രാജ്യവ്യാപകമായി മെഴുകുതിരി തെളിച്ചു മാർച്ച് നടത്തും. നാളെ ലോക വ്യാപാര സംഘടനയിൽ നിന്നും പുറത്തു വരേണ്ടതിനെ പറ്റി പഞ്ചാബ് അതിർത്തിയിൽ നിര്‍ണായക സമ്മേളനം ചേരും.
തിങ്കളാഴ്ച ലോക വ്യാപാര സംഘടനയുടെ കോലം എല്ലാ ഗ്രാമങ്ങളിലും കത്തിക്കും. ചൊവ്വാഴ്ച മുതൽ തുടർ ദേശീയ തലത്തിൽ നേതാക്കളെ പങ്കെടുപ്പിച്ച് അതിർത്തികളിൽ യോഗം ചേരും. വ്യാഴാഴ്ച കൂടുതല്‍ സമരപരിപാടികള്‍ പ്രഖ്യാപിക്കും. സംയുക്ത കിസാൻ മോർച്ചയും കിസാൻ മസ്ദൂർ സംഘുമാണ് പരിപാടികൾക്ക് നേതൃത്വം നൽകുക. ഇതിനിടെ, കേന്ദ്രം ചർച്ചക്ക് വിളിച്ചാൽ പങ്കെടുക്കുമെന്ന് കർഷക നേതാക്കൾ വ്യക്തമാക്കി.
കനൗരി അതിർത്തിയിൽ ഹരിയാന പൊലീസിന്റെ അതിക്രമത്തിൽ ബുധനാഴ്ച കൊല്ലപ്പെട്ട യുവ കർഷകന്റെ മൃതദേഹം പോസ്റ്റ്മോർട്ടം ചെയ്യാൻ കർഷകർ അനുവദിച്ചില്ല. ഹരിയാന ആഭ്യന്തരമന്ത്രിക്കും ബന്ധപ്പെട്ടവർക്കുമെതിരെ പഞ്ചാബ് സർക്കാർ കൊലക്കുറ്റത്തിന് കേസ് രജിസ്റ്റർ ചെയ്ത് നിയമനടപടി സ്വീകരിക്കണമെന്നാണ് കർഷകരുടെ ആവശ്യം.
കൊല്ലപ്പെട്ട ശുഭ്കരണ്‍ സിങ്ങിന്റെ കുടുംബത്തിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന് ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. ശുഭ്കരണിന് നീതി ലഭിക്കാതെ ധനസഹായം സ്വീകരിക്കില്ലെന്നായിരുന്നു കുടുംബത്തിന്റെ പ്രതികരണം.
കർഷക നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമപ്രകാരം നടപടിയെടുക്കുമെന്നും സ്വത്തുക്കൾ കണ്ടുകെട്ടുമെന്നുമുള്ള ഹരിയാന പൊലീസിന്റെ ഉത്തരവ് വിവാദമായതോടെ പിൻവലിച്ചു. അംബാലയിലെ നേതാക്കൾക്കെതിരെ ദേശസുരക്ഷാ നിയമത്തിലെ വകുപ്പുകൾ ചുമത്തിയ കാര്യം പുനഃപരിശോധിച്ചിട്ടുണ്ട്. ഈ വകുപ്പുകൾ ചുമത്തില്ല. സമാധാനം നിലനിർത്താനും ക്രമസമാധാന പാലനത്തിലും അധികാരികളുമായി സഹകരിക്കാൻ അഭ്യർഥിക്കുന്നതായി പൊലീസ് പിന്നീട് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.