ന്യൂഡൽഹി: ''രാജ്യം ഭരിച്ചിരുന്ന ഇങ്ങനെയൊരു രാജാവിെൻറ കാലത്താണ് സമരംചെയ്ത് കർഷകർ രക്തസാക്ഷികളായതെന്ന് നാളെ ചരിത്രം രേഖപ്പെടുത്തും. കടുത്ത യാതനകൾ പേറി കർഷകർ നടത്തുന്ന ഈ സമരം ഇനിയും നീളും...'' സമരംചെയ്യുന്ന കർഷകരും കേന്ദ്രസർക്കാറുമായി നടന്ന ഒമ്പതാംവട്ട ചർച്ച പരാജയപ്പെട്ട ശേഷം വിജ്ഞാൻ ഭവനിൽ നിന്നിറങ്ങിവന്ന ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് 'മാധ്യമ'ത്തോട് പ്രതികരിച്ചതിങ്ങനെ.
സമരം എത്ര ദിവസം മുന്നോട്ടുകൊണ്ടുപോകാനാണ് ഉദ്ദേശ്യമെന്ന ചോദ്യത്തിന് ഏറെ നാൾ വേണ്ടിവരുമെന്നായിരുന്നു ഒരുകാലത്ത് കർഷകരുമായി സമരത്തിനിറങ്ങി രാജ്യെത്ത ഇളക്കി മറിച്ച് പ്രഗല്ഭനായ നേതാവ് മഹേന്ദ്ര സിങ് ടിക്കായത്തിെൻറ മകന് പറയാനുള്ളത്. ''പാർലമെൻറ് സമ്മേളനത്തിൽ സർക്കാർ എന്തു ചെയ്യുമെന്ന് നോക്കാം.
പ്രതിപക്ഷത്തിനും കർഷകരോട് ബാധ്യതയുണ്ടല്ലോ. അവരും എന്തു ചെയ്യുമെന്ന് നോക്കാം. ഇങ്ങനെ ഒരു രാജാവ് ജീവിച്ചിരുന്നുവെന്നും അയാളുടെ ഭരണകാലത്ത് രാജ്യത്ത് കർഷകർ പൊറുതിമുട്ടിയെന്നും അതിനെതിരെ സമരം ചെയ്തു കർഷകർക്ക് രക്തസാക്ഷികളാകേണ്ടി വന്നുവെന്നും ചരിത്രം രേഖപ്പെടുത്തും. വരുന്ന തലമുറ ആ ചരിത്രം പഠിക്കും. ഞങ്ങൾക്ക് ഒരേയൊരു ആവശ്യമേയുള്ളൂ. നിയമങ്ങൾ പിൻവലിക്കുക. തീരുമാനിക്കേണ്ടത് സർക്കാറാണ്. അല്ലാതെ സുപ്രീംകോടതിയല്ല.
അതുകൊണ്ടാണ് സുപ്രീംകോടതി ഉത്തരവിനെ മാനിച്ചാലും സമിതിയെ തള്ളിപ്പറയുന്നത്. സമാധാനപൂർണമായി തന്നെ കർഷകർ മുന്നോട്ടുപോകും. ജനുവരി 26ന് ട്രാക്ടറുകളുമായി കിസാൻ പരേഡ് നടത്തും. അത് തടയാൻ പൊലീസ് ലാത്തിയുമായി വന്നാൽ ആ ലാത്തിയിൽ ഞങ്ങൾ ദേശീയപതാക കെട്ടും'' -രാകേഷ് ടിക്കായത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.