ന്യൂഡൽഹി: സുപ്രീംകോടതിയുടെ വിദഗ്ധ സമിതിയെ ഗൗനിക്കാതെ സർക്കാറുമായി നേരത്തേ നിശ്ചയിച്ച ചർച്ചയുമായി മുന്നോട്ടുപോകാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ഒമ്പതാം വട്ട ചർച്ച ഇന്ന് ന്യൂഡൽഹി വിജ്ഞാൻഭവനിൽ നടക്കും. ചർച്ച ഫലപ്രദമാകുമെന്ന പ്രതീക്ഷയുണ്ടെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ വ്യാഴാഴ്ച വ്യക്തമാക്കി.
അഞ്ച് വർഷം ഒരു സർക്കാറിന് ഭരിക്കാമെങ്കിൽ അഞ്ച് കൊല്ലം കർഷകർക്ക് സമരം നടത്താനും കഴിയുമെന്ന് ഭാരതീയ കിസാൻ യൂനിയൻ നേതാവ് രാകേഷ് ടിക്കായത്ത് ഒാർമിപ്പിച്ചു. കിസാൻ പരേഡിെൻറ പേരിൽ കർഷക സമരത്തെ താറടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്ന് മറ്റൊരു കർഷക നേതാവായ ബൽവീർ സിങ് രാജെവാൾ കുറ്റപ്പെടുത്തി.
ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിക്കാതിരുന്നാൽ എത്ര കാലം സമരം മുന്നോട്ടുകൊണ്ടുപോകുമെന്ന ചോദ്യത്തിന് ഉത്തരം നൽകുകയായിരുന്നു ടിക്കായത്ത്. വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കാതെ ഇൗ സമരം അവസാനിക്കില്ല. സുപ്രീംകോടതി സമിതിയിൽനിന്നുള്ള കർഷക നേതാവിെൻറ രാജി ടിക്കായത്ത് സ്വാഗതം ചെയ്തു.
ജനുവരി 26ന് ഡൽഹി അതിർത്തിയിൽനിന്ന് പുറപ്പെടുന്ന കിസാൻ പേരഡ് രാജ്പഥിലേക്കാണെന്നതടക്കമുള്ള തെറ്റായ പ്രചാരണങ്ങൾ നടക്കുന്നുണ്ടെന്നും കർഷകസമരത്തെ താറടിക്കാനുള്ള ആസൂത്രിതമായ ശ്രമങ്ങളുണ്ടെന്നും ബൽവീർ സിങ് പറഞ്ഞു. കർഷക സംഘടനകളും തെറ്റായ പ്രചാരണം നടത്തുന്നുണ്ട്. സമരം ചെയ്യുന്ന കർഷകർ സമാധാനവും സൗഹാർദവും കാത്തുസൂക്ഷിക്കണമെന്നും കിസാൻ പേരഡ് ഏത് വിധമായിരിക്കുമെന്ന് ഇനിയും തീരുമാനിക്കാനിരിക്കുന്നതേയുള്ളൂ എന്നും രാജേവാൾ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.