ചണ്ഡിഗഡ്: പഞ്ചാബിലെയും ഹരിയാനയിലെയും കർഷക സംഘടനകൾ ഫെബ്രുവരിയിൽ ആരംഭിച്ച പ്രക്ഷോഭത്തിന് തെരഞ്ഞെടുപ്പു വേളയിൽ പുതിയ മുഖം. കാർഷികോൽപന്നങ്ങൾക്ക് നിയമാനുസൃതമായ താങ്ങുവില ഏർപ്പെടുത്തണമെന്നാവശ്യപ്പെട്ട് തുടങ്ങിയ കർഷക മാർച്ച് ഇരു സംസ്ഥാനങ്ങളുടെയും അതിർത്തിയിൽ ഹരിയാന പൊലീസ് തടയുകയായിരുന്നു. ഇപ്പോഴും അതിർത്തിയിൽ കർഷകർ ക്യാമ്പ് ചെയ്യുന്നുണ്ട്. ഇതിനിടെ, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ ഗ്രാമങ്ങൾ കേന്ദ്രീകരിച്ച് പുതിയ സമരമുറയിലാണ് കർഷകർ.
ഇരു സംസ്ഥാനത്തെയും ബി.ജെ.പി സ്ഥാനാർഥികൾക്ക് പല ഗ്രാമങ്ങളിലും സമരക്കാർ വിലക്കേർപ്പെടുത്തിയതോടെയാണ് പാർട്ടി വെട്ടിലായത്. പഞ്ചാബിലെ മാൽവ, മജ്ഹ ബെൽറ്റുകളിലെ ഗ്രാമങ്ങളിലാണ് കർഷകർ ബി.ജെ.പി സ്ഥാനാർഥിയെയും സംഘത്തെയും കരിങ്കൊടി കാണിച്ച് വഴിയിൽ തടഞ്ഞത്. ഇതോടെ, ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് സുനിൽ ഝാക്കർ തെരഞ്ഞെടുപ്പ് കമീഷനെ സമീപിച്ച് പരാതി നൽകി. കർഷകർക്കു പിന്നിൽ ആം ആദ്മി പാർട്ടിയും മുഖ്യമന്ത്രി ഭഗവത് മാനുമാണെന്നാണ് ഝാക്കറുടെ ആരോപണം. എന്നാൽ, ഇതേ വിഷയത്തിൽ കർഷക സംഘടനകളും കമീഷനെ പരാതിയുമായി സമീപിച്ചിട്ടുണ്ട്. വ്യാഴാഴ്ച സമര നേതാവ് ബൽബീർ സിങ്ങിന്റെ നേതൃത്വത്തിലുള്ള പ്രതിനിധിസംഘം സംസ്ഥാന മുഖ്യ തെരഞ്ഞെടുപ്പ് കമീഷണറെ കണ്ടിരുന്നു. ഗ്രാമങ്ങളിലെത്തുന്ന സ്ഥാനാർഥികളോടും നേതാക്കളോടും കർഷകർ ചില ചോദ്യങ്ങൾ ഉന്നയിക്കുമ്പോൾ അവർ പൊലീസിനെയും മറ്റും ഉപയോഗിച്ച് തങ്ങളെ ആക്രമിക്കുകയാണെന്നാണ് അവരുടെ പരാതി.
ഹരിയാനയിൽ ചുരുങ്ങിയത് നാല് സ്ഥാനാർഥികൾക്കു നേരെയെങ്കിലും കർഷകർ കരിങ്കൊടി പ്രതിഷേധം സംഘടിപ്പിച്ചു. സോണിപ്പറ്റിൽ ലാൽ ബദോലിക്ക് പ്രതിഷേധം കാരണം ചില ഗ്രാമങ്ങളിൽ പ്രവേശിക്കാനായില്ല. സിർസയിൽ മത്സരിക്കുന്ന അശോക് തൻവാർ, ഹിസാറിലെ ബി.ജെ.പി സ്ഥാനാർഥി രൻജിത്, രോഹ്തക്കിൽ ജനവിധി തേടുന്ന അരവിന്ദ് ശർമ എന്നിവരും കർഷകരോഷത്തിന്റെ ചൂടറിഞ്ഞു. കർണാലിൽ ജനവിധി തേടുന്ന മുൻ മുഖ്യമന്ത്രി മനോഹർ ലാൽ ഖട്ടാറിനുനേരെ പലകുറി പ്രതിഷേധമുണ്ടായി. ഈ പ്രതിഷേധം ബി.ജെ.പിക്ക് ഗുണം ചെയ്യുമെന്നാണ് ഖട്ടാർ പ്രസ്താവിച്ചതെങ്കിലും സംസ്ഥാനത്തെ നിലവിലെ രാഷ്ട്രീയ വർത്തമാനം മറ്റൊരു ചിത്രമാണ് നൽകുന്നതെന്ന് വിലയിരുത്തപ്പെടുന്നു. കഴിഞ്ഞയാഴ്ച, മൂന്ന് സ്വതന്ത്ര എം.എൽ.എമാർ കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച് ഭരണപ്രതിസന്ധി സൃഷ്ടിച്ചതുപോലും കർഷക പ്രക്ഷോഭത്തിന്റെ കൂടി പശ്ചാത്തലത്തിലാണെന്ന് വിലയിരുത്തപ്പെടുന്നു.
മാർച്ച് മുതൽ തന്നെ പഞ്ചാബിൽ ബി.ജെ.പിയെ ബഹിഷ്കരിക്കാൻ ആവശ്യപ്പെട്ടുള്ള പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. അമൃതസർ ബി.ജെ.പി സ്ഥാനാർഥി തരൻജിത് സിങ് സന്ധുവിനുനേരെയാണ് ആദ്യം പ്രതിഷേധമുണ്ടായത്. ഫരീദ്കോട്ടിൽ മത്സരിക്കുന്ന സൂഫി ഗായകൻ ഹാൻസ് രാജ് ഹാൻസും പ്രതിഷേധത്തിന്റെ ചൂടറിഞ്ഞു. 2019ൽ, ലുധിയാനയിൽനിന്ന് കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുകയും ഇപ്പോൾ ബി.ജെ.പി സ്ഥാനാർഥിയായി മത്സരിക്കുകയും ചെയ്യുന്ന രവ്നീത് സിങ് ബിട്ടുവിനെയും സമരക്കാർ ഗ്രാമങ്ങളിലേക്ക് പ്രവേശിപ്പിച്ചില്ല. സംസ്ഥാന ജനസംഖ്യയുടെ 67 ശതമാനവും ഗ്രാമങ്ങളിലാണ് ജീവിക്കുന്നത്. ഈ മേഖലകളിൽ പ്രചാരണം സജീവമാക്കാൻ കഴിയാത്തത് ബി.ജെ.പിയെ സമ്മർദത്തിലാക്കിയിട്ടുണ്ട്. നിലവിൽ, ആദം ആദ്മി തരംഗം ആഞ്ഞടിക്കുന്ന ഈ രണ്ട് സംസ്ഥാനങ്ങളിൽ കർഷക പ്രക്ഷോഭത്തിന്റെ അലയൊലികൾകൂടിയാകുമ്പോൾ അത് ബി.ജെ.പിക്ക് കൂടുതൽ ക്ഷീണമാകുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
2019ൽ, ഹരിയാനയിലെ പത്തു സീറ്റിൽ പത്തും ബി.ജെ.പിയാണ് നേടിയാണ്. പഞ്ചാബിൽ 13ൽ, രണ്ടെണ്ണമാണ് ബി.ജെ.പി നേടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.