ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം നടപ്പാക്കൽ ഉൾപ്പെടെ 12 ആവശ്യങ്ങളുമായി കർഷകരുടെ സമരം നാലാം ദിവസത്തിൽ. സമരം കടുപ്പിക്കാൻ കൂടുതൽ ജനങ്ങേളാട് ഹരിയാന അതിർത്തിയിലേക്കെത്താൻ കർഷക നേതാക്കൾ ആവശ്യപ്പെട്ടു. അതിർത്തി കടക്കാൻ ഹരിയാന പൊലീസ് അനുവദിക്കാതിരുന്നതോടെയാണ് ഓരോ ഗ്രാമങ്ങളിൽനിന്നും 100 പേരെ കർഷകർ നിലവിൽ തമ്പടിച്ച ശംഭു, കനൗരി പ്രദേശങ്ങളിലേക്കെത്താൻ നേതാക്കൾ അഭ്യർഥിച്ചത്. സമരം അവസാനിപ്പിക്കാനുള്ള സർക്കാറിന്റെ അനുനയ നീക്കവും സജീവമാണ്.
വ്യാഴാഴ്ച സമരം സമാധാനപരമായിരുന്നു. കേന്ദ്രസർക്കാർ വൈകീട്ട് ചർച്ചക്ക് വിളിച്ച സാഹചര്യത്തിൽ പഞ്ചാബിൽനിന്നുള്ള കർഷകർ ഹരിയാന പൊലീസുമായി ഏറ്റുമുട്ടിയില്ല. കേന്ദ്ര മന്ത്രിമാരായ അർജുൻ മുണ്ട, പീയൂഷ് ഗോയൽ, നിത്യാനന്ദ് റായ് എന്നിവരാണ് സമരക്കാരുമായി ചർച്ച നടത്തിയത്. സെക്ടർ 26ലെ മഹാത്മാഗാന്ധി സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പബ്ലിക് അഡ്മിനിസ്ട്രേഷനിൽ നടന്ന ചർച്ചയിൽ പഞ്ചാബ് മുഖ്യമന്ത്രി ഭഗ്വന്ത് മാനും പങ്കെടുത്തു. ഇരുപക്ഷവും തമ്മിൽ നടക്കുന്ന മൂന്നാം റൗണ്ട് ചർച്ചയാണ് ഇത്.
പൊലീസ് കണ്ണീർവാതക ഷെല്ലുകൾ ഉപയോഗിക്കുകയാണെങ്കിൽ മാത്രം ബാരിക്കേഡുകൾ തകർത്ത് മുന്നോട്ട് പോയാൽ മതിയെന്ന് നേതാക്കൾ കർഷകരെ അറിയിച്ചു. ചർച്ച വിജയിച്ചില്ലെങ്കിൽ എല്ലാ തടസ്സവും മറികടന്ന് ദില്ലി ചലോ മാർച്ച് തുടരുമെന്നും നേതാക്കൾ വ്യക്തമാക്കി.
സമരത്തിന്റെ ഭാഗമായി പഞ്ചാബിൽ കർഷകർ നാല് മണിക്കൂർ ട്രെയിൻ തടഞ്ഞിട്ടു. വ്യാഴാഴ്ച ഉച്ചക്ക് 12 മണി മുതൽ നാല് മണിവരെ ആയിരുന്നു ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം ട്രെയിൻ തടയൽ സമരം നടത്തിയത്.
ഏതാനും സ്റ്റേഷനുകളുടെ പ്രവർത്തനവും തടസ്സപ്പെടുത്തി. സമരത്തെ തുടർന്ന് ഏതാനും ട്രെയിനുകൾ റദ്ദാക്കുകയും പാതിവഴിയിൽ അവസാനിപ്പിക്കുകയുംചെയ്തു. പഞ്ചാബിലെ പട്യാല, സംഗ്രൂർ, ഫത്തേഗഢ് സാഹിബ് ജില്ലകളിലെ പലയിടത്തും വെള്ളിയാഴ്ച വരെ ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കി. ഹരിയാനയിലെ അംബാല, കുരുക്ഷേത്ര, ജിൻഡ്, ഹിസാർ, ഫത്തേബാദ്, സിർസ ജില്ലകളിൽ മൊബൈൽ ഇന്റർെനറ്റ്, കൂട്ട എസ്.എം.എസ് സേവനങ്ങൾ നേരത്തേ റദ്ദാക്കിയിരുന്നു. ഹരിയാന പൊലീസ് അതിർത്തി കടന്ന് ഷെല്ലാക്രമണം നടത്തിയതിനെതിരെ പഞ്ചാബ് സർക്കാർ രംഗത്തുവന്നത് ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.