ന്യൂഡൽഹി: വിവാദ കാർഷിക നിയമങ്ങൾക്കെതിരെ ഡൽഹി അതിർത്തികളിൽ സമരം ചെയ്യുന്ന കർഷകരെ സന്ദർശിക്കാൻ പോയ പ്രതിപക്ഷ എം.പിമാരെ പൊലീസ് തടഞ്ഞു. വ്യാഴാഴ്ച ഗാസിപ്പൂർ അതിർത്തിയിലേക്ക് പോയ പത്ത് പ്രതിപക്ഷ പാർട്ടികളിലെ എം.പിമാരെയാണ് മൂന്ന് കിലോമീറ്റർ അകലെ ഡൽഹി പൊലീസ് തടഞ്ഞത്.
ക്രമസമാധാന പ്രശ്നം ചൂണ്ടിക്കാട്ടിയാണ് നടപടി. അതേസമയം, കർഷകരെ നേരിടാൻ ഒരുക്കിയ യുദ്ധ സന്നാഹങ്ങള്‍ കണ്ടു ഞെട്ടിപ്പോയെന്ന് എം.പിമാർ പറഞ്ഞു. കൂറ്റന്‍ ബാരിക്കേഡുകള്‍ക്കും മുള്ളുവേലികള്‍ക്കും അകത്തായി കർഷകരെ മോദിസർക്കാർ ഒതുക്കി നിര്‍ത്തിയിരിക്കുകയാണെന്ന് സംഘത്തിലുണ്ടായിരുന്ന ശിരോമണി അകാലിദള്‍ നേതാവ് ഹര്‍സിമ്രത് കൗര്‍ ബാദല്‍ ട്വീറ്റ് ചെയ്തു.
മൂന്നു കിലോമീറ്റർ ദൂരത്തിൽ 13 ലെവല്‍ ബാരിക്കേഡുകള്‍ ഉണ്ട്. ഇത്തരത്തില്‍ പാകിസ്താന് അതിര്‍ത്തിയില്‍പോലും ഉണ്ടാകില്ലെന്നും അവർ വ്യക്തമാക്കി. എന്‍.കെ. പ്രേമചന്ദ്രന്, എ.എം. ആരിഫ്, പ്രഫ. സൗഗത റോയ്, കനിമൊഴി, സുപ്രിയ സുലേ, തോല് തിരുമാവളന്, തിരുച്ചി ശിവ, സു. വെങ്കിടേശന് തുടങ്ങിയവരാണ് സംഘത്തിലുണ്ടായിരുന്ന മറ്റു എം.പിമാർ. എം.പിമാര്‍ക്ക് നേരെ പൊലീസ് ധിക്കാരപരമായാണ് പെരുമാറിയതെന്നും വിഷയം പാര്‍ലമെൻറിൽ ഉന്നയിക്കുമെന്നും എ.എം. ആരിഫ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.