ന്യൂഡൽഹി: പുതിയ കാർഷിക നിയമം പിൻവലിക്കണമെന്നാവശ്യപ്പെട്ട് നടക്കുന്ന സമരം രൂക്ഷമാകുന്ന സാഹചര്യത്തിൽ കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമറും സോം പ്രകാശും ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ട് ചർച്ച നടത്തി.
കർഷക സമരം ഞായറാഴ്ച 18ാം ദിവസത്തിലേക്ക് കടന്ന വേളയിലാണ് മന്ത്രിമാരുമായി അമിത് ഷാ സ്വവസതിയിൽ ചർച്ച നടത്തിയത്. ആയിരക്കണക്കിന് ട്രാക്ടറുകളുമായി ജയ്പൂർ-ഡൽഹി ഹൈവേ കർഷകർ ഉപരോധിച്ചിരുന്നു. രാജസ്ഥാനിൽ നിന്നുള്ള കർഷകർ ഡൽഹിയെ ലക്ഷ്യമാക്കി നടത്തിയ മാർച്ച് സർവസന്നാഹവുമൊരുക്കിയാണ് പൊലീസ് തടയാൻ ശ്രമിച്ചത്. രാജസ്ഥാൻ-ഹരിയാന അതിർത്തി മേഖല പൂർണമായും ബാരിക്കേഡുകൾ നിരത്തി അടക്കുകയായിരുന്നു. പൊലീസിനൊപ്പം സൈന്യത്തെയും വിന്യസിച്ചിട്ടുണ്ട്.
നൂറുകണക്കിന് കർഷകരാണ് ട്രാക്ടർ റാലിയിൽ അണിനിരന്നത്. റോഡ് ഉപരോധിച്ച കർഷകർ പിൻമാറിയതോടെ മൂന്ന് മണിക്കൂറുകൾക്ക് ശേഷം ഡൽഹി-നോയിഡ അതിർത്തിയിലെ ഛില്ലയിൽ ഗതാഗതം പഴയപടിയായി. ഞായറാഴ്ച രാവിലെ രാജസ്ഥാനിലെ ഷാജഹാൻപൂരിൽ നിന്ന് തുടങ്ങിയ മാർച്ചിൽ ആയിരത്തോളം ആളുകൾ അണിനിരന്നു. സ്വരാജ് ഇന്ത്യ തലവൻ യോഗേന്ദ്ര യാദവാണ് മാർച്ച് നയിച്ചത്.
പഞ്ചാബിൽ നിന്നും 1500 ട്രാക്ടറുകളിലായി കർഷകർ ഡൽഹിക്ക് പുറപ്പെട്ടിട്ടുണ്ട്. അതേ സമയം കാർഷിക നിയമങ്ങളെ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം വീണ്ടും ന്യായീകരിച്ചിരുന്നു. പരിഷ്കാര നടപടികളിലൂടെ വരുന്ന നിക്ഷേപങ്ങളുടെ മെച്ചം കർഷകർക്കായിരിക്കുമെന്നായിരുന്നു പ്രധാനമന്ത്രിയുടെ പ്രസ്താവന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.