ന്യൂഡൽഹി: കർഷക സമരത്തിന് പിന്തുണയറിയിച്ച് ഉത്തരേന്ത്യയിലെ ട്രക്കുകളും പണിമുടക്കുന്നു. ഒരു കോടി ട്രക്ക് ഉടമകൾ അംഗങ്ങളായുള്ള ആൾ ഇന്ത്യ മോട്ടോർ ട്രാൻസ്പോർട്ട് കോൺഗ്രസാണ് പണിമുടക്ക് പ്രഖ്യാപിച്ചത്. ഡിസംബർ എട്ട് മുതൽ സർവീസ് നിർത്തിവെക്കുമെന്നാണ് ഇവരുടെ അറിയിപ്പ്. കർഷക സമരത്തോടൊപ്പം ട്രക്കുകളും കൂടി സർവിസ് നിർത്തിയാൽ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കും.
കർഷകരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ലെങ്കിൽ ഒരൊറ്റ ചരക്കുലോറിയും ഓടില്ല. ഉത്തരേന്ത്യയിലെ മുഴുവൻ സർവിസുകളും നിർത്തിവെക്കുമെന്ന് എ.ഐ.എം.ടി.സി പ്രസിഡൻറ് കുൽതാരൻ സിങ് അത്വാൽ പറഞ്ഞു. ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, പഞ്ചാബ്, ഹിമാചൽപ്രദേശ്, ജമ്മുകശ്മീർ എന്നിവിടങ്ങളിലെ ട്രക്ക് സർവിസാണ് നിലക്കുക.
കർഷകർ അവരുടെ നിയമപരമായ അവകാശങ്ങൾക്കായാണ് സമരം ചെയ്യുന്നത്. അതുകൊണ്ട് അവർക്ക് പിന്തുണ കൊടുക്കേണ്ട സമയമാണ്. ഉത്തരേന്ത്യയിലെ പല സംസ്ഥാനങ്ങളിലും വിളവെടുപ്പ് കാലമാണ്. കേന്ദ്രസർക്കാർ കർഷകരുടെ പ്രശ്നങ്ങൾ പരിഹരിച്ചില്ലെങ്കിൽ അത് ഉത്തരേന്ത്യയെ ഗുരുതരമായി ബാധിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നൽകി.
കേന്ദ്രസർക്കാർ പാസാക്കിയ മൂന്ന് കാർഷിക നിയമങ്ങൾക്കെതിരെയാണ് കർഷകരുടെ സമരം ശക്തമാവുന്നത്. ഡൽഹിയുടെ വിവിധ അതിർത്തികളിൽ കർഷകർ തമ്പടിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.