ന്യൂഡൽഹി: വിളകൾക്ക് മിനിമം താങ്ങുവില ഉറപ്പാക്കാൻ നിയമം കൊണ്ടുവരുന്നതുൾപ്പെടെയുള്ള ആവശ്യങ്ങളുമായി ആരംഭിച്ച കർഷകരുടെ ദില്ലി ചലോ മാർച്ച് നാലാം ദിവസം പിന്നിട്ടു. വ്യാഴാഴ്ച കേന്ദ്ര സർക്കാർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെ കർഷകർ വീണ്ടും സമരം സജീവമാക്കി. പഞ്ചാബ്-ഹരിയാന അതിർത്തിയിൽ വെള്ളിയാഴ്ച കർഷകരും പൊലീസും ഏറ്റുമുട്ടി. കർഷക നേതാക്കളുടെ സമൂഹ മാധ്യമ അക്കൗണ്ടുകൾ മരവിപ്പിച്ചതായി ആരോപണം ഉയർന്നിട്ടുണ്ട്.
പഞ്ചാബ് മുൻ മുഖ്യമന്ത്രിയും ബി.ജെ.പി നേതാവുമായ അമരീന്ദർ സിങ്, ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ സുനിൽ ജാഖർ എന്നിവരുടെ വീടുകൾ ശനി, ഞായർ ദിവസങ്ങളിൽ ഉപരോധിക്കുമെന്ന് ഭാരതീയ കിസാൻ യൂനിയൻ ഉഗ്രഹൻ വിഭാഗം പ്രഖ്യാപിച്ചു.
സമരം ഒഴിവാക്കാനുള്ള കേന്ദ്രനീക്കം അടുത്ത ദിവസങ്ങളിലും തുടരും. ഞായറാഴ്ച വൈകീട്ട് ഛണ്ഡിഗഡിൽവെച്ച് നാലാംഘട്ട ചർച്ച നടത്തുമെന്ന് കേന്ദ്രവും കർഷക സംഘടനകളും അറിയിച്ചു. വ്യാഴാഴ്ച നടന്ന മൂന്നാംഘട്ട ചർച്ച തീരുമാനത്തിലെത്തിയില്ലെങ്കിലും ഫലപ്രദമായിരുന്നുവെന്ന് കേന്ദ്ര കൃഷിമന്ത്രി അർജുൻ മുണ്ട പറഞ്ഞു. താങ്ങുവില വർധിപ്പിക്കൽ, സ്വാമിനാഥൻ റിപ്പോർട്ട്, കടം എഴുതിത്തള്ളൽ എന്നിവയിന്മേൽ നടന്ന ചർച്ചകൾ ഫലപ്രദമായിരുന്നു എന്നാണ് കർഷക സംഘടന നേതാക്കളുടെ പ്രതികരണം.
ഹരിയാനയിൽ ഇന്റർനെറ്റ് പുനഃസ്ഥാപിക്കുമെന്നും താൽക്കാലികമായി നിർത്തിവെച്ചിരിക്കുന്ന സോഷ്യൽ മീഡിയ പേജുകൾ പുനഃസ്ഥാപിക്കുമെന്നും കേന്ദ്ര മന്ത്രിമാർ കർഷകർക്ക് ഉറപ്പ് നൽകി. കർഷകർ ഉന്നയിച്ച എല്ലാ ആവശ്യങ്ങളും അനുകൂലമാകുന്ന തലത്തിലാണ് ചർച്ച മുന്നോട്ടുപോയതെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് സിങ് മാനും വ്യക്തമാക്കി.
അതിനിടെ, ദില്ലി ചലോ സമരത്തിൽ പങ്കെടുത്ത കർഷകൻ ശംബു അതിർത്തിയിൽ മരണപ്പെട്ടു. വെള്ളിയാഴ്ച പുലർച്ച ഗുരുദാസ്പുർ സ്വദേശി, 65കാരനായ ഗ്യാൻ സിങ്ങാണ് മരിച്ചത്. ശംബു അതിർത്തിയിൽ ഹരിയാന പൊലീസിന്റെ പെല്ലറ്റ് ഉപയോഗത്തിൽ കണ്ണിന് പരിക്കേറ്റ മൂന്ന് കർഷകർക്ക് കാഴ്ച നഷ്ടമായതായി പഞ്ചാബ് സർക്കാർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.