കങ്കണ മാപ്പ് പറയണം; വിവാദ പരാമർശത്തിനെതിരെ കർഷക സംഘടനകൾ; 31ന് രാജ്യവ്യാപക പ്രതിഷേധം

ന്യൂഡൽഹി: കർഷക സമരത്തെ അധിക്ഷേപിക്കുന്ന പരാമർശം നടത്തിയ ബി.ജെ.പി എം.പി കങ്കണ റണാവത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. കങ്കണ മാപ്പ് പറയണമെന്ന് വിവിധ കർഷക സംഘടനകൾ ആവശ്യപ്പെട്ടു. കങ്കണയുടെ പരാമർശം അധിക്ഷേപകരവും വസ്തുതകൾക്ക് നിരക്കാത്തതുമാണെന്നും കർഷകർ കുറ്റപ്പെടുത്തി. ഈമാസം 31ന് രാജ്യവ്യാപക പ്രതിഷേധ സമരം സംഘടിപ്പിക്കാനും കർഷകർ തീരുമാനിച്ചു.

സർക്കാർ ശക്തമായ നടപടി സ്വീകരിച്ചില്ലായിരുന്നെങ്കിൽ കർഷകരുടെ പ്രതിഷേധം ഇന്ത്യയെ ബംഗ്ലാദേശിലെ പോലെ പ്രതിസന്ധിയിലേക്ക് നയിക്കുമായിരുന്നെന്ന കങ്കണയുടെ പ്രസ്താവനയാണ് വിവാദത്തിലായത്. പ്രതിഷേധം ശക്തമായതോടെ ബി.ജെ.പിക്കുപോലും അവരെ തള്ളിപ്പറയേണ്ടിവന്നു. ഇത്തരം വിഷയങ്ങളിൽ സംസാരിക്കാൻ കങ്കണയെ അധികാരപ്പെടുത്തിയിട്ടില്ലെന്ന് ബി.ജെ.പി വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രസ്താവനകൾ സാമൂഹിക ഘടനയെ തകർക്കുമെന്നും

താഴെത്തട്ടിൽ പ്രവർത്തിക്കുന്ന, സാമൂഹികമായി സജീവമായവരുടെ പ്രതിച്ഛായ നശിപ്പിക്കുമെന്നും ബി.കെ.യു (ഷഹീദ് ഭഗത് സിങ്) പ്രസിഡന്‍റ് അമർജീത് സിങ് മൊഹ്റി പറഞ്ഞു.

അനുചിതവും തെറ്റായതുമായ പ്രസ്താവന നടത്തിയ ബി.ജെ.പി എം.പി കങ്കണ റണാവത്ത് കർഷകരോട് നിരുപാധികം മാപ്പ് പറയണമെന്ന് സംയുക്ത കിസാൻ മോർച്ച ആവശ്യപ്പെട്ടു. ഇന്ത്യയിലെ കർഷക പ്രസ്ഥാനത്തെ ദേശവിരുദ്ധമെന്ന് വിളിക്കുന്നതിന് മുമ്പ് അതിന്‍റെ ചരിത്രവും കർഷക സമരങ്ങളുടെ രാഷ്ട്രീയവും പഠിക്കണമെന്നും കങ്കണയെ ഉപദേശിച്ചു. വിവാദ പരാമർശങ്ങളിലൂടെ പേരെടുക്കാനാണ് കങ്കണയുടെ ശ്രമമമെന്ന് കർഷക നേതാവ് ഗുരംനീത് മങ്ങാട്ട് കുറ്റപ്പെടുത്തി. വിദേശ ശക്തികൾ കർഷകരുടെ പ്രതിഷേധത്തിന് ആക്കംകൂട്ടിയെന്നും കർഷക പ്രക്ഷോഭത്തിനിടെ ബലാത്സംഗങ്ങൾ നടന്നതായും കങ്കണ ആരോപിച്ചിരുന്നു.

കങ്കണ നടത്തിയ പ്രസ്താവന പാർട്ടിയുടെ അഭിപ്രായമല്ലെന്നായിരുന്നു ബി.ജെ.പി നിലപാട്. പ്രസ്താവനയോട് ബി.ജെ.പിക്ക് വിയോജിപ്പുണ്ട്. പാർട്ടിയെ പ്രതിനിധീകരിച്ച് വിഷയത്തിൽ പ്രസ്താവന നടത്താൻ കങ്കണക്ക് അനുമതിയോ അധികാരമോ ഇല്ല. ഭാവിയിൽ ഇത്തരം പ്രസ്താവനകൾ നടത്തരുതെന്ന് അവർക്ക് നിർദേശം നൽകിയതായും ബി.ജെ.പി പ്രസ്താവനയിൽ വ്യക്തമാക്കിയിരുന്നു.

Tags:    
News Summary - Farmers' Unions Demand Apology From Kangana Ranaut Over 'Derogatory' Remarks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.