ന്യൂഡൽഹി: 'ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ചില കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ ഞങ്ങൾ പരാജയപ്പെട്ടു' - വെള്ളിയാഴ്ച രാജ്യത്തെ അഭിസംബോധനം ചെയ്ത പ്രധാനമന്ത്രി നന്ദ്രേ മോദി പറഞ്ഞ വാക്കുകളാണിത്. 2014ൽ പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം മോദി നേരിട്ട ഏറ്റവും വലിയ നയപരമായ തിരിച്ചടിയാണ് കർഷക സമരവും കാർഷിക നിയമങ്ങൾ പിൻവലിക്കലുമെന്ന് രാഷ്ട്രീയ വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
നാളുകളായി തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന കർഷകരുടെ നിശ്ചയദാർഢ്യത്തിന് മുന്നിൽ മോദിക്ക് അടിയറവ് പറയേണ്ടി വരികയാണ്. പുതിയ കാർഷിക നിയമങ്ങൾ ഒരു വിഭാഗം കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടതിന് ക്ഷമാപണം നടത്തിയ അദ്ദേഹം, ഈ മാസം അവസാനത്തോടെ പാർലമെന്‍റ് നിയമനിർമാണം റദ്ദാക്കുമെന്നും അറിയിച്ചു.
രാജ്യത്തെ കർഷകരെ, പ്രത്യേകിച്ച് ചെറുകിട കർഷകരെ ശക്തിപ്പെടുത്തുകയാണ് പുതിയ നിയമങ്ങളുടെ ലക്ഷ്യമെന്നാണ് അദ്ദേഹം പറഞ്ഞത്. പക്ഷെ, ഞങ്ങൾ എത്ര ശ്രമിച്ചിട്ടും ചില കർഷകരെ ബോധ്യപ്പെടുത്തുന്നതിൽ പരാജയപ്പെട്ടുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കർഷകർക്ക് സ്വാധീനമുള്ള ഉത്തർപ്രദേശിലെയും പഞ്ചാബിലെയും നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായിട്ടാണ് പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്നത്. ലക്ഷക്കണക്കിന് കർഷകരുടെ നീണ്ട പ്രതിഷേധങ്ങൾ രണ്ട് തെരഞ്ഞെടുപ്പുകളിലും ബി.ജെ.പിയുടെ വിജയ സാധ്യതകളെ ബാധിക്കുമായിരുന്നു. നിയമങ്ങൾ നടപ്പാക്കുന്നത് താൽക്കാലികമായി മാറ്റിവെക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നുവെങ്കിലും സമരത്തിൽ പങ്കെടുത്ത കർഷകർ വിട്ടുവീഴ്ചക്ക് തയാറായിരുന്നില്ല. നിയമങ്ങൾ പിൻവലിക്കാതെ സമരം നിർത്തില്ലെന്നായിരുന്നു അവരുടെ നിലപാട്.
തങ്ങളുടെ ഉപജീവനമാർഗം ഇല്ലാതാകുമെന്ന് വിലപിച്ച കർഷകരുടെ പ്രതിഷേധങ്ങളോട് സർക്കാർ തികഞ്ഞ നിസ്സംഗതയാണ് പുലർത്തിയിരുന്നത്. അവരുടെ ആവശ്യങ്ങൾ അംഗീകരിച്ചില്ല എന്ന് മാത്രമല്ല, പലപ്പോഴും സമരക്കാരെ അടിച്ചമർത്തുകയും ചെയ്തു. എന്നാൽ, ഏഴ് വർഷം മുമ്പ് മോദി അധികാരത്തിൽ വന്നതിന് ശേഷമുള്ള ഏറ്റവും ദൈർഘ്യമേറിയ പോരാട്ടം ഇന്ത്യൻ മണ്ണിൽ അരങ്ങേറിയതോടെ മോദിക്കും കേന്ദ്രത്തിനും മുട്ടുമടക്കേണ്ടി വന്നു.
'തീരുമാനം പിൻവലിക്കുന്ന പ്രവൃത്തി മോദിക്ക് പതിവില്ലാത്തതാണ്. കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് പിന്നിലെ കാരണം വ്യക്തമായും തെരഞ്ഞെടുപ്പ് മാത്രമാണ്' -ന്യൂഡൽഹി ആസ്ഥാനമായുള്ള രാഷ്ട്രീയ നിരീക്ഷകനും മോദിയുടെ ജീവചരിത്രകാരനുമായ നിലഞ്ജൻ മുഖോപാധ്യായ പറഞ്ഞു.
പ്രതിഷേധക്കാരിൽ ഭൂരിഭാഗവും പഞ്ചാബ്, ഉത്തർപ്രദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരാണ്. 2022ന്‍റെ ആദ്യ പകുതിയിലാകും ഇവിടെ തെരഞ്ഞെടുപ്പ് നടക്കുക. ഇന്ത്യയിലെ ഏകദേശം 1.4 ബില്യൺ ജനങ്ങളിൽ 60 ശതമാനം പേർ നേരിട്ടും അല്ലാതെയും കൃഷിയെ ആശ്രയിക്കുന്നവരാണ്. ഉത്തർപ്രദേശിലും പഞ്ചാബിലും വലിയ കർഷക സമൂഹങ്ങളുണ്ട്. സിഖ് മതത്തിന്‍റെ സ്ഥാപകന്‍റെ ജന്മദിനം ആഘോഷിക്കുന്ന ദിവസമാണ് മോദിയുടെ പ്രഖ്യാപനം വന്നതെന്നും ശ്രദ്ധേയമാണ്.
കാർഷികോൽപ്പന്നങ്ങൾ വിൽക്കാനുള്ള സ്വതന്ത്ര വിപണി വ്യവസ്ഥയിലേക്കുള്ള മാറ്റമായിരുന്നു പുതിയ കാർഷിക നിയമത്തിലെ പ്രധാന പ്രശ്നം. വിളകൾക്കുള്ള സംസ്ഥാന താങ്ങുവില സമ്പ്രദായം അവസാനിക്കുമെന്ന് കർഷകർ ഭയന്നു. മാത്രമല്ല, വിപണി വൻകിട കോർപ്പറേറ്റുകളുടെ നിയന്ത്രണത്തിൽ വരാനും ഇത് ഇടവരുത്തും.
മോദിയുടെ പുതിയ പ്രഖ്യാപനത്തോട് കർഷക നേതാക്കൾ ജാഗ്രതയോടെയാണ് പ്രതികരിച്ചത്. പാർലമെന്‍റിൽ നിയമങ്ങൾ റദ്ദാക്കുന്ന ദിവസം വരെ പ്രക്ഷോഭം തുടരുമെന്ന് സമരനേതാവ് രാകേഷ് ടികായത്ത് വ്യക്തമാക്കി.
'പ്രധാനമന്ത്രി നിയമങ്ങൾ അസാധുവാക്കൽ പ്രഖ്യാപിച്ചതുകൊണ്ട് ഞങ്ങളുടെ ടെന്‍റുകൾ എടുത്ത് പ്രതിഷേധത്തിൽ നിന്ന് പിന്മാറുമെന്ന് കരുതേണ്ട. 750 കർഷകർക്ക് ഈ സമരത്തിൽ ജീവൻ നഷ്ടപ്പെട്ടു. എല്ലാ പ്രശ്നങ്ങളും ചർച്ച ചെയ്യണം. പ്രതിഷേധിക്കുന്ന കർഷക യൂനിയനുകൾ യോഗം ചേർന്ന് അടുത്ത നീക്കം തീരുമാനിക്കും' -രാകേഷ് ടികായത്ത് പറഞ്ഞു.
ന്യൂഡൽഹി: കാർഷിക നിയമങ്ങൾ പിൻവലിക്കാൻ തീരുമാനിച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എതിർപ്പുയർന്ന മൂന്ന് നിയമങ്ങളും പിൻവലിക്കുന്നുവെന്ന് മോദി പറഞ്ഞു. രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുേമ്പാഴാണ് പ്രധാനമന്ത്രിയുടെ സുപ്രധാന പ്രഖ്യാപനം. പാർലമെന്‍റിൽ ഇക്കാര്യം അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമം ചിലർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സാഹചര്യത്തിലാണ് ഇത് പിൻവലിക്കാൻ തീരുമാനിച്ചത്. ഒരാൾ പോലും ബുദ്ധിമുട്ടാതിരിക്കാനാണ് സർക്കാറിന്‍റെ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു. ഗുരുനാനാക്ക് ജയന്തി ദിനത്തിലാണ് പ്രധാനമന്ത്രി നിർണായക പ്രഖ്യാപനം നടത്തിയത്.
മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കുന്നതിന്‍റെ പശ്ചാത്തലത്തിൽ കർഷകർ സമരം അവസാനിപ്പിക്കണമെന്ന് മോദി അഭ്യർഥിച്ചു. കർഷകരോട് ക്ഷമ ചോദിക്കുകയാണ്. കർഷകരുടെ ക്ഷേമം മുൻനിർത്തിയാണ് എല്ലാം ചെയ്തതെന്നും മോദി പറഞ്ഞു.
രാജ്യത്തെ അഭിസംബോധന ചെയ്ത് നടത്തിയ പ്രസംഗം കർഷകരുടെ പ്രശ്നങ്ങൾക്ക് ഊന്നൽ നൽകിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിച്ച് തുടങ്ങിയത്. കർഷകരുടെ പ്രയത്നം നേരിട്ട് കണ്ടിട്ടുള്ള ആളാണ് താനെന്ന് മോദി പറഞ്ഞു.
കർഷകരുടെ പ്രശ്നങ്ങൾ ഗൗരവമായി കണ്ട് പ്രവർത്തിക്കാൻ സാധിച്ചു. അധികാരത്തിലെത്തിയതിന് ശേഷം അവരുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിച്ചു. കർഷകർക്കായി നിരവധി പദ്ധതികൾ പ്രഖ്യാപിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
കർഷകർക്ക് ഒരു ലക്ഷം കോടി രൂപ വിളനാശത്തിന് അനുവദിച്ചു. പെൻഷൻ പദ്ധതിയുടെ ആനുകൂല്യം അവർക്ക് ലഭിക്കുന്നു. പ്രാദേശിക ചന്തകൾ ശാക്തീകരിച്ചുവെന്നും മോദി ചൂണ്ടിക്കാട്ടി. ബജറ്റ് വിഹിതം അഞ്ചിരട്ടി വർധിപ്പിച്ചു. കർഷകർക്ക് ഇപ്പോൾ മികച്ച താങ്ങുവില ലഭിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി അവകാശപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.